എനിക്ക് വേണ്ടി ഒരുക്കിയ പാട്ട്, എന്നെ മാറ്റി നിര്‍ത്തി ദാസേട്ടനെക്കൊണ്ട് പാടിച്ചു; പരീക്ഷണവും പാളിപ്പോയി
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഒരുമിച്ച ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ഇരുവരുടേയും ആരാധകര്‍ക്ക് ഒരുപോലെ ആഘോഷിക്കാനുള്ള വകുപ്പ് നല്‍കിയ സിനിമ. ബോളിവുഡ് താരം ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. 1998 ല്‍ പുറത്തിറങ്ങിയ സിനിമ എല്ലാ മേഖലയിലും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്.
ഇപ്പോഴിതാ ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് എംജി ശ്രീകുമാര്‍. ചിത്രത്തില്‍ താന്‍ പാടിയ സമയമിതപൂര്‍വ്വ സായാഹ്നം എന്ന പാട്ടിനെക്കുറിച്ചും താന്‍ പാടേണ്ടിയിരുന്ന പൊന്നേ പൊന്നമ്പിളി എന്ന പാട്ടിനേയും കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലെ ഓര്‍മ്മകള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഏകദേശം അഞ്ച് മണിക്കൂര്‍ കൊണ്ടാണ് സമയമിതപൂര്‍വ്വ സായാഹ്നം റെക്കോര്‍ഡ് ചെയ്യാന്‍ എടുത്തത്. എന്റെ അടപ്പിളകി പോയി. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ പാട്ടുകള്‍ക്ക് ഭാവം വേണം, ലയം വേണം, അടിച്ച് പാടേണ്ടിടത്ത് അടിച്ച് പാടണം. എല്ലാത്തിലും പൂര്‍ണത നോക്കുന്ന ആളാണ്. പെര്‍ഫെക്ഷന്‍ ടു ദ കോര്‍. ഓരോ വരിയായി എടുത്ത് വന്നപ്പോള്‍ കുറേനേരം വേണ്ടി വന്ന പാട്ടായിരുന്നു അത്.'' എന്നാണ് എംജി പറയുന്നത്.
ആ പാട്ടിലെ ദാസേട്ടന്റെ ഭാഗം എടുത്തത് അമേരിക്കയില്‍ വച്ചായിരുന്നു. ദാസേട്ടന്‍ അന്ന് ഇവിടെ ഇല്ലായിരുന്നു. അമേരിക്കയില്‍ നിന്നും പാടി അയിച്ചതായിരുന്നു. അദ്ദേഹം അമേരിക്കയില്‍ സെറ്റില്‍ ആകാന്‍ പോയതായിരുന്നു. അവിടെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തിരുന്നു. അവിടെ നിന്നും ധാരാളം പാട്ടുകള്‍ അങ്ങനെ റെക്കോര്‍ഡ് ചെയ്ത് അയച്ചു തന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
പൊന്നേ പൊമ്പളി എന്ന പാട്ടില്‍ മോഹന്‍ലാലിന് ഞാനും മമ്മൂക്കയ്ക്ക് ദാസേട്ടനും ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.പക്ഷെ ഫാസില്‍ സാറിന് ഒരു തോന്നലുണ്ടായി. മണിച്ചിത്രത്താഴില്‍ എംജി രാധാകൃഷ്ണനെ സംഗീത സംവിധായകന്‍ ആക്കിയത് എംജി ശ്രീകുമാറിനെക്കൊണ്ട് പാടിക്കാതിരിക്കാനാണ് എന്ന് അദ്ദേഹം പറഞ്ഞു എന്ന് നേരത്തെ ഒരു എപ്പിസോഡില്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ. അതിന്റെ കാരണം എനിക്ക് ഇന്നുവരെ മനസിലായിട്ടില്ലെന്നും എംജി പറയുന്നുണ്ട്.

അദ്ദേഹം നമുക്കൊരു ടെക്‌നിക് ഉപയോഗിക്കാം എന്ന് പറഞ്ഞു. മമ്മൂക്കയ്ക്ക് വേണ്ടി ദാസേട്ടന്‍ പാടുന്നു. മോഹന്‍ലാലിന് വേണ്ടിയുള്ള എന്റെ ഭാഗവും ദാസേട്ടന്‍ തന്നെ പാടുന്നു. എന്നിട്ട് അതല്‍പ്പം സ്പീഡ് കൂട്ടുന്നു. പക്ഷെ അതെത്ര നോക്കിയിട്ടും വലിയൊരു മാറ്റം ആര്‍ക്കും തോന്നിയിട്ടില്ല. ദാസേട്ടന്‍ തന്നെ പാടിയതായിട്ടാണ് ഇന്നും അറിയിപ്പെടുന്നത്. അതൊരു ടെക്‌നിക്കായിരുന്നു, ഒരു പരീക്ഷണം ആയിരുന്നു. എന്നെയൊന്ന് മാറ്റി നിര്‍ത്താന്‍.
എന്നെ ഉദ്ദേശിച്ചായിരുന്നു ഔസേപ്പച്ചന്‍ കമ്പോസ് ചെയ്തതും. പക്ഷെ പിന്നെ ഫാസില്‍ സാര്‍ പറഞ്ഞു മോഹന്‍ലാലിനും ദാസേട്ടന്‍ തന്നെ പാടട്ടെ അതിന്റെ സ്പീഡ് ഒന്ന് കൂട്ടിയാല്‍ മതിയെന്ന്. മമ്മൂക്കയുടേത് സ്പീഡ് കുറച്ചും മാറ്റം ഫീല്‍ ചെയ്യിപ്പിക്കാമെന്ന് പറഞ്ഞു. എവിടെ? ആര്‍ക്കും ഒരു മാറ്റവും ഫീല്‍ ചെയ്തില്ലെന്നും എംജി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications