ആ ഉറപ്പുള്ളത് കൊണ്ടാണ് ഞങ്ങൾ ഒരുമിച്ചത്; ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ല: നസ്രിയ
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസായാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് തിരക്കുള്ള നായികയായി മാറി. അതിന് മുമ്പ് അവതാരകയായും കയ്യടി നേടിയിരുന്നു. മലയാളത്തിന് പുറത്ത് തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുണ്ട് നസ്രിയയ്ക്ക്. അങ്ങനെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഫഹദുമായുള്ള വിവാഹം നടക്കുന്നത്.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇഷ്ടത്തിലായ ഇരുവരും അധികം വൈകാതെ വിവാഹിതരായി. 2014 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. ട്രാൻസ് എന്ന സിനിമയിൽ ഫഹദിനൊപ്പമാണ് നസ്രിയ അഭിനയിച്ചത്. ശേഷം തെലുങ്ക് സിനിമകളിലടക്കം താരം അഭിനയിച്ചിരുന്നു. എന്നാലിപ്പോൾ കുറച്ചു കാലമായി വീണ്ടും ചെറിയൊരു ഇടവേളയിലേക്ക് പോയിരിക്കുകയാണ് നസ്രിയ.

ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ സിനിമകൾക്ക് ഇടവേള വരുന്നതെന്ന് പറയുകയാണ് നസ്രിയ. തീരുമാനിച്ചെടുക്കുന്നതല്ല ഇടവേളകളെന്ന് നസ്രിയ പറയുന്നു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിവാഹശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും നസ്രിയ മനസുതുറന്നു.
'ഇടവേള തീരുമാനിച്ചെടുത്തതല്ല. ഇടയ്ക്കിടയ്ക്ക് കഥകള്‍ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത, അല്ലെങ്കില്‍ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. അങ്ങനെയാണ് ഇടവേളകളുണ്ടാകുന്നത്,' നസ്രിയ പറയുന്നു.
വിവാഹശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഒരുപാട് മാറ്റങ്ങളൊന്നും ഇല്ലെന്നായിരുന്നു നസ്രിയയുടെ മറുപടി. ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ചത്. ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ല. മുമ്പ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് വിവാഹശേഷവും. ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്സണോ, ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്സണോ ആയിട്ടില്ല. രണ്ടുപേരും പരസ്പരം ബഹുമാനത്തോടെയാണ് മുന്നേറുന്നതെന്ന് നസ്രിയ പറഞ്ഞു.
മൂഡ് ശരിയല്ലെങ്കില്‍ തമാശയ്ക്കൊക്കെ ഫഹദിനെ വിമര്‍ശിക്കാറുണ്ടെന്നും അല്ലാതെ സീരിയസായിട്ടൊന്നും വിമര്‍ശിച്ചിട്ടില്ലെന്നും നസ്രിയ പറഞ്ഞു. അങ്ങനെ ഒരുപാട് വിമര്‍ശിക്കാനും കുറ്റം പറയാനൊന്നും അദ്ദേഹം അവസരം തന്നിട്ടില്ലല്ലോ. രണ്ടു പേരും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. കല്യാണത്തിനുമുമ്പും രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള നായികാനായകന്മാരാണെന്നും നസ്രിയ അഭിമുഖത്തിൽ പറഞ്ഞു.

മുൻപ് ഫഹദും ഇത്തരത്തിൽ അഭിമുഖത്തിൽ നസ്രിയയെ കുറിച്ച് വാചാലനായിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് മനോരമ ഓണലൈന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു അത്. തനിക്കൊരു വീട് തന്ന ആളാണ് നസ്രിയ എന്നാണ് ഫഹദ് പറഞ്ഞത്. 'ഞങ്ങൾ ഒരു അപാർട്മെന്റ് വാങ്ങി. നസ്രിയ അതിന്റെ ഫർണിഷിങ്ങും മറ്റു കാര്യങ്ങളുമൊക്കെ നോക്കി തിരക്കിലാണ്. എനിക്കൊരു വീട് തന്ന ആളാണ് നസ്രിയ. അവൾ സുഖമായിരിക്കുന്നു. സന്തോഷവതിയാണ്,' എന്നായിരുന്നു ഫഹദിന്റെ വാക്കുകൾ.
അവൾ വളരെ നല്ല കുക്ക് ആണ്. ഇടക്ക് ഞങ്ങൾ തടി വെച്ചെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും നല്ല വയർ ഭാഗ്യമുള്ളവരാണ്. അങ്ങനെ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ആരും ഞങ്ങളുടെ കാര്യത്തിൽ കൺസേൺഡ് ആകേണ്ട കാര്യമില്ലെന്നും ഫഹദ് അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications