കാവ്യക്ക് അമിത പ്രാധാന്യം! തന്നെ മാറ്റിയേക്കെന്ന് നവ്യ; ആ സിനിമയിൽ സംഭവിച്ചത്!: നേമം പുഷ്പരാജ് പറയുന്നു
മലയാള സിനിമയിൽ ഒരേസമയത്ത് തിളങ്ങി നിന്ന രണ്ടു നായികമാരാണ് കാവ്യാ മാധവനും നവ്യ നായരും. നവ്യ സിനിമയിൽ എത്തുന്നതിനും വർഷങ്ങൾക്ക് മുൻപ് എത്തിയതാണെങ്കിലും ഇരുവരുടെയും വളർച്ച ഒന്നിച്ചായിരുന്നു. ഒരേസമയം നിരവധി ഹിറ്റുകളുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞു. 2001ൽ ഇഷ്ടം എന്ന സിനിമയിലൂടെ ആയിരുന്നു നവ്യയുടെ അരങ്ങേറ്റം. അപ്പോഴേക്കും കാവ്യ നായികയായി പേരെടുത്ത് തുടങ്ങിയിരുന്നു. 1991ൽ ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ 1999ൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തുന്നത്.
പിന്നീട് 2002 മുതൽ ഇരുവരുടെയും വളർച്ചയാണ് മലയാളി പ്രേക്ഷകർ കണ്ടത്. ഇവർക്ക് കടുത്ത മത്സരമായി ഒപ്പമുണ്ടായിരുന്നത് മീര ജാസ്മിൻ മാത്രമാണ്. രണ്ടുപേരും നിരവധി ഹിറ്റുകൾ സ്വന്തം പേരിലാക്കി. നന്ദനം എന്ന സിനിമയിലൂടെ നവ്യ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നപ്പോൾ മീശ മാധവൻ, തിളക്കം തുടങ്ങിയ സിനിമകളിലൂടെ കാവ്യയും പ്രേക്ഷക മനസ്സിൽ കൂടുകൂട്ടി. തുടർന്ന് ഏകദേശം 2010 വരെ ഇരുവരും മലയാള സിനിമയിൽ നിറഞ്ഞുനിന്നു.

ഇക്കാലയളവിൽ തന്നെ ചില സിനിമകളിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ചിലതിൽ അതിഥി വേഷങ്ങളിൽ വന്ന് പോയപ്പോൾ, 2009 ൽ പുറത്തിറങ്ങിയ ബനാറസ് എന്ന ചിത്രത്തിൽ ഇരുവരും പ്രധാന വേഷങ്ങളിൽ എത്തി. വിനീത് ആയിരുന്നു ചിത്രത്തിലെ നായകൻ. ഡാൻസിനും പാട്ടിനുമെല്ലാം പ്രാധാന്യമുണ്ടായിരുന്ന ചിത്രം മൂവരുടെയും പ്രകടനം കൊണ്ട് ശ്രദ്ധനേടിയിരുന്നു. നേമം പുഷ്പരാജാണ് ചിത്രം സംവിധാനം ചെയ്തത്.
അതേസമയം ചിത്രത്തിന്റെ കാസ്റ്റിംഗ് സമയത്ത് നവ്യക്ക് ചില ആശങ്കകൾ ഉണ്ടായിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് സംവിധായകൻ നേമം പുഷ്പരാജ് പറയുകയുണ്ടായി. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവാണെന്ന് ആശങ്കപ്പെട്ട് തന്നെ ഒഴിവാക്കണമെന്ന് നവ്യ പറഞ്ഞെന്നും എന്നാൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ആ ആശങ്ക മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. കാവ്യ ഒരിക്കലും ഇത്തരം പരാതികൾ പറയാത്ത ആളാണെന്നും അദ്ദേഹം പറയുന്നുണ്ട്.
'ഒരു ദിവസം നവ്യ വിളിച്ചു പറഞ്ഞു, കാവ്യക്ക് അമിതമായ പ്രാധാന്യം കിട്ടുന്നുണ്ട്. തനിക്ക് പ്രാധാന്യം ഇല്ലാത്ത വേഷമാണ്. അതുകൊണ്ട് ആ കഥാപാത്രത്തിലേക്ക് മറ്റാരെയെങ്കിലും നോക്കുന്നതാകും നല്ലതെന്ന്. എന്നോട് നേരിട്ട് പറഞ്ഞില്ല. മറ്റു ചിലർ വഴി അറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ ഞാൻ വിളിച്ചു. അന്ന് ഈ നാനയിലും മറ്റു വാരികയിലും കാവ്യയുടെയും വിനീതിന്റെയു ഒത്തിരി ചിത്രങ്ങൾ വരുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്റേത് അപ്രധാനമായ കഥാപാത്രമാണെന്ന് നവ്യ ധരിച്ചു',

'സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോൾ നവ്യക്ക് അത് കൃത്യമായി മനസിലായി. ഒരു ഗാനം വന്നപ്പോൾ തന്നെ നവ്യക്ക് വളരെ സന്തോഷമായി. അതല്ലാതെ ഒരുപാട് ഇമോഷണൽ രംഗങ്ങൾ നവ്യക്ക് ഉണ്ടായിരുന്നു. ചെറിയ വേഷമാണെങ്കിലും കാവ്യ പരാതി പറയില്ല. കാവ്യയുടെ ക്യാരക്ടർ അങ്ങനെയാണ്. ഒരു പരാതിയും പറയാത്ത ആളാണ് കാവ്യ', മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ നേമം പുഷ്പരാജ് പറഞ്ഞു.
അതേസമയം വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത നവ്യ ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ജാനകി ജാനേയാണ് നവ്യ നായികയായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ദിലീപുമായുള്ള വിവാഹശേഷം സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് കാവ്യ മാധവൻ. 2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ ദിവസം കാവ്യ ഇൻസ്റ്റാഗ്രാമിലേക്ക് എത്തിയിരുന്നു. താരത്തിന്റെ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications











