മക്കളെ നോക്കാന്‍ കല്ല് ചുമക്കാനും മുളക് പറിക്കാനും പോയി; ജ്യോതി ഇന്ന് ഫാഷന്‍ ക്വീന്‍
ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ എപുറത്ത് വന്നപ്പോള്‍ ബന്ധുക്കളുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളും ഒറ്റപ്പെടുത്തലും നേരിട്ടു. പക്ഷെ മക്കള്‍ പിന്തുണ നല്‍കി
ജീവിതം എന്നാല്‍ അപ്രതീക്ഷിതമായ സംഭവങ്ങളുടെ ആകെത്തുകയാണ്. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. ഇന്നലെ വരെ കഷ്ടപ്പാടും ദുരിതവും അനുഭവിച്ചവര്‍ നാളെ ഒരുപക്ഷെ സന്തോഷവും സമാധാനവും കണ്ടെത്തും. ഇന്ന് സന്തോഷ ജീവിതം നയിക്കുന്നവര്‍ നാളെ ദുരിതത്തിലാകും. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ കാലം പുതിയ വഴികള്‍ തുറന്ന് കൊടുക്കും. അങ്ങനൊരു ജീവിതമാണ് മിസിസ് ഫാഷന്‍ ക്വീന്‍ ഓഫ് കേരളയായ ജ്യോതി മോഹന്റേത്.
ചെറുപ്പം മുതലേ ഒറ്റപ്പെടലും ദുരന്തവുമായിരുന്നു ജ്യോതിയ്ക്ക് നേരിടേണ്ടി വന്നത്. വിവാഹ ജീവിതത്തിലും സമാധനം കണ്ടെത്താനായില്ല. എന്നാല്‍ കാലം മകളുടെ രൂപത്തില്‍ ജ്യോതിയുടെ ജീവിതത്തെ മാറ്റിമറിച്ചു. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതകഥ പങ്കുവെക്കുകയാണ് ജ്യോതി മോഹന്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കട്ടപ്പനക്കാരിയാണ് ജ്യോതി. അച്ഛന്‍ ഡ്രൈവറായിരുന്നു. എന്നാല്‍ തന്റെ മൂന്നാം വയസില്‍ ജ്യോതിയേയും കുടുംബത്തേയും ഉപേക്ഷിച്ച് അച്ഛന്‍ പോയി. അമ്മ കൂലിപ്പണിയ്ക്ക് പോയാണ് തങ്ങളെ പിന്നെ വളര്‍ത്തിയതെന്നാണ് ജ്യോതി പറയുന്നത്. പത്താം ക്ലാസ് വരെ പഠിച്ചത് കോണ്‍വെന്റില്‍ നിന്നായിരുന്നു. ഈ സമയത്ത് അമ്മയുമായുള്ള അടുപ്പം കുറവായിരുന്നുവെന്നാണ് ജ്യോതി പറയുന്നത്. കോണ്‍വെന്റിലേക്ക് എല്ലാവരേയും കാണാന്‍ അവരുടെ മാതാപിതാക്കള്‍ വരുമായിരുന്നു. ഈ സമയത്ത് താന്‍ ആരുമില്ലാത്തവളെ പോലെയായിരുന്നു നിന്നിരുന്നതെന്നാണ് ജ്യോതി ഓര്‍ക്കുന്നത്.
പത്താം ക്ലാസിന് ശേഷം ഒരു വര്‍ഷം തയ്യല്‍ പഠിച്ചു. പിന്നെയായിരുന്നു വിവാഹം. അന്ന് ജ്യോതിയ്ക്ക് പ്രായം വെറും 17. പതിനെട്ടാം വയസില്‍ മൂത്ത മകള്‍ക്ക് ജന്മം നല്‍കി. മൂന്ന് മക്കളാണ് ജ്യോതിയ്ക്ക്. 24-ാം വയസില്‍ വിവാഹ മോചിതയായി. പിന്നീടങ്ങോട്ട് മക്കളെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള പോരാട്ടാമായിരുന്നു ജ്യോതിയുടെ ജീവിതം. കൂലിപ്പണിയ്ക്കായിരുന്നു പോയിരുന്നത്. ഏലക്കാട്ടില്‍ എല്ലാ പണിയും ചെയ്യുമായിരുന്നു. കൂടാതെ മണ്ണ് ചുമക്കാനും കല്ല് ചുമക്കാനുമൊക്കെ പോയിട്ടുണ്ട്. ആണുങ്ങളുടെ കൂടെ മുളക് പറിക്കാനും പോയിട്ടുണ്ട്.
അന്നു മുതലേ തന്റേടിയാണ് അഹങ്കാരിയാണ് എന്നൊക്കെ കേള്‍ക്കുമായിരുന്നുവെന്നാണ് താരം പറയുന്നത്. മരം കേറി, ആരെയും വെല്ലുവിളിക്കുന്നവള്‍ എന്നൊക്കെയുള്ള ചീത്തപ്പേരുകള്‍ വീണു. പിന്നീടാണ് കൊച്ചിയിലേക്ക് താമസം മാറുന്നത്. തുടര്‍ന്ന് വീട്ടു ജോലിയ്ക്ക് പോയിത്തുടങ്ങി. തന്റെ ജീവിതം ഉദാഹരണ സുജാത സിനിമ പോലെയാണെന്നാണ് ജ്യോതി പറയുന്നത്.
