പ്രേമ വിവാഹം, മരിക്കുമ്പോള്‍ ഭര്‍ത്താവിന് 30 വയസ്; പ്രസവിക്കുന്നതിന്റെ തലേന്ന് വരെ നാടകം കളിച്ചിട്ടുണ്ട്!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. ചിരിപ്പിച്ചും കയ്യടിപ്പിച്ചുമൊക്കെ മോളി ചേച്ചിയെന്ന് മലയാൡകള്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരം മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ചാള മേരിയെന്ന കഥാപാത്രത്തിലൂടെയായിരുന്നു മോളി കണ്ണമാലി മലയാളി മനസില്‍ ഇടം നേടുന്നത്. ചവിട്ടുനാടകത്തിലൂടെയാണ് മോളി കലാ ജീവിതത്തില്‍ സജീവമായി മാറുന്നത്.
ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറക്കുകയാണ് മോളി കണ്ണമാലി. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് മോളി കണ്ണമാലി മനസ് തുറക്കുന്നത്. ജീവിതത്തിലേക്ക് കടന്നു വന്ന ഭാഗ്യവാന്‍ ആരാണെന്നായിരുന്നു ജഗദീഷിന്റെ ചോദ്യം. ഇതിന് മോളി കണ്ണമാലി നല്‍കിയ മറുപടി വായിക്കാം തുടര്‍ന്ന്.

കടന്നു വന്ന ഭാഗ്യവാന്‍ കടന്നു വരികയും ചെയ്തു, പോവുകയും ചെയ്തു. ഇളയമകന്‍ രണ്ട് മാസം ആയപ്പോഴാണ് അങ്ങേര് മരിച്ചു പോകുന്നത്. ഞങ്ങള്‍ നാടകത്തിലൂടെയുള്ള പരിചയമായിരുന്നു. പ്രേമ വിവാഹമാണ്. കണ്ട് ഇഷ്ടപ്പെട്ടു, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ വിവാഹം കഴിക്കുകയായിരുന്നു. ഫ്രാന്‍സിസ് എന്നാണ് പേര്. നായകനായിട്ടായിരുന്നു അഭിനയിച്ചിരുന്നതെന്നാണ് മോളി കണ്ണമാലി പറയുന്നത്.

അന്ന് ഞങ്ങള്‍ അഭിനയിക്കുന്ന നാടകത്തില്‍ പ്രേമ രംഗമെക്കെയുണ്ടായിരുന്നു. ഞാന്‍ അന്ന് ചെറുപ്പമാണല്ലോ, എനിക്ക് തൊടുന്നതൊന്നും ഇഷ്ടമല്ല. അഭിനയിക്കാം പക്ഷെ തൊടരുത്. തൊട്ടാല്‍ അപ്പോള്‍ അടിക്കും. അങ്ങനെ നാടത്തിലെ പ്രേമ രംഗം അഭിനയിക്കുന്നതിനിടെ അദ്ദേഹം എന്റെ കയ്യില്‍ കയറി പിടിച്ചു, കൊടുത്തു ഒരടി കരണക്കുറ്റിയ്ക്ക്. അതിന് ശേഷം വീട്ടില്‍ പെണ്ണുകാണാന്‍ വന്നു. ഇങ്ങനൊരു സംഭവമുണ്ടായിട്ടുണ്ട് അതിന്റെ പ്രതികാരം തീര്‍ക്കാനാണോ എന്ന് ചോദിച്ചു. അല്ല ഇഷ്ടമായിട്ടാണെന്ന് പറഞ്ഞു. പിന്നെ പ്രേമമായിരുന്നു, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും.... എന്ന് പറഞ്ഞ് പാട്ടിലേക്ക് കടക്കുകയാണ് മോളി കണ്ണമാലി.

ചെറിയ ചടങ്ങോടെയായിരുന്നു വിവഹാമെന്നും മോളി പറയുന്നു. സ്ത്രീധനമായി കിട്ടിയ നാല് സെന്റിലാണ് ഞാന്‍ ഇപ്പോഴും താമസിക്കുന്നത്. ഞാന്‍ ഒരു മകളായിരുന്നുവെന്നും താരം പറയുന്നു. പിന്നാലെ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ചും മോളി മനസ് തുറക്കുകയാണ്.
ഇളയമകനെ രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് അറ്റാക്ക് വന്ന് അദ്ദേഹം വിട്ടു പോകുന്നത്. മരിക്കുമ്പോള്‍ 30 വയസായിരുന്നു. അവനെ എനിക്ക് തന്നിട്ടാണ് പോകുന്നത്. മീന്‍ പിടിക്കാന്‍ പോയതായിരുന്നു. അറ്റാക്ക് വന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ചുണ്ടയിട്ട് ഇരിക്കുകയായിരുന്നു. പക്ഷെ വെള്ളം കുടിച്ചിട്ടില്ലായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ പറഞ്ഞത്, അറ്റാക്കായിരുന്നു. പിന്നെ അങ്ങോട്ട് കഷ്ടപ്പാടായിരുന്നു. എന്റെ അമ്മച്ചിയാണ് എന്നെ നോക്കിയത്. ജീവിക്കണ്ടേ എനിക്ക്, മക്കളെ നോക്കണ്ടേ. ഈ വയറും വച്ച് ചവിട്ടുനാടകം കളിക്കും, കല്ല് ചുമക്കാന്‍ പോകും. അങ്ങനെ കഷ്ടപ്പെട്ടാണ് ജീവിച്ചത്. മക്കള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും മോളി പറയുന്നു.
Recommended Video

ഗര്‍ഭിണിയായിരിക്കുമ്പോഴും ഞാന്‍ ചവിട്ടുനാടകം കളിക്കാന്‍ പോവുമായിരുന്നു. കൂടെ കളിക്കുന്ന ആണുങ്ങള്‍ക്കൊക്കെ പേടിയായിരുന്നു. സ്റ്റേജിലെങ്ങാനും പ്രസവിക്കുമോ എന്നായിരുന്നു. പ്രസവിക്കുന്നത് ഞാനല്ലേ നീയല്ലേ, എന്റെ ഒപ്പം ചവിട്ടിയാല്‍ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. നാടകം കളിച്ച് പിറ്റേന്ന് പോയി പ്രസവിക്കുകയായിരുന്നു. പ്രസവത്തിന്റെ തലേന്ന് വരെ നാടകം കളിച്ചു. മക്കള്‍ കല്യാണമൊക്കെ കഴിച്ച് ജീവിക്കുന്നു. കടമകളൊക്കെ ചെയ്തുവെന്നും താരം പറയുന്നു.
അമ്മ മാതാവാണ് എന്നെ പിടിച്ചുയര്‍ത്തിയത്. എനിക്ക് പറയാനോ എന്നെ താങ്ങാനോ ഒരു ആശ്വാസ വാക്ക് പറയാനോ ആരുമില്ല. ആകെയുള്ളതൊരു ആങ്ങളയാണ്. എന്നാല്‍ അവനുമില്ലേ ഒരു കുടുംബ ജീവിതം. അതിനാല്‍ മാതാവായിരുന്നു എനിക്ക് എല്ലാം. എന്നും പറയാനുള്ളത് മാതാവിനോട് പറയും. മനസിലുള്ളതും താങ്ങാന്‍ പറ്റാത്തതുമൊക്കെ. ഇന്ന് ഇവിടേക്ക് വരുമ്പോഴും മാതാവിനോട് പറഞ്ഞിട്ടാണ് വരുന്നതെന്നും മോളി കണ്ണമാലി കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











