നരേന്ദ്ര പ്രസാദ് എന്നെപ്പറ്റി പറഞ്ഞത് കേട്ട് വിഷമം താങ്ങാനായില്ല, പക്ഷെ ഒരു പാഠം പഠിച്ചു; മുകേഷ് പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. നാടകത്തില്‍ നിന്നുമാണ് മുകേഷ് സിനിമയിലെത്തുന്നത്. ടെലിവിഷനിലും മുകേഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ അവതാരകനായും വിധി കര്‍ത്താവായുമെല്ലാം അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. രസകരമായി കഥകള്‍ പറയുന്നതിലും പ്രശസ്തനാണ് മുകേഷ്.
ഇപ്പോഴിതാ തന്റെ നാടകകാലത്തെക്കുറിച്ച് മുകേഷ് പങ്കുവെച്ചൊരു കഥ ശ്രദ്ധ നേടുകയാണ്. നരേന്ദ്രപ്രസാദില്‍ നിന്നും തനിക്ക് ലഭിച്ച വലിയൊരു പാഠത്തെക്കുറിച്ചാണ് മുകേഷ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗിലൂടെയാണ് മുകേഷ് ആ കഥ പങ്കുവെച്ചത്.

എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും പ്രധാനപ്പെട്ടൊരു പാഠമാണ് ഈ കഥയിലുള്ളതെന്നാണ് മുകേഷ് പറയുന്നത്. കൂനന്‍ എന്നൊരു അമേച്വര്‍ നാടകമുണ്ട്. ഇന്റര്‍ കോളേജ് ഡ്രാമ മത്സരത്തില്‍ ഈ നാടകം കളിക്കുന്നുണ്ട്. അനാഥാലയത്തിലെ കൂനന്റെ കഥയാണ്. ഗംഭീരമായ ഡയലോഗുകളാണ്. ടൈറ്റില്‍ റോള്‍ അതാണെങ്കിലും അത്ര തന്നെ പ്രാധാന്യമുള്ളൊരു ഡോക്ടറുടെ വേഷവും ഉണ്ടായിരുന്നുവെന്നും മുകേഷ് പറയുന്നു. ഈ രണ്ടിലൊരാള്‍ക്കായിരുന്നു എപ്പോഴും ബെസ്റ്റ് ആക്ടര്‍ കിട്ടിയിരുന്നതെന്നും മുകേഷ് ഓര്‍ക്കുന്നു.
താനായിരുന്നു ഡോക്ടറുടെ വേഷം ചെയ്തത്. കോശി എന്ന സുഹൃത്തായിരുന്നു കൂനനായി അഭിയിച്ചത്. തങ്ങള്‍ക്കിടയില്‍ നല്ല മത്സരമായിരുന്നു. റിഹേഴ്‌സല്‍ കണ്ടവരൊക്കെ നീ ബെസ്റ്റര്‍ ആക്ടര്‍ ആകുമെന്ന് തങ്ങളോട് പറയുകയും ചെയ്തിരുന്നു. മികച്ച നാടകത്തിനും ഉറപ്പായും കിട്ടുമെന്നതായിരുന്നുവെന്നും മുകേഷ് ഓര്‍ക്കുന്നുണ്ട്.
നാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം ഡോക്ടറും കൂനനും തമ്മിലുള്ളതാണ്. തന്നെ കൊല്ലാന്‍ അനാഥാലയത്തിലുള്ളര്‍ പദ്ധതിയിട്ടതിനെക്കുറിച്ച് കൂനന്‍ സംസാരിക്കുന്നതും താനുമൊരു അനാഥനാണെന്ന് ഡോക്ടര്‍ വെളിപ്പെടുത്തുന്നതുമായിരുന്നു നാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗമെന്നാണ് മുകേഷ് പറയുന്നത്. ആ രംഗത്തിലെ പ്രകടനമാണ് തനിക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടാനുള്ള സാധ്യതയെന്നും മുകേഷ് ഓര്‍ക്കുന്നുണ്ട്.
അന്ന് പിന്നീട് സിനിമാ നടനായി മാറിയ നരേന്ദ്രപ്രസാദായിരുന്നു വിധികര്‍ത്താവെന്നും മുകേഷ് ഓര്‍ക്കുന്നു. അങ്ങനെ നാടകം ആരംഭിച്ചു. ആ പ്രധാന രംഗമെത്തി. എന്നാല്‍ താന്‍ ഡയലോഗ് പറയാന്‍ ആരംഭിക്കുന്നതും തൊട്ടടുത്തുള്ള ഫാക്ടറിയില്‍ നിന്നുമുള്ള സൈറണ്‍ മുഴങ്ങുന്നതും ഒരുമിച്ചായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്. സൈറനെ തോല്‍പ്പിക്കാന്‍ മുകേഷ് പരാമവധി ശ്രമിച്ചു. ഒടുവില്‍ സൈറണ്‍ ജയിച്ചു. വിങ്ങിയാണ് താന്‍ വളരെ പ്രധാനപ്പെട്ട ആ ഡയലോഗ് അവസാനിപ്പിച്ചതെന്ന് മുകേഷ് ഓര്‍ക്കുന്നു.
നാടകം എങ്ങനെയോ അവസാനിപ്പിച്ചു. ആ സമയത്ത് തന്നെ എല്ലാവരും ആശ്വസിപ്പിച്ചതും മുകേഷ് ഓര്‍ക്കുന്നുണ്ട്. സമ്മാനദാനം ആയി. തങ്ങള്‍ പ്രതീക്ഷിച്ചത് പോലെ മികച്ച നാടകവും നടനുമൊന്നും കിട്ടിയില്ലെന്നും മുകേഷ് പറയുന്നു. അങ്ങനെയിരിക്കുമ്പോള്‍ തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് നരേന്ദ്രപ്രസാദ് മൈക്കെടുത്തു. നാടകത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് രംഗബോധമാണെന്ന് നരേന്ദ്ര പ്രസാദ് പറഞ്ഞു. പിന്നാലെ അദ്ദേഹം അത് വിശദീകരിച്ചു.

