‘ ആണവൻ സിൻഡ്രം’ പൊളിച്ചടുക്കുന്ന കാലത്താണ് ജീവിക്കുന്നത് എന്ന് ജോജു ഓർക്കണം; കുറിപ്പുമായി മൃദുലദേവി
ജോജു ജോര്‍ജിന്റെ ഫോണ്‍ വിളി വിവാദത്തില്‍ കുറിപ്പുമായി മൃദുലദേവി എസ്. ജോജു നായകനായ ഫ്രീഡം ഫൈറ്റില്‍ പാട്ടെഴുതിയിരുന്നു നേരത്തെ മൃദുലദേവി.സിനിമയുടെ റീച് കൂട്ടുവാന്‍ വേണ്ടി മാത്രം പുരോഗമനം നടിക്കുകയും അല്ലാത്തപ്പോഴൊക്കെ പ്രമാണി ആവുകയും ചെയ്താല്‍ ആരും ഇന്നത്തെക്കാലത്ത് അംഗീകരിക്കാന്‍ പോവുന്നില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.
മൃദുലദേവിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ജോജു ചെയ്ത സിനിമകളുടെ രീതി വച്ച് പൊതുവില്‍ ഒരു പുരോഗമന മുഖം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതല്ലാതെ അത് യഥാര്‍ത്ഥ ജീവിതത്തില്‍ ഇല്ല എന്നുള്ളത് തെളിഞ്ഞതാണ് അദ്ദേഹം ആദര്‍ശിനെ വിരട്ടിയത് വഴി നമ്മള്‍ കണ്ടത്. തുടക്കം മുതല്‍ ആദര്‍ശ് പ്രതികരിച്ച രീതി ജോജുവിനെ പതറിക്കുന്നത് കേള്‍വിക്കാര്‍ക്ക് മനസിലാവും. 'നരസിംഹം', 'താണ്ഡവം' പോലെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളിലെ 'എന്തിനും പോന്ന ആണൊരുത്തന്‍' ഭാവമാണ് അദ്ദേഹം ആദര്‍ശിന് നേരെ ഇറക്കിയത്.തൊണ്ണൂറുകളിലെ ആ ചിത്രങ്ങളുടെ സ്‌റ്റൈലില്‍ ഉള്ളതാവണം ജോജുവിന്റെ സ്ഥായിയായിട്ടുള്ള സ്വഭാവം .
പക്ഷെ നിലവില്‍ ഒരു സിനിമ വിജയിക്കുവാന്‍ വേണ്ടിയ ചേരുവകള്‍ ചേര്‍ത്ത നായകന്‍ ഇമേജ് കേരളത്തില്‍ ഉണ്ടാക്കിയെടുക്കുവാന്‍ ജോജുവിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ബിംബങ്ങള്‍ വീണു കൊണ്ടിരിക്കുന്ന ഈ സമയത്ത് ജോജുവിന് കിട്ടിയ മൈലേജ് ശരിയായി വിനിയോഗിക്കാന്‍ നോക്കുന്നതിനു പകരം പവര്‍ ഉപയോഗിച്ച് വിമര്ശിച്ചയാളെ ഒതുക്കാനാണ് ജോജു ശ്രമിച്ചത്.
എഴുതിയ ആള്‍ ആരാണ്, അയാളുടെ പൗരബോധം എന്താണ് എന്നൊന്നും അന്വേഷിക്കാതെ 'നീ വെറും അശു 'എന്ന മട്ടില്‍ ജോജു നേരിട്ടു.തനിക്കൊപ്പം ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ള മനുഷ്യനായി ജോജു ആദര്‍ശിനെ കണ്ടിരുന്നെങ്കില്‍ ഇത്തരം അധികാര ഭാഷ അയാളില്‍ നിന്നും ഉണ്ടാവില്ലായിരുന്നു. ജോജുവിനെപ്പോലുള്ളവര്‍ സ്വയം ഉണ്ടാക്കുന്ന ഒരു തട്ടുണ്ട്. കുറച്ചു പണം, പദവി, സാമൂഹിക അംഗീകാരം ഇതൊക്കെ കിട്ടുമ്പോള്‍ അവര്‍ ഒരു സിംഹാസനം അങ്ങ് വലിച്ചിട്ടു സ്വയം കിരീടം വച്ച് അധികാരി ആവും. ബാക്കിയുള്ളവരെ അവര്‍ വെറും പ്രജകള്‍ ആക്കും.

'നിന്നെ ഞാന്‍ സിനിമ കാണിച്ചു തരാം' എന്നൊക്കെയുള്ള ഭീഷണികള്‍ സ്വയം സൃഷ്ടിച്ചെടുത്ത പവറില്‍ നിന്നും ഉണ്ടാകുന്നവയാണ്. ആ പവര്‍ മറ്റുള്ളവരെ ചെറുതായി കാണുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. മേല്പറഞ്ഞ പവര്‍ ഒന്നും ഇല്ലാതെ നിലപാട് പറഞ്ഞുകൊണ്ടാണ് ജോജുവിനെ ആദര്‍ശ് ഇരുത്തിക്കളഞ്ഞത്. മറ്റെന്തിനും അപ്പുറമായി നീതിയുടെ കൂടെപ്പോയി നില്‍ക്കുന്ന ശരാശരി മലയാളി സ്വഭാവം ജോജുവിന് തിരിച്ചടിയുമായി. അപ്പോഴും ജോജു വിശ്വസിക്കുന്ന രാഷ്ട്രീയത്തിലെ കുറേയാളുകള്‍ ജോജുവിന് വേണ്ടി ന്യായം ചമയ്ക്കുന്നുണ്ട്. പക്ഷെ പൊതുവില്‍ കാറ്റ് ജോജുവിന് പ്രതികൂലമാണ്.
സിനിമയിലെ വില്ലന്മാര്‍ക്ക് രണ്ടുപേര്‍ക്കും മികച്ച പ്രശംസ നേടിക്കൊടുത്തു കൊണ്ടാണ് 'പണി 'എന്ന ചിത്രം മുന്നേറുന്നത്.ഈ സംഭവം നടക്കുന്നതിന് മുന്‍പ് വെറുതെ ജോജുവിന്റെ പേജില്‍ പോയി നോക്കിയപ്പോള്‍ മുഴുവന്‍ പോസ്റ്ററിലും ജോജുവിന്റെ തല മാത്രമാണ് ഞാന്‍ കണ്ടത്. സാഗര്‍ സൂര്യ, ജുനൈസ് ഇവരൊന്നും ഈയടുത്ത ദിവസങ്ങളില്‍ അദേഹത്തിന്റെ എഫ് പി പേജിലെ പോസ്റ്ററില്‍ ഇല്ലായിരുന്നു . എന്നാല്‍ സാഗറിന്റെയും, ജുനൈസിന്റെയും ഇന്‍സ്റ്റ പേജിലും, ഇന്റര്‍വ്യൂവിലും ജോജു നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. നിലവില്‍ വില്ലന്മാരുടെ പെര്‍ഫോമന്‍സ് വിജയഘടകം ആയിട്ട് കൂടി എന്റെ ബോഡി, എന്റെ ഫുള്‍ ഫിഗര്‍ പോസ്റ്ററിനു മാറ്റമൊന്നും ആ പേജില്‍ ഇല്ല. ഇനി അത് മാനേജര്‍ ആണ് നോക്കുന്നതെങ്കിലും ജോജുവിന് മാനേജരോട് അവരുടെ തലകള്‍ കൂടി ചേര്‍ത്ത പോസ്റ്റര്‍ ഇടാന്‍ പറയാമല്ലോ.
മൊത്തത്തില്‍ ഒരു ഏകാധിപത്യ സ്വഭാവം ഉള്ളത് ആദര്‍ശിനോടും കാണിച്ചു നോക്കി. എട്ടിന്റെ പണിയും കിട്ടി.സിനിമയില്‍ നിന്നും കാര്യമായ എതിര്‍ ശബ്ദം ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം ഈ വിവാദവും ജോജുവിന്റെ കരിയര്‍ ഗ്രാഫ് കൂട്ടുകയേയുള്ളൂ. ജോജുവിനൊപ്പം വര്‍ക് ചെയ്യണം. അവസരങ്ങള്‍ ചോദിക്കണം, കിട്ടണം അതുകൊണ്ട് അവിടെ നിന്നും വിമത ശബ്ദം കാര്യമായി ഒന്നും ഉണ്ടാവാന്‍ സാധ്യതയില്ല.
നാട്ടിലേയ്ക്ക് അടുത്ത ദിവസങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ ഫോളോ ചെയ്യുന്ന ജുനൈസ് അഭിനയിച്ച ചിത്രം ആയത് കൊണ്ട് പണി കാണുവാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തില്‍ ഞാന്‍ എഴുതിയ, ' പൗര്‍ണമി ചന്ദ്രിക ' എന്ന ഗാനം ജോജുവിന്റെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാന്‍ എഴുതിയത്. സിനിമയില്‍ ആ പാട്ടിന്റെ പല്ലവി ജോജു തന്നെ പാടുന്നുമുണ്ട്.യു ട്യൂബ് റിലീസില്‍ വിദ്യാധരന്‍ മാഷ് ആണ് പാടിയിരിക്കുന്നത്. ഈ സ്‌നേഹം ഒക്കെ ഉള്ളപ്പോഴും 'അവനവന്‍ സിന്‍ഡ്രം,' 'ആണവന്‍ സിന്‍ഡ്രം 'ഒക്കെ പുതിയ തലമുറ പൊളിച്ചടുക്കുന്ന കാലത്താണ് നമ്മള്‍ ജീവിച്ചിരിക്കുന്നത് എന്ന് ജോജു ഓര്‍ക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.
'ഒതളങ്ങാ തുരുത്ത് 'പോലുള്ള വെബ് സീരിസൊക്കെ ജോജു കണ്ടു നോക്കുക. 'ചേട്ടായി സിന്‍ഡ്രം' ഒക്കെ അതില്‍ ഒടിച്ചു മടക്കി വയ്ക്കുന്നുണ്ട്.
സിനിമയുടെ റീച് കൂട്ടുവാന്‍ വേണ്ടി മാത്രം പുരോഗമനം നടിക്കുകയും അല്ലാത്തപ്പോഴൊക്കെ പ്രമാണി ആവുകയും ചെയ്താല്‍ ആരും ഇന്നത്തെക്കാലത്ത് അംഗീകരിക്കാന്‍ പോവുന്നില്ല. ആദര്‍ശ് എച്ച്എസ് പറഞ്ഞ മറുപടികളാണ് ഒറിജിനല്‍ തഗ്. ശരിക്കും എന്‍ജോയ് ചെയ്തു


Click it and Unblock the Notifications











