എന്റെ അടുത്തെത്തിയപ്പോള്‍ എന്തോ പറഞ്ഞു; ഞാന്‍ തിരിഞ്ഞുനിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി!
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നദിയ മൊയ്തു. ഇന്നും മലയാളികള്‍ക്ക് നദിയ എന്നാല്‍ തങ്ങളുടെ ഗേളിയാണ്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ഭീഷ്മ പര്‍വ്വത്തിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നദിയ മൊയ്തു. തന്റെ തിരിച്ചുവരവിനെക്കുറിച്ച് മനസ് തുറക്കുകയാണ് നദിയ മൊയ്തു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.
ഇത്രയും നാളും എവിടെയായിരുന്നുവെന്ന ചോദ്യത്തിനാണ് നദിയ മൊയ്തു മറുപടി നല്‍കുന്നത്. ''ജീവിതത്തില്‍ നമ്മളറിയാത്ത പല വേഷങ്ങളും നിയോഗങ്ങളുമുണ്ടാകും. ഞാന്‍ ഒരു സിനിമാനടിയായതും അതുപോലെത്തന്നെയാണ്. 1984-ല്‍ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വന്നശേഷം കുറെ നല്ലസിനിമകളുടെ ഭാഗമാകാന്‍ എനിക്കുകഴിഞ്ഞു'' എന്നാണ് നദിയ പറയുന്നത്. 'ഒന്നിങ്ങുവന്നെങ്കില്‍' എന്ന സിനിമയിലെ മീരയും 'ശ്യാമ'യിലെ ശ്യാമയും 'കൂടുംതേടി'യിലെ ജൂഡിയും 'പൂവിനു പുതിയ പൂന്തെന്നലി'ലെ നീതയും ഉള്‍പ്പെടെ ഒട്ടേറെ കഥാപാത്രങ്ങള്‍ ഓര്‍ക്കുന്നു താരം.

1988ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമായിരുന്നു എന്റെ യാത്ര. കുടുംബത്തിനൊപ്പം വിദേശത്തായിരുന്ന ആ കാലത്ത് ഞാന്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നാണ് നദിയ പറയുന്നത്.. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലെയും മക്കളായ സനവും ജാനയും അടങ്ങുന്ന കുടുംബമായിരുന്നു എന്റെ സ്വര്‍ഗം. അവര്‍ കൂടെയുള്ളപ്പോള്‍ അതിനെക്കാള്‍ വലിയ ഒരു സന്തോഷവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും താരം പറയുന്നു. പിന്നീട് പത്തുവര്‍ഷത്തിനുശേഷം 'എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നദിയയുടെ തിരിച്ചുവരവ്. ഭര്‍ത്താവുതന്നെയാണ് സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവ് ഏറെ ആഗ്രഹിച്ചതും അതിനുള്ള പിന്തുണ തന്നതെന്നാണ് നദിയ പറയുന്നത്. താന്‍ സിനിമയിലേക്ക് എത്തിയ കഥയും താരം പങ്കുവെക്കുന്നുണ്ട്.

സിനിമയില്‍ എത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായാണെന്നാണ് നദിയ പറയുന്നത്. ഞങ്ങള്‍ മുംബൈയില്‍ താമസിക്കുന്ന കാലത്ത് ഒരുദിവസം ഞാന്‍ കോളേജില്‍നിന്നുവരുമ്പോള്‍ ഫാസില്‍ അങ്കിള്‍ വീട്ടിലുണ്ട്. പുതിയ സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമായി എന്നെ കാണാനായാണ് വരുന്നതെന്നും അങ്കിള്‍ നേരത്തേ എന്റെ പപ്പയോടു പറഞ്ഞിരുന്നു. വീട്ടില്‍ ഞാന്‍ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഫാസില്‍ അങ്കിള്‍ അവിടെ ഇരുന്നു. പിന്നീട് എന്നെയുംകൂട്ടി അങ്കിള്‍ നടക്കാന്‍ പോയി. എന്റെ ഇഷ്ടങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും നടക്കുന്നതിനിടയില്‍ അങ്കിള്‍ ചോദിച്ചുകൊണ്ടിരുന്നു. ആ സമയത്ത് സൈക്കിള്‍ ചവിട്ടി കുറെ ആണ്‍കുട്ടികള്‍ ഞങ്ങള്‍ക്കരികിലൂടെ കടന്നുപോയി. അതിലാരോ എന്റെ അടുത്തെത്തിയപ്പോള്‍ എന്തോ അവ്യക്തമായി പറഞ്ഞിട്ടുപോയി. ഞാന്‍ തിരിഞ്ഞുനിന്ന് അവനെ ഒന്നു രൂക്ഷമായിനോക്കി. സത്യത്തില്‍ ആ നോട്ടത്തിലാണ് ഗേളി എന്ന കഥാപാത്രത്തെ അങ്കിള്‍ എനിക്കുതന്നത്.'' എന്നാണ് തന്റെ അരങ്ങേറ്റത്തെക്കുറിച്ച് നദിയ പറയുന്നത്.

ഭീഷ്മ പര്‍വ്വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടെ നദിയയോട് മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ അസൂയ തോന്നുന്നുണ്ടോ എന്ന് ചോദിച്ചതും അതിന് നദിയ നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ചും നദിയ മനസ് തുറക്കുന്നുണ്ട്്. 'മമ്മൂക്കയുടെ ഗ്ലാമര്‍ ഒരദ്ഭുതം തന്നെയാണ്. 35 വര്‍ഷംമുമ്പ് ഒപ്പം അഭിനയിച്ചപ്പോള്‍ കണ്ട അതേ ഗ്ലാമറിലും ആവേശത്തിലുമാണ് മമ്മൂക്ക ഇപ്പോഴുമുള്ളതെന്നാണ് നദിയ പറയുന്നത്. മമ്മൂക്കയെ ഒരിക്കലും തീരാത്ത ഗ്ലാമറില്‍ കാണുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും താരം പറയുന്നു. പക്ഷേ, ഞങ്ങള്‍ പെണ്ണുങ്ങള്‍ ഫിറ്റ്നസ് എത്ര കാര്യമായി സൂക്ഷിച്ചാലും നല്ല റോളുകള്‍ ലഭിക്കുന്നില്ല എന്നതു സത്യമാണെന്നാണ് നദിയ മൊയ്തു അഭിപ്രായപ്പെടുന്നത്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ നടിമാരെ നായിക എന്ന സങ്കല്പത്തിലേക്കു കൊണ്ടുവരാന്‍ ആരും തയ്യാറാകുന്നില്ലെന്നും ഈ ചിന്താഗതി ഉടനെയൊന്നും മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ലെന്നും നദിയ കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.് ഷൈന്‍ ്‌ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ലെന, സുദേവ് നായര്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.


Click it and Unblock the Notifications