ഒരു നാടകം കളിക്കുമ്പോള്‍ നമ്മളുടെ നിയന്ത്രണത്തിലല്ലാത്ത ചിലത് സംഭവിക്കും. ഉദാഹരണത്തിന് ഇന്നിവടെ കളിച്ച കൂനന്‍ എന്ന നാടകത്തിനിടെ സംഭവിച്ചത്. വളരെ നല്ല നാടകമായിരുന്നു. പക്ഷെ ഈ സൈറണ്‍ മുഴങ്ങിയപ്പോള്‍ രംഗബോധമുള്ള നടനായിരുന്നുവെങ്കില്‍ ആ ചെറുപ്പക്കാരന്‍ അവിടെ നിര്‍ത്തുമായിരുന്നു. പക്ഷെ ചെയ്തില്ല. അല്ലായിരുന്നുവെങ്കില്‍ അയാള്‍ക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചേനെ എന്നായിരുന്നു നരേന്ദ്ര പ്രസാദ് പറഞ്ഞത്.
ആ വാക്കുകള്‍ മുകേഷിനെ വല്ലാതെ വേദനിപ്പിച്ചു. അതിന് ശേഷം താന്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ എന്തെങ്കിലും സാങ്കേതിക തടസം വന്നാല്‍ അപ്പോള്‍ തന്നെ നിര്‍ത്തുമെന്നാണ് മുകേഷ് പറയുന്നത്. പ്രേക്ഷകര്‍ എല്ലാം വ്യക്തമായി കാണാന്‍ ആഗ്രഹിച്ച് വരുന്നവരാണ്. സാങ്കേതിക തടസം അവര്‍ക്ക് മനസിലാകുമെന്നും മുകേഷ് പറയുന്നു.


Click it and Unblock the Notifications