പ്രണയം വേര്‍പിരിഞ്ഞപ്പോള്‍ മാനസികമായി പിന്തുണച്ചത് അച്ഛനും അമ്മയും; ആ തീരുമാനം ശരിയായിരുന്നു: നന്ദിനി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നന്ദിനി. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകളില്‍ നന്ദിനി നായികയായി അഭിനയിച്ചിട്ടുണ്ട്. അയാള്‍ കഥയെഴുതുകയാണ് മുതല്‍ കരിമാടിക്കുട്ടന്‍ വരെ ധാരാളം സിനിമകള്‍ നന്ദിനിയുടേതായുണ്ട്. തമിഴ്‌നാട്ടുകാരിയായ നന്ദിനി തമിഴിലും നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു നന്ദിനി.
ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത് എന്ന് തുറന്ന് പറയുകയാണ് നന്ദിനി. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി മനസ് തുറന്നത്.

മനപ്പൂര്‍വ്വം ബ്രേക്ക് എടുത്തതല്ല. ഒരു ഇടയ്ക്ക് ഒരു സിനിമ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അത് റിലീസായിട്ടില്ല. അതിനു മുമ്പു തന്നെ എനിക്ക് കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകാരണം കൊണ്ടാണ് സിനിമകളൊന്നും ചെയ്യാന്‍ കഴിയാതിരുന്നതെന്നാണ് നന്ദിനി പറയുന്നത്. മലയാളത്തിലേക്ക് തിരികെ വരുന്നതിനെക്കുറിച്ചും നന്ദിനി സംസാരിക്കുന്നുണ്ട്.
മലയാള ഭാഷ എനിക്കത്ര വഴങ്ങില്ല എന്നത് ഒഴിച്ചാല്‍ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് വളരെ സന്തോഷം നല്‍കുന്നതാണ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചിലത് കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അടുത്ത വര്‍ഷം തീര്‍ച്ചയായും ഒരു സിനിമയുണ്ടാകും എന്നാണ് താരം പറയുന്നത്. അതേസമയം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നന്ദിനി. ഇതേക്കുറിച്ച് അഭിമുഖങ്ങളിലും മറ്റും നിരന്തരം നന്ദിനിയോട് ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
അങ്ങനെ ദേഷ്യം തോന്നാറൊന്നുമില്ല. ഇന്റര്‍വ്യുകളിലാണ് പ്രധാനമായും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരാറ്. എന്റെ സുഹൃത്തുക്കളും മറ്റും ഈ കാര്യം വളരെ നോര്‍മലായി തന്നെയാണ് കാണുന്നത്. പക്ഷെ ആ ചോദ്യത്തേയും ഞാനിപ്പോഴും അവിവാഹിതയാണ് എന്നുള്ള കാര്യത്തേയും വളരെ കൂളായി തന്നെയാണ് കാണുന്നത്. വിവാഹം എന്നതിന് പ്രായപരിധി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ വിവാഹം കഴിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് തന്നെ നമ്മളാണ് സമൂഹമല്ല. സിംഗിള്‍ ആയിരിക്കുന്നതില്‍ സന്തോഷവതിയാണ് എന്ന് അംഗീകരിച്ചു കൊണ്ട് തന്നെ വളരെ യോജിച്ച ഒരാളെ കിട്ടുകയാണെങ്കില്‍ ഇപ്പോഴും വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറുമാണെന്നും താരം വ്യക്തമാക്കുന്നു.
എന്റെ ലൈഫിലും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ പ്രണയം വേര്‍പിരിഞ്ഞപ്പോള്‍ എന്റെ അച്ഛനും അമ്മയുമാണ് എന്നെ മാനസികമായി പിന്തുണച്ചത്. പക്ഷെ എനിക്കറിയാം ഞങ്ങളുടെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന്. പിന്നീട് ഞാന്‍ അതിനോട് യോജിക്കുകയായിരുന്നു. മോശം അവസ്ഥകള്‍ സമയം കൊടുത്ത് ശരിക്കാന്‍ പറ്റുന്നതാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും നന്ദിനി പറയുന്നു.

അതേസമയം, മലയാളികള്‍ക്ക് നന്ദിനിയാണെങ്കില്‍ തമിഴ് പ്രേക്ഷകര്‍ക്ക് നടി കൗസല്യയാണ്. ഏപ്രില്‍ 19 എന്ന മലയാള സിനിമയിലൂടെയാണ് നന്ദിനി അഭിനയ രംഗത്തേക്ക് കടക്കുന്നത്. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് നന്ദിനി. ഇതോടെ കവിത എന്ന യഥാര്‍ത്ഥ പേര് മാറ്റി നന്ദിനി എന്ന പേരില്‍ നടി സിനിമാ ലോകത്ത് അറിയപ്പെട്ടു. കാലമെല്ലാം കാതല്‍ വാഴ്ക എന്ന സിനിമയിലൂടെയാണ് തമിഴകത്തേക്ക് നടി കടക്കുന്നത്.
കരുമാടിക്കുട്ടന്‍, ലേലം, അയാള്‍ കഥയെഴുതുകയാണ്, സുന്ദര പുരുഷന്‍, വജ്രം തുടങ്ങിയവയാണ് നന്ദിനി ചെയ്ത മലയാള സിനിമകള്‍. തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളില്‍ നന്ദിനി അഭിനയിച്ചു. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നന്ദിനി സജീവമല്ല. ബാംഗ്ലൂരില്‍ തിരക്കുകളില്‍ നിന്നെല്ലാം മാറി ജീവിക്കുകയാണ് നന്ദിനി.


Click it and Unblock the Notifications











