വില്ലനായി നടന്ന മോഹന്‍ലാലിനെ നായകനാക്കിയത് ഞാന്‍; അതോടെ ആളാകെ മാറിയെന്ന് മോഹന്‍ ശര്‍മ
ഒരുകാലത്ത് നായകനായി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുളള നടനാണ് മോഹന്‍ ശര്‍മ. പിന്നീട് വില്ലനായും സഹനടനായുമെല്ലാം അദ്ദേഹം തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും മോഹന്‍ ശര്‍മ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ താരം മോഹന്‍ലാലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മോഹന്‍ലാലിനെ നായകനാക്കുന്നത് താനാണെന്നാണ് മോഹന്‍ ശര്‍മ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അതുവരെ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന മോഹന്‍ലാലില്‍ നായകനാകുന്ന കഴിവുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും അങ്ങനെ തന്റെ ചിത്രത്തിലെ നായകനാക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.

ഒരു നടന്‍ ആകുമ്പോള്‍ എല്ലാ തരം വേഷങ്ങളും ചെയ്യണം. ഞാന്‍ നായകനായി അഭിനയിക്കുമ്പോള്‍ തന്നെ വില്ലന്‍ വേഷങ്ങളും ചെയ്തിട്ടുണ്ട്. തീക്കനലില്‍ ഞാന്‍ വില്ലനായിരുന്നു. അതൊരു കാര്യമായി എടുത്തിട്ടില്ല. നായകന്‍ മാത്രം ചെയ്യണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. കുറേ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മുദ്രകുത്തപ്പെടുന്നു എന്ന പരാതിയില്ല. നല്ല വേഷമായിരിക്കണം. പ്രാധാന്യമുണ്ടാകണം. അതല്ലാതെ ഞാന്‍ ഒന്നും ചിന്തിക്കാറേയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
ഞാന്‍ നിര്‍മ്മിച്ച സിനിമയാണ് ഇവിടെ തുടങ്ങുന്നു. ആ സിനിമയിലൂടെയാണ് മോഹന്‍ലാല്‍ നായകനായി തുടങ്ങുന്നത്. അതുവരെ വില്ലനായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ആദ്യമായി നായകനാകുന്നത് ഇവിടെ തുടങ്ങുന്നു എന്ന സിനിമയിലാണ്. ആ റോളില്‍, മോഹന്‍ലാല്‍ നായകനായി വരണമെന്ന് എനിക്ക് തോന്നി. അത് ഞാന്‍ മോഹന്‍ലാലിനെ കണ്ട് പറഞ്ഞ് കണ്‍വിന്‍സ് ചെയ്തു. അങ്ങനെ ചെയ്തതാണെന്നാണ് അദ്ദേഹം പറയുന്നത്.
എനിക്ക് മോഹന്‍ലാല്‍ ഹീറോ മെറ്റീരിയല്‍ ആണെന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. പുള്ളിക്കാരന്‍ വില്ലനായി അഭിനയിക്കുമ്പോഴും സ്റ്റണ്ടും കാര്യങ്ങളുമൊക്കെയായിരുന്നു. മോഹന്‍ലാല്‍ നല്ല ഹീറോയായി വരാന്‍ കഴിവുള്ള വ്യക്തിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ എന്റെ പടത്തില്‍ ഹീറോയായി അഭിനയിപ്പിച്ചത്. അന്ന് എന്റെ മനസില്‍ നായകനായി കണ്ടത് മോഹന്‍ലാലിനെയായിരുന്നു. ഇപ്പോഴും നല്ല സൗഹൃദമാണ്. എവിടെയെങ്കിലും വച്ച് കാണാറുണ്ട്. കാണുമ്പോള്‍ നന്നായി സംസാരിക്കാറുണ്ട്. മമ്മൂട്ടിയുമായും നല്ല ബന്ധമാണെന്നും അദ്ദേഹം പറയുന്നു.
യേശുദാസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും മോഹന്‍ ശര്‍മ സംസാരിക്കുന്നുണ്ട്.

യേശുദാസിന്റെ പീക്ക് സമയത്താണ് ഞാന്‍ സിനിമയിലേക്ക് കടന്നു വരുന്നത്. ഞാന്‍ അഭിനയിച്ച മിക്ക ഗാനങ്ങളും പാടിയിരിക്കുന്നത് യേശുദാസാണ്. അദ്ദേഹത്തോട് എനിക്ക് വലിയ കടപ്പാടുണ്ട്. ഈയ്യടുത്ത് അദ്ദേഹം എനിക്കൊരു വാട്‌സ് ആപ്പ് മെസേജ് അയച്ചു. പദ്മ പുരസ്‌കാരങ്ങളില്‍, പദ്മശ്രീ നല്‍കാനുള്ളവരില്‍ താന്‍ നിര്‍ദ്ദേശിക്കുന്നത് എന്റെ പേരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവാര്‍ഡ് എനിക്ക് കിട്ടുകയോ ഇല്ലയോ എന്തുമായിക്കോട്ടെ, പക്ഷെ അദ്ദേഹത്തെ പോലൊരാള്‍ ഞാന്‍ അതിന് യോഗ്യനാണെന്ന് ചിന്തിച്ചുവെന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഈയ്യടുത്ത് മോഹന്‍ ശര്‍മയ്ക്ക് നേരെ ആസിഡ് ആക്രമണം നടന്നിരുന്നു. ഒരു വസ്തു വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആസിഡ് ആക്രമണവും തുടര്‍ന്നുണ്ടായ മര്‍ദ്ദവും. ആക്രമണത്തില്‍ മോഹന്‍ ശര്‍മയുടെ മൂക്കിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











