മോഹിച്ചു ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി; കുട്ടികളായില്ലേ എന്ന ചോദ്യം തളര്‍ത്തി: ഗൗരി ലക്ഷ്മി
സംഗീത ലോകത്തെ മിന്നും താരമാണ് ഗൗരി ലക്ഷ്മി. ഗായിക എന്ന നിലയില്‍ മാത്രമല്ല സംഗീത സംവിധാനത്തിലും ഗാനരചയിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് ഗൗരി. ഈയ്യടുത്താണ് ഗൗരിയുടെ സംഗീത ആല്‍ബം മുറിവ് പുറത്തിറങ്ങിയത്. സ്വന്തം അനുഭവങ്ങളില്‍ നിന്നുമാണ് ഗൗരി മുറിവിന് ജന്മം നല്‍കി. വരികള്‍ എഴുതി, ഈണമിട്ട്, പാടി ഗൗരി മുറിവ് ആരാധകരിലേക്ക് എത്തിച്ചു.
തന്റെ ജീവിതത്തിലെ വേദനാജനകമായ അനുഭവങ്ങളാണ് മുറിവ് എന്ന ആല്‍ബം ഒരുക്കാന്‍ ഗൗരിയെ പ്രേരിപ്പിച്ചത്. മുറിവുകള്‍ മറച്ചുവെക്കാനുള്ളതല്ല എന്നാണ് ഗൗരി പറയുന്നത്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണെന്ന് ഗൗരി വിശ്വസിക്കുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിട്ട ബിപിഡിയെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ഗൗരി.

കൊവിഡ് കാലത്താണ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ (ബിപിഡി) ഉണ്ടെന്ന് തിരിച്ചറിയുന്നത്. ബിപിഡി രോഗമല്ല. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് ഗൗരി പറയുന്നത്. സ്വയം കുറ്റപ്പെടുത്തുക, തനിച്ചിരുന്നു കരയുക, സ്വയം മുറിവേല്‍പ്പിക്കുക, ഇതെല്ലാമായിരുന്നു എനിക്കുണ്ടായ ലക്ഷണങ്ങള്‍ എന്നും ഗൗരി പറയുന്നു. കയ്യില്‍ ബ്ലേഡോ മൂര്‍ച്ചയുള്ള എന്തെങ്കിലും വസ്തു കൊണ്ട് വരയും. കൈമുറിച്ചത് മരിക്കണമെന്നോര്‍ത്തായിരുന്നില്ല, മനസിന്റെ വേദന കുറയാന്‍ വേണ്ടിയാണെന്നാണ് ഗൗരി പറയുന്നത്.
ബിപിഡി പലതരമുണ്ട്. ഭൂരിഭാഗം പേരും ദേഷ്യവും അസ്വസ്ഥതകളും പുറമെ പ്രകടിപ്പിക്കും. എന്റെ ലക്ഷണങ്ങള്‍ ഉള്ളില്‍ തന്നെയായിരുന്നു. അതുകൊണ്ട് ഞാന്‍ നേരിട്ട ബുദ്ധിമുട്ടു വീട്ടില്‍ ആരും അറിഞ്ഞിരുന്നില്ലെന്നും ഗൗരി പറയുന്നു. അതേസമയം, ഇനി പ്രകടിപ്പിച്ചാലും വെറുതെ തോന്നുന്നതാണ് ദാ അവരെ നോക്ക്. അവിടെ എന്തൊക്കെ പ്രശ്‌നങ്ങളാ, നിനക്കെന്ത് പ്രശ്‌നമാ ഉള്ളത് എന്നാകും മറുപടി കിട്ടുക എന്നും ഗൗരി ചൂണ്ടിക്കാണിക്കുന്നു.
വിഷമഘട്ടത്തില്‍ തനിക്കൊപ്പം നിന്നത് പങ്കാളിയായ ഗണേഷ് ആണെന്നാണ് ഗൗരി പറയുന്നത്. ആദ്യമായി ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മനസു കാണിച്ചത് കല്യാണ ശേഷം ജീവിതപങ്കാളി ഗണേഷും ആ കാലത്ത് ജീവിതത്തിലെത്തിയ സുഹൃത്തുക്കളുമാണ്. അത്രയും കാലം ബുദ്ധിമുട്ട് തുറന്ന് പറയുമ്പോഴെല്ലാം അതെല്ലാം തോന്നലാണെന്ന് പറഞ്ഞു നിസാരമാക്കുന്നവരും കണ്ടില്ലെന്ന് നടിക്കുന്നവരുമായിരുന്നു ചുറ്റും എന്നും ഗൗരി തുറന്നു പറയുന്നു. ഗണേഷ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും സ്വയം തെറാപ്പിയെടുക്കുകയും ചെയ്യുന്ന ആളാണ്.

അങ്ങനെയാണ് ഗൗരി തെറാപ്പിയിലേക്ക് എത്തുന്നത്. ചെന്നൈയിലായിരിക്കുമ്പോള്‍ തെറാപ്പിയെടുത്തു. പിന്നീട് നാട്ടിലെത്തി. തുടക്കത്തില്‍ എല്ലാം നന്നായി പോയി. എന്നാല്‍ കൊവിഡ് കാലത്ത് ഗൗരിയുടെ അവസ്ഥ വീണ്ടും മോശമായി. ഇതോടെ വീണ്ടും തെറാപ്പിയിലേക്ക്. ഒന്നര വര്‍ഷം മുമ്പാണ് ഗൗരി ഇപ്പോള്‍ കാണുന്ന സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. അതോടെ ജീവിതം തന്നെ മാറി എന്നാണ് ഗൗരി പറയുന്നത്. വ്യക്തിയെന്ന നലിയില്‍ എനിക്കിത്രയും മൂല്യമുണ്ടെന്ന് തിരിച്ചറിയാന്‍ തുടങ്ങിയെന്നും താരം പറയുന്നു.
വിവാഹ ശേഷം മോഹിച്ച് ഗര്‍ഭിണിയായെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അബോര്‍ഷന്‍ ചെയ്യേണ്ടി വന്നു. ആ അവസ്ഥ മാനസികമായി തളര്‍ത്തി. കുട്ടികളൊന്നുമായില്ലേ എന്ന ചോദ്യം ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇപ്പോള്‍ അത്തരം സാഹചര്യങ്ങളെ നേരിടാന്‍ പഠിച്ചുവെന്നും ഗൗരി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications