'ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ നാദിര്‍ഷ
താര ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും. എഐ പോലുള്ള സാങ്കേതികവിദ്യയുടെ കടന്നു വരവോടെ താരങ്ങളുടെ വ്യാജ വീഡിയോകളും മറ്റും നിര്‍മ്മിച്ചു കൊണ്ടുള്ള നുണ പ്രചരണങ്ങളും പതിവാണ്. തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന പേരില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനേയും വാക്കുകള്‍ വളച്ചൊടിക്കുന്നതിനെയുമൊക്കെ എതിര്‍ത്തുകൊണ്ട് പല താരങ്ങള്‍ക്കും രംഗത്ത് വരേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ. മഞ്ജു വാര്യരെക്കുറിച്ച് താന്‍ പറയാത്തൊരു കാര്യം വാര്‍ത്തയായി നല്‍കിയതിനെതിരെയാണ് നാദിര്‍ഷ രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനൊരു കാര്യം താനും മഞ്ജു വാര്യരും അറിഞ്ഞിട്ടില്ലെന്നാണ് നാദിര്‍ഷ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നാദിര്‍ഷയുടെ പ്രതികരണം.

''ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞ പത്രങ്ങളേ. ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌കാരം'' എന്നാണ് നാദിര്‍ഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. വ്യാജ വാര്‍ത്തയും നാദിര്‍ഷ പങ്കുവച്ചിട്ടുണ്ട്. ''മഞ്ജു വാര്യര്‍ ഒരുപാട് മാറിപ്പോയി. പഴയ കാര്യങ്ങളെല്ലാം മറന്നു. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ'' എന്നായിരുന്നു വാര്‍ത്ത.
പിന്നാലെ നിരവധി പേരാണ് നാദിര്‍ഷയുടെ പ്രതികരണത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ''വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് മാപ്പ് കൊടുത്തു നല്ല നടപ്പിന് വിടണം പ്ലീസ്, കേരളത്തില്‍ മഞ്ഞ പത്രങ്ങളും നീല പത്രങ്ങള്‍ക്കും ഒരേപോലെ ആയിട്ടുണ്ട് , അവര്‍ക്ക് ഒരു ദിവസം ആരെയെങ്കിലും ഇതുപോലെ വിഷയങ്ങള്‍ ഉണ്ടാക്കി ജീവിക്കണം അത് ഉള്ളതാണോ ഇല്ലാത്തത് ആണോ എന്നൊന്നും നോക്കുന്നേയില്ല. അതിനൊരു മാന്യത കാണിക്കുക പോലും ഇല്ലാതായി, ഇതാണ് പറയുന്നത് സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കുമെന്ന്, അടിപൊളി പത്രധര്‍മ്മം. സെലിബ്രിറ്റികളെ കുറിച്ച് എന്തെങ്കിലും ഒക്കെ പടച്ചിറക്കിവിട്ടാലല്ലേ ബ്രോ ഇവറ്റകള്‍ക്കുള്ള ആഹാരം ലഭിക്കുകയുള്ളൂ'' എന്നിങ്ങനെയാണ് ചില കമന്റുകള്‍.

വാർത്തയോട് മഞ്ജു വാര്യർ ഇതുവരേയും പ്രതികരിച്ചിട്ടില്ല. പൊതുവെ വിവാദങ്ങളോട് അകലം പാലിക്കുന്നത് തന്നെയാണ് മഞ്ജുവിന്റെ ശീലം. അതേസമയം കരിയറില്‍ മിന്നും ഫോമിലാണ് മഞ്ജുവുള്ളത്. മലയാളത്തില്‍ മഞ്ജു വാര്യരുടേതായി ഒരു സിനിമ പുറത്തിറങ്ങിയിട്ട് കുറച്ചുനാളുകളായി. കഴിഞ്ഞ വർഷം ഒരു സിനിമ മാത്രമാണ് മഞ്ജുവിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങിയത്. എന്നാല്‍ തമിഴില്‍ സജീവമാണ് മഞ്ജു വാര്യർ.
പോയ വർഷം മഞ്ജുവിന്റേതായി തീയേറ്ററിലെത്തിയ തമിഴ് ചിത്രങ്ങള്‍ വേട്ടയ്യാനും വിടുതലെെ പാർട്ട് 2വുമാണ്. എന്തായാലും മഞ്ജുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകർക്ക് ഇത് പ്രതീക്ഷയുടെ നാളുകളാണ്. മലയാള സിനിമ കാത്തിരിക്കുന്ന എമ്പുരാനാണ് മഞ്ജുവിന്റെ പുതിയ സിനിമ. ആദ്യ ഭാഗമായ ലൂസിഫർ നേടിയ വലിയ വിജയം എമ്പുരാനും ആവർത്തിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെയുണ്ട്.


Click it and Unblock the Notifications