റെക്കോര്‍ഡിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ദാസേട്ടന്റെ കോള്‍; അങ്ങനെ എംജിയെ മാറ്റേണ്ടി വന്നു: മോഹന്‍ സിത്താര
മലയാളികള്‍ ഒരുകാലത്തും മറക്കില്ലാത്ത ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് മോഹന്‍ സിത്താര. അടിച്ചു പൊളിയാണെങ്കിലും മെലഡി ആണെങ്കിലും, എല്ലാം അദ്ദേഹത്തിന്റെ കരങ്ങളില്‍ ഭദ്രമാണ്. ഇപ്പോള്‍ സംഗീത സംവിധാന രംഗത്ത് സജീവമല്ലെങ്കിലും മലയാള സിനിമയും സംഗീതവും നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ പാട്ടുകള്‍ നമ്മള്‍ ഓര്‍ക്കും.
മനോഹരമായ പാട്ടുകള്‍ ഒരുക്കാനായി പരമ്പരാഗത രീതികളെ മാറ്റിയെഴുതാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ കാലങ്ങള്‍ കഴിഞ്ഞും ഫ്രഷ്‌നെസ് നഷ്ടപ്പെടാതെ പുതുതലമുറയുടേയും ഉള്ളു തൊടുകയാണ്. ഇപ്പോഴിതാ തനിക്ക് ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത ശേഷം പോലും ഗായകനെ മാറ്റേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ സിത്താര.

എം ജി ശ്രീകുമാറിനെ മാറ്റി പകരം കെ ജെ യേശുദാസിനെക്കൊണ്ട് പാടിക്കേണ്ടി വന്നതിനെക്കുറിച്ചാണ് മോഹന്‍ സിത്താര സംസാരിക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്. എംജി ശ്രീകുമാര്‍ പാടിയ ശേഷമായിരുന്നു അദ്ദേഹത്തെ മാറ്റി യേശുദാസിനെക്കൊണ്ട് പാടിക്കുന്നത്. ദിനേശ് ബാബു സംവിധാനം ചെയ്ത മഴവില്ല് എന്ന സിനിമയിലായിരുന്നു ആ സംഭവം.
ചിത്രത്തിലെ ശിവദം ശിവ നാമം എന്ന പാട്ടിനെക്കുറിച്ചാണ് മോഹന്‍ സിത്താര സംസാരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നു പാട്ടിന് വരികളെഴുതിയത്. അന്ന് നടന്നത് എന്തെന്ന് എംജിയ്ക്കും അറിയാമെന്നും തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നുമാണ് മോഹന്‍ സിത്താര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
'അതിമനോഹരമായി കൈതപ്രം എഴുതിയ ഒരു ഗാനമായിരുന്നു 'ശിവദം ശിവ നാമം' എന്നത്. ഈ ഗാനം പാടാന്‍ ഞാന്‍ ആലോചിച്ചത് യേശുദാസിനെ വെച്ചായിരുന്നു.ആസ്വദിച്ചാണ് ആ വര്‍ക്ക് ചെയ്തത്. എന്നാല്‍ യേശുദാസിനെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, മോനെ എനിക്ക് ഭയങ്കര തിരക്കാണ്. ഒരാഴ്ച കഴിഞ്ഞേ ഫ്രീയാകു എന്നാണ്. പക്ഷെ ദിനേശിനാണെങ്കില്‍ ഷൂട്ടിന് സമയം ആവുകയും ചെയ്തു. ഷൂട്ടില്‍ പാട്ടിന്റെ ലിപ് മൂവ്‌മെന്റ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ പാട്ട് എത്രയും വേഗം തന്നെ റെക്കോഡ് ചെയ്യണമായിരുന്നു. അങ്ങനെയാണ് എം.ജിയെ കൊണ്ട് പാടിപ്പിച്ചത്. അങ്ങനെ ശ്രീക്കുട്ടന്‍ അത് പാടി. ഭയങ്കര രസായിട്ട് തന്നെ ശ്രീക്കുട്ടന്‍ അത് പാടുകയും ചെയ്തു'' മോഹന്‍ സിത്താര പറയുന്നു.
പക്ഷെ വിഷമിച്ചു പോയത് അവിടെയൊന്നുമല്ല, പാട്ടിന്റെ റെക്കോര്‍ഡും കഴിഞ്ഞ് പുറത്തുവരുമ്പോഴുണ്ട് ഒരു ഫോണ്‍ കോള്‍ വരുന്നു. എടാ ഇത് ഞാനാ എന്ന് പറഞ്ഞ് വന്ന ഫോണ്‍ കോള്‍ ദാസേട്ടന്റെ ആയിരുന്നു എന്നാണ് മോഹന്‍ സിത്താര പറയുന്നത്. എടാ നീ ഫ്രീയാണോ, നമുക്ക് പാടാം എന്നായിരുന്നു ദാസേട്ടന്‍ പറഞ്ഞത്. ഞാന്‍ സത്യത്തില്‍ എന്താ ചെയ്യണ്ടേ എന്ന് അറിയാത്ത അവസ്ഥയായി. ഒരു പിടിയും കിട്ടാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പിന്നീട് ശ്രീക്കുട്ടന്‍ പാടിയ ആ ട്രാക്ക് മാറ്റി ദാസ് സര്‍ പാടുകയായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു അത്. ശ്രീ കുട്ടനും അതറിയാം എന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും പാട്ട് പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ഹിറ്റായി മാറുകയും ചെയ്തു. യേശുദാസ് മനോഹരമായി തന്നെ ആ ഗാനം ആലപിച്ചിരിക്കുകയും ചെയ്യുന്നു. എന്നാല്‍ എംജി ശ്രീകുമാറായിരുന്നുവെങ്കില്‍ ആ പാട്ട് എങ്ങനെയായിരിക്കും വന്നിരിക്കുക എന്ന ആകാംഷ കേള്‍വിക്കാരില്‍ ബാക്കിയാക്കുകയാണ് മോഹന്‍ സിത്താരയുടെ ഈ തുറന്നു പറച്ചില്‍.
1986 ല്‍ പുറത്തിറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെയാണ് മോഹന്‍ സിത്താര സംഗീത സംവിധായകനായി മാറുന്നത്. രാരി രാരീരം രാരോ, നീര്‍മിഴി പീലിയില്‍, ഇല കൊഴിയും ശിശിരത്തില്‍, കാനനകുയിലിന്, പ്രമഥവനിയില്‍ വീമ്ടും, ഉള്ളി വാവാവോ, മേലെ വെള്ളിത്തിങ്കള്‍, കണ്ണീര്‍ മഴയത്ത്, ഇന്ദ്രനീലം ചൂടി, കാണുമ്പോള്‍ പറയാമോ തുടങ്ങി മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി പാട്ടുകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി.


Click it and Unblock the Notifications











