നേട്ടം കൊയ്ത് ഇന്ദ്രന്‍സും മേപ്പടിയാനും; ദേശീയ പുരസ്‌കാരത്തിലെ മലയാളി തിളക്കങ്ങള്‍
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായ പുരസ്‌കാര പ്രഖ്യാപനമാണ് നടന്നിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ട്ട് സിനിമകള്‍ക്കൊപ്പം തന്നെ വാണിജ്യ സിനിമകളെ തേടിയും പുരസ്‌കാരങ്ങളെത്തിയിട്ടുണ്ട്. ഈ പുരസ്‌കാര നേട്ടത്തില്‍ മലയാളത്തിലും അഭിമാനാര്‍ഹമായ നേട്ടങ്ങളുണ്ട്.
മലയാളത്തിനും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനത്തിലുണ്ട്. മലയാളത്തിലെ പുരസ്‌കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഇന്ദ്രന്‍സിന്റെ നേട്ടമാണ്. ജൂറിയുടെ പ്രത്യേക പരാമര്‍ശമാണ് ഇന്ദ്രന്‍സിനെ തേടിയെത്തി. ഹോം എന്ന സിനിമയിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. കടൈസി വ്യവസായിലെ പ്രകടനത്തിന് ശ്രീ നല്ലന്ദിയ്ക്കും പ്രത്യേക പരാമര്‍ശമുണ്ട്.

കേരള ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ അവസാന ഘട്ടം വരെ മുന്നിലുണ്ടായിരുന്ന താരമാണ് ഇന്ദ്രന്‍സ്. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് അവാര്‍ഡ് ഇന്ദ്രന്‍സില്‍ നിന്നും വിട്ടു പോകുന്നത്. ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിക്കാതിരുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ദ്രന്‍സിനെ തേടിയ ദേശീയ പുരസ്‌കാരമെത്തുന്നത്. ഈ നേട്ടം ഇന്ദ്രന്‍സിന് ഇരട്ടി മധുരമായിരിക്കുകയാണ്.
പുതുമുഖ സംവിധായകന്റെ മികച്ച സിനിമയ്ക്കുള്ള ഇന്ദ്രിരാഗാന്ധി പുരസ്‌കാരവും മലയാളത്തിനാണ്. മേപ്പടിയാന്‍ സിനിമയ്ക്കാണ് പുരസ്‌കാരം.വിഷ്ണു മോഹന്‍ ആണ് സിനിമയുടെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മേപ്പടിയാന്‍. ചിത്രം ജനപ്രീതി നേടിയ സിനിമയായിരുന്നു. വിവാദങ്ങളിലും മേപ്പടിയാന്‍ ഇടം നേടിയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മലയാളത്തിനാണ്. നായാട്ടിലൂടെ ഷാഹി കബീര്‍ ആണ് ഈ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്.

കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹത്തിനും പുരസ്‌കാരമുണ്ട്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരമാണ് ആവാസവ്യൂഹം നേടിയത്. ചിത്രം കേരള ചലച്ചിത്ര പുരസ്‌കാരത്തിലും നേരത്തെ നേട്ടം കൊയ്തിരുന്നു. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുള്ള മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത കണ്ടിട്ടുണ്ട് സ്വന്തമാക്കി. മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ഹോം ആണ്. ചവിട്ടിലൂടെ ഓഡിയോഗ്രാഫിയ്ക്കുള്ള പുരസ്‌കാരം സോനു കെപിയും നേടി.
അതേസമയം റോക്കട്രിയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത്. നടന്‍ മാധവന്‍ ആണ് സിനിമയുടെ സംവിധായകനും പ്രധാന നടനും. മറാത്തി ചിത്രം ഗോദാവരിയിലൂടെ നിഖില്‍ മഹാജന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി. പുഷ്പയിലെ പ്രകടനത്തിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയെടുത്തു. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഗംഗുഭായ് കത്ത്യാവാഡിയിലൂടെ ആലിയ ഭട്ടും മിമിയിലൂടെ കൃതി സനോണുമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്.


Click it and Unblock the Notifications