കൊവിഡ് കാലത്താണ് ജ്യോതിയുടെ ജീവിതം മാറി മറയുന്നത്. മകള്‍ മോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. സിനിമയിലും അവസരം കിട്ടിയിരുന്നു. മകള്‍ക്കൊപ്പം പോയതായിരുന്നു ജ്യോതി. തന്നെ തേടി അവസരം വന്ന കഥയും അവര്‍ പങ്കുവെക്കുന്നുണ്ട്. ഐഎഫ്എഫ്ഡബ്ല്യ യുടെ ഒരു ഫാഷന്‍ ഷോ ഗോവയില്‍ വച്ച് നടക്കുന്നുണ്ടായിരുന്നു. ജി ആന്റ് ജി എന്ന കമ്പനിയ്ക്ക് വേണ്ടി മകളും പോകാന്‍ തയ്യാറായി. അവള്‍ക്കൊപ്പം കമ്പനിയില്‍ പോയതാണ് ഞാന്‍. അപ്പോള്‍ ഒന്ന് നടന്ന് നോക്കാന്‍ സിഇഒ തന്നോട് പറയുകയായിരുന്നു. ആദ്യം വേണ്ടെന്ന് പറഞ്ഞുവെങ്കിലും മകളുടേയും സിഇഒയുടേയും നിര്‍ബന്ധത്തെ തുടര്‍ന്ന് ജ്യോതി നടന്നു നോക്കി. ഒരു ഹീല്‍സും വാങ്ങി ഗോവയ്ക്ക് പോരൂ എന്നായിരുന്നു ശേഷം അവര്‍ പറഞ്ഞത്.
ഗോവയില്‍ മകള്‍ക്കൊപ്പം ഷോയില്‍ പങ്കെടുത്തു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. പിന്നീട് ജ്യോതിയുടെ ജീവിതത്തിന്റെ ദിശ തന്നെ മാറുകയായിരുന്നു. മിസിസ് ഫാഷന്‍ ക്യൂന്‍ ഓഫ് കേരള ടൈറ്റില്‍ നേടുന്നത് തന്റെ അമ്പതാമത്തെ ഷോയില്‍ വച്ചാണ് എന്നാണ് ജ്യോതി പറയുന്നത്. എന്നാല്‍ ഈ സമയവും ജ്യോതിയെ സംബന്ധിച്ച് സുഖകരമായിരുന്നില്ല. പലകോണില്‍ നിന്നും നിരന്തരം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.
ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ എപുറത്ത് വന്നപ്പോള്‍ ബന്ധുക്കളുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളും ഒറ്റപ്പെടുത്തലും നേരിട്ടു. പക്ഷെ മക്കള്‍ പിന്തുണ നല്‍കി. ഇത്രയും കാലം ഞങ്ങള്‍ക്ക് വേണ്ടിയല്ലേ ജീവിച്ചത്, ഇനി അമ്മ കുറച്ച് സ്വന്തം കാര്യം നോക്കൂ എന്നായിരുന്നു അവര്‍ പറഞ്ഞത്. മോന്‍ എന്ത് പറയും എന്നതായിരുന്നു എന്റെ ടെന്‍ഷന്‍, പക്ഷെ അവനാണ് ഏറ്റവും അധികം പിന്തുണച്ചതെന്നാണ് ജ്യോതി പറയുന്നത്.

നിറത്തിന്റേ പേരിലുള്ള വിവേചനവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ജ്യോതി പറയുന്നത്. പക്ഷെ അത് കുട്ടിക്കാലം മുതല്‍ക്കെ താന്‍ നേരിടുന്നതാണെന്നും അവര്‍ പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പോലും എനിക്കൊരു നല്ല സുഹൃത്ത് ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഷോയ്ക്ക് പോയാല്‍ കളര്‍ ഉള്ളവരെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കും ക്യാമറ മാനും ഒക്കെ വേണ്ടതെന്നാണ് അവര്‍ തുറന്ന് പറയുന്നത്. അതേസമയം, കറുപ്പിന്റെ അഴക് മനസ്സിലാക്കി കേരളത്തിന് പുറത്ത് നിന്നും തന്നെ തേടി അവസരങ്ങള്‍ എത്തുന്നുണ്ടെന്നും താരം പറയുന്നു.
മിസിസ് ഫാഷന്‍ ക്വീന്‍ ടൈറ്റില്‍ വിന്നറായി ഞാന്‍ മാറുന്ന സമയത്ത് മക്കളാരും കൂടെ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞപ്പോള്‍ അവര്‍ കരയുകയായിരുന്നുവെന്നാണ് താരം ഓര്‍ക്കുന്നത്. എന്‍ട്രി ഫീസ് അടക്കാനില്ലാത്തതിനാല്‍ പോകേണ്ട എന്ന് തീരുമാനിച്ച ഷോ ആയിരുന്നു അത്. പക്ഷെ അവര്‍ നിര്‍ബന്ധിച്ചു, പകുതി പണം അടച്ചിട്ടാണ് ഷോയില്‍ പങ്കെടുത്തത്. അത് വേണ്ട എന്ന് വച്ചിരുന്നെങ്കില്‍ നഷ്ടമായേനെ എ്ന്നാണ് ഇപ്പോള്‍ ജ്യോതി പറയുന്നത്.
തനിക്കുണ്ടായിരുന്ന പ്രണയ ബന്ധത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കൊച്ചിയില്‍ എത്തിയ ശേഷം ഒരു റിലേഷന്‍ഷിപ് ഉണ്ടായിരുന്നു. നാല് വര്‍ഷത്തോളം അത് മുന്നോട്ട് പോയി. മക്കളെ ഒക്കെ നന്നായി നോക്കുമായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല, ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ അതോടെ ഇനിയൊരു കൂട്ട് വേണ്ട എന്ന് തീരുമാനിച്ചുവെന്നാണ് ജ്യോതി മോഹന്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications