'എംജി ശ്രീകുമാറും ഭാര്യയും കുഞ്ഞിനെ ഒളിച്ചു വച്ചു, ഫോട്ടോയില്‍ ചൈനീസ് കുട്ടി'; വ്യാജവാര്‍ത്തയെപ്പറ്റി ലേഖ
മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ പേരാണ് എംജി ശ്രീകുമാര്‍. മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം ആ ശബ്ദം കൂട്ടിരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഗായനാകനായി മാത്രമല്ല, അവതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. ന്യുജെന്‍ കാലത്തും സ്‌റ്റേജ് ഷോകളിലും അദ്ദേഹം സജീവമായിട്ടുണ്ട്.
എംജിയെ അറിയുന്നവര്‍ക്കെല്ലാം ഭാര്യ ലേഖ ശ്രീകുമാറിനേയും അറിയാം. എംജിയോടൊപ്പം എല്ലായിടത്തും ലേഖയുമെത്താറുണ്ട്. സമൂഹത്തിന്റെ നടപ്പുരീതികളെ വെല്ലുവിളിച്ച് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ് എംജിയും ലേഖയും. അതുകൊണ്ട് തന്നെ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഇരുവര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവരുടെ പ്രണയം അതിനെയെല്ലാം അതിജീവിച്ചു.

വ്യാജ വാര്‍ത്തകളേയും ഇരുവര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തെറ്റായ വാര്‍ത്തയെക്കുറിച്ച് സംസാരിക്കുകയാണ് ലേഖ ശ്രീകുമാര്‍. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലേഖ മനസ് തുറന്നത്. താനും എംജിയും തങ്ങളുടെ കുഞ്ഞിനെ അമേരിക്കയില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് എന്ന വാര്‍ത്തയെക്കുറിച്ചാണ് ലേഖ സംസാരിക്കുന്നത്.
''ഒരു ചൈനീസ് കുട്ടിയുടെ ഫോട്ടോ വച്ച്, ഇത് എംജി ശ്രീകുമാറിന്റേയും ലേഖയുടേയും കുട്ടിയാണ്, കുട്ടിയെ അവര്‍ അമേരിക്കയില്‍ ഒളിച്ച് വച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. അങ്ങനെയാണ് മാസികകളില്‍ വന്നത്. ചൈനീസ് കുട്ടിയായിരുന്നു. ചൈനീസ് മോശമാണെന്നല്ല. എടുക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കൊരു ഇന്ത്യന്‍ കുട്ടിയെ തന്നെ എടുക്കാമായിരുന്നില്ലേ. ശ്രീക്കുട്ടന്‍ അതിനെതിരെ പ്രതികരിച്ച് എഴുതിയിരുന്നു. പുള്ളി വളരെ തമാശയായിട്ടാണ് അതെടുത്തത്.'' എന്നാണ് ലേഖ പറയുന്നത്.
ഞങ്ങള്‍ അത് കണ്ട് ഒരുപാട് ചിരിച്ചു. ഞങ്ങള്‍ രണ്ടു പേരുടേയും ഇടയില്‍ ആ കുട്ടിയെ എഡിറ്റ് ചെയ്ത് കേറ്റി. അത്രയും പണിയെടുത്താണ് അവര്‍ അത് ചെയ്തതെന്നും ലേഖ പറയുന്നുണ്ട്. അതേസമയം ഇത്തരം പ്രചരണങ്ങള്‍ തങ്ങളെ ബാധിക്കാറില്ലെന്നാണ് ലേഖ പറയുന്നത്. ഇനിയും കല്ലെറിയൂ, ഞങ്ങളുടെ ശരീരത്തില്‍ ഏല്‍ക്കില്ല. എനിക്കും ശ്രീക്കുട്ടനും എല്‍ക്കില്ല. ആ കല്ല് മറുവശത്തു കൂടെയങ്ങ് പോകുമെന്ന് മാത്രം. നമുക്കൊന്നും സംഭവിക്കില്ലെന്നാണ് അത്തരം പ്രചരണങ്ങളോട് ലേഖ പറയുന്നത്.
നമ്മള്‍ ഹാപ്പിയാണ്. എഴുതുന്ന ആളുകളാണ് സന്തോഷമില്ലാതിരിക്കുന്നത്. നിങ്ങളുടെ മനസിലെ സന്തോഷമില്ലായ്മയും കുടുംബത്തിലും മറ്റും പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് അവര്‍ ഇങ്ങനെ എഴുതുന്നത്. അല്ലാതെ നമുക്ക് എന്ത് ഏല്‍ക്കാനാണ്? എന്നും അവര്‍ ചോദിക്കുന്നുണ്ട്. അതേസമയം എന്തിനാണ് എപ്പോഴും ഭര്‍ത്താവിന്റെ കൂടെ തന്നെ നടക്കുന്നത് എന്ന് ചോദിക്കുന്നവര്‍ക്കും ലേഖ മറുപടി നല്‍കുന്നുണ്ട്.

ഞാന്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ നടക്കാതെ വേറൊരാളുടെ ഭര്‍ത്താവിന്റെ കൂടെ നടക്കണോ? ഞാന്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ നടന്നോട്ടെ. അതിനല്ലേ ഇത്രയും കാലം കഷ്ടപ്പെട്ട് ഞങ്ങള്‍ കല്യാണം കഴിച്ചത് എന്നാണ് ലേഖ ചോദിക്കുന്നത്. ''ഇതെന്ത് വിഡ്ഢിത്തരമാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഇഷ്ടമാണ്. എവിടെപ്പോയാലും എനിക്കും ഭാര്യയ്ക്കും ടിക്കറ്റ് വേണം എന്ന് പറയും. ചില സമയത്ത് ഞാന്‍ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞാലും പറ്റില്ല ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് പറയും. വരില്ല എന്ന് പോലും എനിക്ക് പറയാന്‍ പറ്റില്ല.'' എന്നും ലേഖ പറയുന്നു.
1988 ലാണ് ലേഖയും എംജി ശ്രീകുമാറും കണ്ടുമുട്ടുന്നത്. ഇരുവരും ഏറെനാളത്തെ പ്രണയത്തിനും ലിവംഗ് ടുഗദറിനും ശേഷം 2000 ല്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം കഴിക്കുന്നത്. 14 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. ശ്രീകുമാറുമായി പ്രണയത്തിലാകും മുമ്പ് ലേഖ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് മകള്‍.


Click it and Unblock the Notifications