4 കോടി വരെ പ്രതിഫലം! കോടികളുടെ ആഡംബര വീടുകൾ, കാറുകൾ; കീർത്തി സുരേഷിന്റെ ആസ്തി സംബന്ധിച്ച റിപ്പോർട്ട് പുറത്ത്
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇന്ന് നടി കീർത്തി സുരേഷ്. മലയാളത്തിലൂടെ ആയിരുന്നു കീർത്തിയുടെ അരങ്ങേറ്റം. അമ്മ മേനക സുരേഷിന്റെ പാത പിന്തുടർന്നാണ് കീർത്തി സിനിമയിലേക്ക് എത്തിയത്. നിർമ്മാതാവായ അച്ഛൻ ജി സുരേഷ് കുമാറിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശനാണ് കീർത്തിയെ നായികയായി സിനിമയിലേക്ക് എത്തിച്ചത്.
ബാല താരമായിട്ടായിരുന്നു കീർത്തിയുടെ അരങ്ങേറ്റം. ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയിലാണ് കീർത്തി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്ന കീർത്തിയെ 2013 ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ പ്രിയദർശൻ തിരികെ കൊണ്ടുവരുകയായിരുന്നു. ചിത്രത്തിൽ നായികയായിരുന്നു കീർത്തി.

മോഹൻലാൽ നായകനായ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിലും തെലുങ്കിലും നിന്നെല്ലാം കൂടുതൽ അവസരങ്ങൾ കീർത്തിയെ തേടി എത്തുകയായിരുന്നു. ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായ മാറിയ കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
തെന്നിന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങൾക്കുമൊപ്പവും കീർത്തി അഭിനയിച്ചിട്ടുണ്ട്. രജനികാന്ത്, മഹേഷ് ബാബു, നാനി, നിതിൻ, ദുൽഖർ സൽമാൻ, വിജയ്, സൂര്യ, കാർത്തി, ധനുഷ്, ശിവ കാർത്തികേയൻ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്ന നായികമാരിൽ ഒരാൾ കൂടിയാണ് കീർത്തി. അവിവാഹിതയുമാണ് താരം.

ഇപ്പോഴിതാ, കീർത്തിയുടെ സ്വത്ത് വിവരങ്ങളാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. 2022 ലെ കണക്കനുസരിച്ച് കീർത്തി സുരേഷിന്റെ ആസ്തി ഏകദേശം 4 മില്യൺ ഡോളർ, അതായത് ഇന്ത്യൻ രൂപ 30 കോടി വരുമെന്നാണ് റിപ്പോർട്ടുകൾ. സാധാരണ ഗതിയിൽ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് കീർത്തി വാങ്ങുന്നതെന്ന് പറയുന്നു. എന്നാൽ, നാനിക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയിൽ നാല് കോടിയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്.

കൂടാതെ റിലയൻസ് ട്രെൻഡ്‌സ്, ഉഷ ഇന്റർനാഷണൽ, ജോസ് ആലുക്കാസ് തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കീർത്തി ഇപ്പോൾ. ഇവരുമായി ചേർന്നുള്ള ഒരു പരസ്യത്തിന് 15 മുതൽ 30 ലക്ഷം വരെയാണ് താരം വാങ്ങുന്നത്. ഇതുകൂടാതെ രാജ്യത്തുടനീളം നിരവധി സ്വത്തുക്കളും കീർത്തിക്കുണ്ട്.
മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ചെന്നൈയിലെ ആഡംബര വീട് ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിൽ മറ്റൊരു അപ്പാർട്മെന്റും കീത്തിക്കുണ്ടെന്നാണ് വിവരം.

ഇതിനു പുറമെ നിരവധി കാറുകളും കീർത്തിക്കുണ്ട്. 60 ലക്ഷത്തോളം വില വരുന്ന വോൾവോ എസ് 90 ആണ് അതിൽ ഏറ്റവും പുതിയത്. ഒന്നര കോടിയുടെ അടുത്ത് വില വരുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി. 81 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽസി 43 യും, ഏകദേശം 25 ലക്ഷം രൂപ വില വരുന്ന ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും നടിക്കുണ്ട്.

ഇതുകൂടാതെ നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തെലുങ്കിൽ നാനിക്കൊപ്പം അഭിനയിച്ച ദസറയാണ് ഇതിൽ റിലീസ് കാത്തിരിക്കുന്നത്. ഇത് കൂടാതെ മാരി സെൽവരാജിന്റെ ഉദയനിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളാകുന്ന മാമനൻ, ചിരഞ്ജീവിക്ക് ഒപ്പമുള്ള ഭോല ശങ്കർ, ജയം രവി നായകനാകുന്ന സൈറൺ തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്.


Click it and Unblock the Notifications