'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!
മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി അനു സിത്താര. കാവ്യ മാധവന് ശേഷം മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരി ആയിട്ടാണ് അനു സിത്താരയെ പലപ്പോഴും ആരാധകർ വിശേഷിപ്പിച്ചിട്ടുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാൻസർ കൂടിയാണ് താരം. കഴിഞ്ഞ പത്ത് വർഷമായി മലയാളവും സിനിമയിലെ സജീവ സാന്നിധ്യമാണ് അനു സിത്താര.
2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ അനു എത്തിയിരുന്നു.

എന്നാൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ ഷാഹിന എന്ന കഥാപാത്രമായാണ് അനു അഭിനയിച്ചത്. ഹാപ്പി വെഡിങ്ങിന് ശേഷം കൂടുതൽ അവസരങ്ങൾ അനുവിനെ തേടി എത്തുകയായിരുന്നു.
കരിയറിൽ ഇതുവരെ ഏകദേശം 25 ലധികം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അതിൽ രാമൻറെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോമോ ഇന്‍ ദുബായ് ആണ് അനു സിത്താരയുടെ പുതിയ സിനിമ.

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലും മറ്റുമാണ് അനു ഇപ്പോൾ. അതിനിടെ ഒരു അഭിമുഖത്തിൽ കാവ്യ മാധവനുമായുള്ള താരതമ്യം ചെയ്യലിനെ കുറിച്ച് അനു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അനു സിത്താരയെ കാണാന്‍ കാവ്യയെ പോലെ തന്നെയുണ്ട്, കാവ്യയുടെ അതേ സൗന്ദര്യം എന്നൊക്കെ പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നത് താൻ അര്‍ഹിക്കുന്നില്ല എന്നാണ് അനു സിത്താര പറയുന്നത്.

'പലരും പറയും ഞാൻ കാവ്യ ചേച്ചിയെ പോലെ ആണെന്ന്. എന്നാല്‍ എനിക്ക് അത് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നും. കാവ്യ ചേച്ചി എന്നേക്കാൾ ഒരുപാട് സുന്ദരിയാണ്. ഏത് കോണില്‍ നിന്ന് നോക്കിയാലും സുന്ദരിയായിട്ടുള്ള നടി. മാത്രമല്ല, ചെയ്തിരിക്കുന്ന വേഷങ്ങള്‍ ആയാലും ആര്‍ക്കും പകരം വയ്ക്കാന്‍ ഇല്ലാത്തതാണ്,'
'കാവ്യ ചേച്ചിയുടെ ഏഴയലത്ത് വരില്ല ഞാന്‍. എനിക്ക് അത്രയും സൗന്ദര്യമില്ല എന്ന് നന്നായിട്ട് അറിയാം. പിന്നെ കാവ്യ ചേച്ചി ചെയ്തത് പോലുള്ള വേഷങ്ങള്‍, നാട്ടിന്‍പുറത്തുകാരി ഇമേജുള്ള റോളുകള്‍ എനിക്ക് കിട്ടുന്നുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം ആളുകള്‍ എന്നെ കാവ്യ ചേച്ചിയുമായി താരതമ്യം ചെയ്യുന്നത്,'

'എന്നോട് ഉള്ള ഇഷ്ടം കൊണ്ടോ, കാവ്യ ചേച്ചിയോടുള്ള ഇഷ്ട കൂടുതൽ ഉള്ളത് കൊണ്ടോ ആളുകള്‍ക്ക് തോന്നുന്നതാണ് അത്. പിന്നെ ചേച്ചി കാസർകോടുകാരിയും ഞാന്‍ വായനാടുകാരിയും ആണല്ലോ, ഞങ്ങള്‍ മലബാറുകാരായത് കൊണ്ടുള്ള സാമ്യവും ഉണ്ടാവാം. അല്ലാതെ കാവ്യ ചേച്ചിയുടെ സൗന്ദര്യം എനിക്കില്ല', അനു സിത്താര പറഞ്ഞു.

മോമോ ഇന്‍ ദുബായ് എന്ന ചിത്രത്തില്‍ മൂന്ന് കുട്ടികളുടെ ഉമ്മയുടെ വേഷത്തിലാണ് അനു എത്തുന്നത്. നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുകൂടാതെ ഒരു തമിഴ് ചിത്രം ഉൾപ്പടെ അനുവിന്റെ നാലോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











