ഒരു പാന്റേയുള്ളൂ..! മണി പറഞ്ഞത് കേട്ട് എന്റെ ചങ്ക് തകര്‍ന്നു; ഞാനില്ലെങ്കിലും മണി വേണമെന്ന് തീരുമാനിച്ചു
മലയാളി ഒരിക്കലും മറക്കില്ലാത്ത കലാകാരനാണ് കലാഭവന്‍ മണി. മരിച്ച് നാളിതുവരെയായിട്ടും മണിയെ മലയാളി മറന്നിട്ടില്ല. ഓട്ടോറിക്ഷകളിലും ബസുകളിലുമെല്ലാം മണി ഇപ്പോഴും പാടിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തെ ഇത്രത്തോളം സ്പര്‍ശിച്ച മറ്റൊരു താരമുണ്ടോ എന്ന് പോലും സംശയമാണ്.
ഇപ്പോഴിത കലാഭവന്‍ മണിയെ ആദ്യമായി കണ്ടതിന്റെ ഓര്‍മ്മ പങ്കുവെക്കുകയാണ് നടനും സംവിധായകനുമൊക്കെയായ മണിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന നാദിര്‍ഷ. അമൃത ടിവിയിലെ ഓര്‍മ്മയില്‍ എന്നും എന്ന പരിപാടിയില്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മ പങ്കുവക്കുന്നതിനിടെയാണ് നാദിര്‍ഷ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാന്‍ മണിയെ ആദ്യമായി കാണുന്നത് കലാഭവന്റെ സ്റ്റേജുകളില്‍ പരിപാടി അവതരിപ്പിക്കുന്നതാണ്. അന്ന് കലാഭവന്‍, ഹരിശ്രീ, ഓസ്‌കാര്‍ എന്നിങ്ങനെയുള്ള ട്രൂപ്പുകള്‍ മത്സര ബുദ്ധിയോടു കൂടി പരിപാടികള്‍ ചെയ്യുന്ന സമയമാണ്. മണിയുടെ ഒന്ന് രണ്ട് സ്‌റ്റേജ് പരിപാടികള്‍ ഞാന്‍ കണ്ടിരുന്നു. സ്റ്റേജില്‍ കായികമായ അഭ്യാസങ്ങളൊക്കെ ചെയ്യുമായിരുന്നു മണി. സാധാരണ മിമിക്രിക്കാര്‍ കാണിക്കുന്നതിന് അപ്പുറം ശരീരം കൊണ്ട് കാണിക്കാവുന്നതിന്റെ പരാമവധി മണി കാണിക്കുമായിരുന്നു.മണിയെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ വലിയ അടുപ്പമായിരുന്നില്ല. കണ്ടാല്‍ ചിരിക്കും.
പിന്നീട് മണിയെ നേരിട്ട് കാണുന്നത് ഒരു ഇന്റര്‍വ്യുവിന് വേണ്ടിയാണ്. ഒരു ഗള്‍ഫ് ഷോയ്ക്ക് വേണ്ടിയായിരുന്നു. രണ്ട് മിമിക്രിക്കാര്‍ വരുമെന്നാണ് പറഞ്ഞത്. ഒന്ന് ടിനി ടോം ആയിരുന്നു. രണ്ടാമത്തെയാളാണ് മണിയാണ്. രണ്ട് പേരേയും നോക്കിയിട്ട് തീരുമാനിക്കണം, അതേസമയം തന്നെ ദീലിപും ഈ ഷോയ്ക്ക് വരാനായി നില്‍ക്കുന്നുണ്ട്. ടിനി ടോം ഓള്‍റെഡി ഇന്‍ ആയിരുന്നു. മണിയെ നോക്കിയ ശേഷം പറ്റില്ലെങ്കില്‍ ദിലീപിനെ കൊണ്ടു പോകും എന്നായിരുന്നു തീരുമാനം.
മണിയുടെ ഒരു ഡയലോഗിലാണ് ഞാന്‍ വീണു പോകുന്നത്. മണി എല്ലാ അഭ്യാസവും കാണിക്കും. പക്ഷെ ഞങ്ങളുടെ മനസില്‍ ദിലീപിനെ കൊണ്ടു പോകണം എന്നായിരുന്നു. അതിന് ഇവനെ കളഞ്ഞാലെ പറ്റൂ. അങ്ങനെയിരിക്കുന്ന സമയമാണ്. അപ്പോള്‍ മണി 'ഞാന്‍ ആന നടന്നു പോകുന്നത് കാണിക്കാം. ആനയുടെ പിന്‍വശമാണ്. പക്ഷെ കറുത്ത പാന്റ് വേണം എന്നാലേ ശരിയാകൂ' എന്ന് പറഞ്ഞു. എന്നാല്‍ കൊണ്ടു വരാന്‍ പാടില്ലായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു.

ഒരു പാന്റേയുള്ളൂ, അത് കഴിയിട്ടിരിക്കുകയാണ്. നാളെ അതിട്ട് വേണം പരിപാടിക്ക് പോകാന്‍ എന്നായിരുന്നു മണിയുടെ മറുപടി. എന്റെ ചങ്ക് തകര്‍ന്നു പോയി. അതോടെ ആ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തില്ലെങ്കിലും മണി വേണം എന്ന് തീരുമാനിച്ചു. അതായിരുന്നു മണിയുടെ ആദ്യത്തെ വിദേശയാത്ര.
അന്നു തൊട്ടുള്ളൊരു ബന്ധമാണ്. ഒരുമാസക്കാലം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ആദ്യം വേറെ വേറെ റൂമുകളിലായിരുന്നു കിടന്നിരുന്നത്. ഒരു ദിവസം ഞാന്‍ നോക്കിയപ്പോള്‍ ഓര്‍ഗസ്ട്രക്കാരുടെ കൂടെ ഒരു മൂലയ്ക്ക് ഷീറ്റ് വിരിച്ച് കിടന്നുറങ്ങുകയായിരുന്നു മണി. അവിടെ നിന്നും ഞാന്‍ വിളിച്ചു കൊണ്ട് വന്ന് എന്റെ മുറിയില്‍ കിടത്തി. അങ്ങനെ തുടങ്ങിയതാണ്.''


Click it and Unblock the Notifications