'അമ്മയെയും ഭാര്യയെയും മക്കളെയും ഒരുമിച്ചുകൊണ്ടുപോവുക എളുപ്പമല്ല; വിവാഹശേഷം നേരിട്ട വെല്ലുവിളികൾ!': എആർ റഹ്മാൻ
ആരാധകര്‍ക്ക് എന്നും വിസ്മയമാണ് എ ആര്‍ റഹ്മാൻ എന്ന സംഗീതജ്ഞനും അദ്ദേഹത്തിന്‍റെ സംഗീതവും. റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് എ ആര്‍ റഹ്മാന്‍ എന്ന സംഗീത രാജാവിന്റെ ഉയര്‍ച്ച. പിന്നീട് റഹ്മാന്റെ മാസ്മരിക സംഗീതങ്ങളായിരുന്നു ഇന്ത്യയിലെ സംഗീതപ്രേമികൾ കേട്ടത്. ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള സംഗീതജ്ഞനാണ് അദ്ദേഹം. രണ്ട് വട്ടം ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയ എ ആർ റഹ്മാൻ ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച അതുല്യപ്രതിഭ കൂടിയാണ്.
വളരെ ചെറിയ പ്രായത്തിൽ സംഗീതത്തെ ഒപ്പം കൂട്ടിയ റഹ്മാൻ സിനിമയെ സ്നേഹിക്കുന്നവർക്കും സംഗീതത്തെ സ്നേഹിക്കുന്നവർക്കുമെല്ലാം അഭിമാനമാണ്. കരിയറില്‍ ഒരുപാട് തിരക്കുകൾ ഉള്ള വ്യക്തിയാണെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ റഹ്മാൻ ശ്രദ്ധിക്കാറുണ്ട്. കുടുംബവുമൊത്ത് പൊതുവേദികളിലും അദ്ദേഹം എത്താറുണ്ട്. അതുകൊണ്ട് തന്നെ ഭാര്യ സൈറ ഭാനുവും മൂന്ന് മക്കളും ആരാധകർക്കും സുപരിചിതരാണ്.

ഇപ്പോഴിതാ തന്റെ വൈവാഹിക ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നിരിക്കുകയാണ് എ ആർ റഹ്മാൻ. വിവാഹശേഷമുള്ള ജീവിതത്തിൽ താൻ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമിടയിൽ പക്ഷം ചേരുന്നത് ഒഴിവാക്കുകയായിരുന്നു അതിൽ ഏറ്റവും വലിയ വെല്ലുവിളിയെന്നും റഹ്മാൻ പറയുന്നു.
സൈറ ഭാനുവിനെ വിവാഹം കഴിച്ചതിൽ തനിക്കു വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും അത് ശാരീരികമല്ല ആത്മീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.
"വിവാഹം നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾക്കു പരിചയമില്ലാത്ത ഒരു വ്യക്തിയോടൊപ്പമാണ് നിങ്ങൾ ജീവിക്കാൻ തുടങ്ങുന്നത്. അത് രണ്ടുപേരിലും ആവേശത്തിനൊപ്പം ഭയവും സൃഷ്ടിക്കും. ഞാൻ വിവാഹം കഴിച്ചതിനു വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. അതുപക്ഷേ ശാരീരികമായിരുന്നില്ല, മറിച്ച് ആത്മീയമായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിൽ എന്തൊക്കെ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും എനിക്കു പിടിച്ചു നിൽക്കാൻ സാധിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു", എ ആർ റഹ്മാൻ പറഞ്ഞു.
മക്കൾ ജനിച്ചപ്പോൾ കുടുംബത്തിലെ സകല കാര്യങ്ങളിലും മാറ്റങ്ങളുണ്ടായി. അമ്മയെയും ഭാര്യയെയും മക്കളെയുമെല്ലാം ഒരുമിച്ചു കൊണ്ടുപോവുക അത്ര എളുപ്പമല്ല. ആരുടെയും പക്ഷം പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരെയും ഒരുമയോടെ നിലനിര്‍ത്താൻ ശ്രമിക്കണം. എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടാകും. അതുപോലെ തന്നെ സ്നേഹവുമുണ്ട്. വിവാഹം തന്നിലെ വിവേകത്തെയും ക്ഷമയെയും അനുകമ്പയെയുമെല്ലാം വലിയ രീതിയിൽ വളർത്തിയെന്നും എ ആർ റഹ്മാൻ വ്യക്തമാക്കി.

29ാം വയസ്സിൽ താൻ ആവശ്യപ്പെട്ട പ്രകാരം അമ്മ കരീമയാണ് തനിക്കു വേണ്ടി വിവാഹം ആലോചിച്ചതെന്ന് മുൻപ് ഒരു അഭിമുഖത്തിൽ റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. വധുവിനെ കണ്ടെത്താൻ തനിക്കു സമയമില്ലാതിരുന്നെന്നും എന്നാൽ അത് വിവാഹം കഴിക്കേണ്ട പ്രായമാണെന്നു താൻ മനസ്സിലാക്കിയിരുന്നെന്നുമായിരുന്നു റഹ്മാൻ പറഞ്ഞത്. 1995 ലാണ് എ ആർ റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ റഹ്മാൻ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അവാർഡ് വേദികളിലൊക്കെ റഹ്മാനൊപ്പം ഭാര്യയും ഉണ്ടാകാറുണ്ട്.
ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്. മൂവരും സോഷ്യൽമീഡയിൽ വളരെ സജീവമാണ്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സംഗീതരംഗത്ത് എത്തിക്കഴിഞ്ഞു. മൂത്തമകൾ ഖദീജ സംഗീത സംവിധായികയാകാനും ഒരുങ്ങുകയാണ്. മിന്‍മിനി എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. ഗായിക എന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധേയയാണ് ഖദീജ. 14-ാം വയസ്സിലായിരുന്നു ഖദീജയുടെ അരങ്ങേറ്റം. എന്തിരൻ സിനിമയിൽ പുതിയ മനിത എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം.


Click it and Unblock the Notifications











