കോളേജ് പ്രണയം, വീട്ടുകാര്‍ സമ്മതം മൂളി; സിനിമ ഉപേക്ഷിച്ച് യുഎസിലേക്ക് പറന്നു: നദിയ മൊയ്തു
എവര്‍ ഗ്രീന്‍ നായിക എന്നാണ് നദിയയെക്കുറിച്ച് ആരാധകര്‍ പറയുന്നത്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി നിറഞ്ഞു നിന്ന നദിയ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന നദിയ രണ്ടാം വരവിലും കയ്യടി നേടി. ഇപ്പോള്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ കയ്യടി നേടുകയാണ് നദിയ.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും സിനിമയ്ക്ക് പുറമെയുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നദിയ മൊയ്തു. വനിതയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലാണ് നദിയ മൊയ്തു മനസ് തുറക്കുന്നത്.

അച്ഛനും അമ്മയും ടാറ്റയില്‍ ആണ് ജോലി ചെയ്തിരുന്നത്. ഞാനും അനുജത്തിയും സ്‌കൂളില്‍ ആയിരിക്കുമ്പോള്‍ എല്ലാ അവധിക്കാലത്തും അച്ഛന്റെ നാടായ തലശ്ശേരിയിലും അമ്മയുടെ നാടായ തിരുവല്ലയിലും വന്നു താമസിക്കും. നാട്ടിലെ സ്ത്രീകള്‍ മുണ്ടും ബ്ലൗസും അണിഞ്ഞ് ഒപ്പം തോര്‍ത്ത് ദാവണിപോലെ ഇട്ടു നടന്നു പോകുന്നതു കാണുമ്പോള്‍ കുട്ടിക്കാലത്ത് വലിയ കൗതുകമായിരുന്നു. വലുതായപ്പോള്‍ മനസിലായി അതു പാടത്തും പറമ്പിലും പണിയെടുക്കാനുള്ള സൗകര്യത്തിനാണെന്ന്. വസ്ത്രങ്ങള്‍ എപ്പോഴും സൗകര്യത്തിനും ഇഷ്ടത്തിനുമാണ് ധരിക്കേണ്ടതെന്ന് നദിയ പറയുന്നു.
സിനിമയില്‍ എത്തും മുമ്പ് തന്നെ ഷിരിഷുമായി പ്രണയത്തിലായിരുന്നു. കോളേജ് പ്രണയമായിരുന്നു. തമിഴിലും തെലുങ്കിലും അഭിനയിച്ചെങ്കിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവാഹിതയായി യുഎസ്സിലേക്ക് പറന്നു. അച്ഛനമ്മമാരെ ഞാന്‍ നന്ദിയോടെ ഓര്‍ക്കും. പ്രോമിസിങ് ആയ കരിയര്‍ കിട്ടിയിട്ടും ഇത്ര ചെറുപ്പത്തില്‍ തന്നെ എന്റെ ഇഷ്ടത്തിന് വിവാഹം ചെയ്യാന്‍ അനുവദിച്ചതോര്‍ത്ത്. ഒന്നും പ്ലാന്‍ ചെയ്യാറില്ല അന്നും ഇന്നും. ജീവിതത്തിലേക്ക് വരുന്നതിനെ കൈ നീട്ടി സ്വീകരിച്ച് ആ ഒഴുക്കില്‍ അങ്ങ് പോവുകയാണെന്നും താരം പറയുന്നു.
മക്കള്‍ മുതിര്‍ന്ന ശേഷമാണ് സിനിമയിലേക്ക് രണ്ടാം വരവ്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് സിനിമ. നോക്കെത്താ ദൂരത്തു പോലെ തന്നെ അഥും ഒരു ടൈംലെസ് മൂവിയാണ്. എക്കാലത്തേയും ഹിറ്റ്. എന്നിട്ടും ഇനി എനിക്ക് സിനിമ മതി എന്നൊന്നും ചിന്തിച്ചില്ല. ഷിരിഷിന്റെ ജോലി സംബന്ധമായി മുംബൈയില്‍ തിരിച്ചെത്തി സെറ്റില്‍ ചെയ്ത ശേഷമാണ് സിനിമയില്‍ ഇപ്പോള്‍ സജീവമായതെന്നും നദിയ പറയുന്നു.

മക്കള്‍ രണ്ടു പേരും ജോലിക്കാരായി. സനം ന്യൂയോര്‍ക്കില്‍. ജാന ലണ്ടനില്‍. സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാതിരുന്നുവെങ്കില്‍ ഈ 40 വര്‍ഷത്തിനുള്ളില്‍ എണ്ണമറ്റ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കില്ലായിരുന്നോ എന്നൊക്കെ ചിലര്‍ ചോദിക്കും. കുറെയൊക്കെ ശരിയായിരിക്കും. പക്ഷെ ഇപ്പോഴും ആളുകള്‍ അന്നത്തെ പോലെ സ്‌നേഹിക്കുന്നുണ്ടല്ലോ അത് വലിയ അനുഗ്രഹമല്ലേ? എന്നാണ് താരം ചോദിക്കുന്നത്.
വണ്ടര്‍ വുമണ്‍, ഭീഷ്മ പര്‍വ്വം എന്നീ സിനിമകളിലാണ് അവസനമായി നദിയയെ മലയാളത്തില്‍ കണ്ടത്. ലെറ്റ്സ് ഗെറ്റ് മാരീഡ് എന്ന ചിത്രത്തിലാണ് നദിയ ഒടുവിലായി അഭിനയിച്ചത്. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടിയിലും സാന്നിധ്യം അറിയിച്ച താരമാണ് നദിയ മൊയ്തു.


Click it and Unblock the Notifications











