എനിക്ക് പറഞ്ഞ വേഷം ചെയ്തത് റഹ്മാൻ! ഇന്നും ആ സിനിമ കാണുമ്പോൾ നഷ്ടബോധം തോന്നും; മനസുതുറന്ന് മുകേഷ്
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ മുകേഷ്. നായകനായും സഹനടനായുമെല്ലാം കയ്യൊപ്പ് ചാര്‍ത്തിയ അദ്ദേഹം ഇന്നും സിനിമകളിൽ സജീവമാണ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായ മുകേഷ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്. നാടക വേദികളിൽ നിന്നാണ് മുകേഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ൽ പുറത്തിറങ്ങിയ ബലൂൺ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.
പിന്നീട് മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് തുടങ്ങിയ സിനിമകളിലൂടെ മുകേഷ് ശ്രദ്ധനേടി. അതിനു ശേഷം 1989ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് മുകേഷ് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുന്നത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായെങ്കിലും വലിയ താരപരിവേഷമുള്ളൊരു നടനായി പേരെടുക്കാൻ മുകേഷിന് സാധിച്ചില്ല. ഇന്ന് അഭിനയത്തിനൊപ്പം തന്നെ അവതാരകനായും ജനപ്രതിനിധിയായുമെല്ലാം തിളങ്ങി നിൽക്കുകയാണ് മുകേഷ്.

സ്വന്തമായൊരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. തന്റെ സിനിമാജീവിതത്തെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചുമുള്ള കഥകളും വിശേഷങ്ങളുമാണ് അദ്ദേഹം പങ്കുവയ്ക്കാറുള്ളത്. യൂട്യൂബ് ചാനലിലൂടെ മുകേഷ് പങ്കുവയ്ക്കുന്ന കഥകൾ ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ അതിവേഗമാണ് മുകേഷിന്റെ വീഡിയോകൾ വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ മുകേഷ് പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്.
സിനിമാജീവിതത്തിലെ ദു:ഖങ്ങളെയും സന്തോഷങ്ങളെയും കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. മികച്ച അവസരങ്ങളാണെങ്കിലും ചില സമയത്ത് ചില സിനിമകൾ വേണ്ടെന്ന് വെക്കേണ്ടി വരാറുണ്ടെന്ന് മുകേഷ് പറയുന്നു. അത്തരത്തിൽ തനിക്ക് നഷ്ടമായ സിനിമകളെ കുറിച്ചാണ് മുകേഷ് സംസാരിക്കുന്നത്. നമുക്ക് ചെയ്യാന്‍ പറ്റാതെ പോയ വേഷം മറ്റൊരാള്‍ ചെയ്ത് ആ സിനിമ സൂപ്പര്‍ഹിറ്റായി മാറുമ്പോള്‍ വിഷമമൊക്കെ തോന്നാറുണ്ടെന്ന് മുകേഷ് പറഞ്ഞു.
'എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നിരുന്നു. നിര്‍മ്മാതാവായ ഗാന്ധിമതി ബാലനായിരുന്നു എന്നോട് ഇതേക്കുറിച്ച് പറഞ്ഞത്. സ്വപ്‌നതുല്യമായ വേഷമാണല്ലോ, അതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. മോഹന്‍ലാല്‍-ശങ്കര്‍ കോമ്പിനേഷൻ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. മുകേഷ് വേണോ, ശങ്കര്‍ വേണോ എന്നായിരുന്നു ആ സമയത്തെ ചര്‍ച്ച. എന്നോട് കഥയൊക്കെ പറഞ്ഞിരുന്നു. അത് ഇഷ്ടമാവുകയും ചെയ്തു',
'ആ സമയത്ത് ജോഷി സാറിന്റെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു ഞാന്‍. അവരോട് ചോദിക്കട്ടെ, അവര്‍ വിടുകയാണെങ്കില്‍ വരാമെന്ന് പറഞ്ഞു. അവര്‍ വിട്ടില്ല. സോമനേയും മോഹന്‍ലാലിനെയും വെച്ച് അവർ ആ സിനിമ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നാണ് പിന്നീട് കേട്ടത്', മുകേഷ് പറഞ്ഞു. മറ്റൊരു പത്മരാജൻ സിനിമ നഷ്ടമായതിനെ കുറിച്ചും മുകേഷ് ഓർത്തു.

'പത്മരാജന്‍ ചേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ്. അപരനില്‍ ഞാനും അഭിനയിച്ചിരുന്നു. അതുകഴിഞ്ഞ് അങ്ങനെ അദ്ദേഹം എന്നെ വിളിച്ചിരുന്നില്ല. ഒരുദിവസം അദ്ദേഹം എന്നോട് പറഞ്ഞു അടുത്ത സിനിമയില്‍ നീയും ഉണ്ടെന്ന്. കുറച്ച് ദിവസം മാറ്റിവെച്ചേക്കൂ എന്നായിരുന്നു എന്നോട് പറഞ്ഞത്. കരിയിലക്കാറ്റുപോലെ ആയിരുന്നു ആ ചിത്രം. ആ സിനിമയുടെ ചിത്രീകരണം നീണ്ടുപോയി',
'അതിനിടെ മറ്റൊരു സിനിമയ്ക്ക് ഞാൻ ഡേറ്റ് കൊടുത്തിരുന്നു. മുകേഷിന് ഇനി പോകാൻ പറ്റില്ലെന്നായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍ പറഞ്ഞത്. ആ റോള്‍ റഹ്‌മാനാണ് പിന്നീട് ചെയ്തത്. കരിയിലക്കാറ്റുപോലെ ടിവിയില്‍ വരുമ്പോള്‍ ഞാന്‍ ഇരുന്ന് കാണാറുണ്ട്. മനസിലൊരു നഷ്ടബോധമാണ് അത് കാണുമ്പോള്‍ തോന്നുന്നത്', മുകേഷ് പറഞ്ഞു.


Click it and Unblock the Notifications