വർഷങ്ങൾക്കു ശേഷം സിനിമയിൽ ഞാനുണ്ടായിരുന്നു; അവസാനം ശ്രീനിവാസൻ ഇല്ലെന്ന് പറഞ്ഞു: ആരോടും നീരസമില്ല
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ പല വിവാദങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പലരും വളരെ മോശമായി അദ്ദേഹത്തെ വിമർശിച്ചു. പക്ഷേ അതിലൊന്നും പതറി വീഴാതെ തന്റെ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലാലേട്ടൻ. നിരവധി സിനിമകളാണ് ഷൂട്ടിംഗ് പൂർത്തിയായതും റിലീസിന് ഒരുങ്ങുന്നതും. 1978 ലെ തിരനോട്ടം മുതൽ വേറിട്ട കഥയും കഥാപാത്രങ്ങളുമായി ലാലേട്ടൻ മലയാളികൾക്കിടയിൽ തന്നെയുണ്ട്.
പ്രഗൽഭരായിട്ടുള്ള സംവിധായകർക്കൊപ്പമെല്ലാം മോഹൻലാൽ വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ മോഹൻലാൽ അഭിനയിച്ചിട്ടില്ല. അത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു സത്യമാണ്. പക്ഷേ അടൂർ ഗോപാലകൃഷ്ണൻ ലാലേട്ടനെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു. അദ്ദേഹവുമായി ലാലേട്ടൻ സംസാരിക്കുകയും ചെയ്തു. ഷൂട്ട് തുടങ്ങിയപ്പോൾ പരദേശി എന്ന സിനിമയുടെ തിരക്കിലായിരുന്നു മോഹൻലാൽ. മാത്രമല്ല പരദേശിക്കു വേണ്ടി പ്രത്യേക ലുക്ക് സ്വീകരിക്കേണ്ടി വന്നു. അതിനാൽ അടൂർ ചിത്രം ഉപേക്ഷിച്ചു.

തിരനോട്ടത്തിലെ അശോക് കുമാർ ഉൾപ്പെടെ നിരവധി സംവിധായകർക്കൊപ്പം മോഹൻലാൽ പ്രവർത്തിച്ചു. പ്രിയദർശൻ, പത്മരാജൻ, കമൽ, സത്യൻ അന്തിക്കാട്, ഭരതൻ അങ്ങനെ നിരവധി സംവിധായകർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പ്രിയദർശൻ, ശ്രീനിവാസൻ തുടങ്ങിയ സുഹൃത്തുക്കൾക്കൊപ്പവും മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. ശ്രീനിവാസൻ മോഹൻലാലിനെ കുറച്ച് മുൻപേ വിവാദപരമായ ചില കാര്യങ്ങൾ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു.
പക്ഷേ അതിനെ കുറിച്ചൊന്നും മോഹൻലാൽ തെറ്റായി പ്രതികരിച്ചിട്ടു പോലുമില്ല. ശ്രീനിവാസനും മോഹൻലാലും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായെന്ന് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. കൗമുദി മൂവീസിലൂടെ മോഹൻലാൽ തുറന്ന് പറയുന്നു.
"എനിക്ക് ആരോടും പ്രശ്നങ്ങളില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇപ്പോഴും യാതൊരു പ്രശ്നവുമില്ല. ഈ അടുത്ത കാലത്ത് പോലും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം എന്തോ പറയാൻ ശ്രമിച്ചു, പക്ഷേ അത് വേറെ രീതിയിൽ പുറത്ത് വന്നു എന്നതാണ് സത്യം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൽ ഞാനും ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കാനിരുന്നതാണ്. അതിൽ പ്രണവിന്റെയും ധ്യാനിന്റെയും പ്രായമായ വേഷം ചെയ്യണമെന്ന് വിനീത് ആഗ്രഹം പ്രകടിപ്പിക്കുകയും എന്നോട് സംസാരിക്കുകയും ചെയ്തിരുന്നു.

പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. എനിക്ക് അഭിനയിക്കാൻ മറ്റു പ്രയാസങ്ങൾ ഇല്ലായിരുന്നു. ആരോഗ്യമില്ലെങ്കിൽ ധാരാളം പ്രയാസങ്ങൾ നേരിടേണ്ടി വരും. അതിനാൽ അദ്ദേഹം തന്നെയാണ് ഇത് സാധിക്കില്ലെന്ന് പറഞ്ഞത്. പണ്ടും ശ്രീനിവാസനെ ഞാൻ സ്ഥിരമായി വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്യാറില്ല. പക്ഷേ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം അറിയുമായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ മക്കളും എന്റെ വീടുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ചെറുപ്പം മുതൽക്കേ വിനീതും ധ്യാനും വീട്ടിൽ വരാറുണ്ട്. എനിക്ക് അദ്ദേഹത്തിനോട് യാതൊരു നീരസവുമില്ല."
മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു ഇരുവരും. നാടോടിക്കാറ്റ്, പട്ടണ പ്രവേശം. അക്കരെ അക്കരെ അക്കരെ, ചന്ദ്ര ലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മിഥുനം, വരവേൽപ്പ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. അങ്ങനെ ഇരുവരും ചേർന്ന് മലയാളികളെ ചിരിപ്പിച്ച നിരവധി സിനിമകളുണ്ട്.


Click it and Unblock the Notifications