അച്ഛനെ മിസ് ചെയ്യാത്ത ദിവസമില്ല; ഞാന്‍ ഒരിടത്ത് എത്തിയെന്ന് കാണാന്‍ അച്ഛനില്ലാത്തത് സങ്കടം!
മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് നിഖില വിമല്‍. ഓണ്‍ സ്‌ക്രീനില്‍ തുടരതുടരെ ഹിറ്റുകള്‍ സമ്മാനിച്ചും മികച്ച പ്രകടനം കാഴ്ചവച്ചുമാണ് നിഖില താരമായി മാറുന്നത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ എന്നതു പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വത്തിലൂടേയും നിഖില കയ്യടി നേടാറുണ്ട്. തന്റെ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള നായികയാണ് നിഖില.
അതുപോലെ തന്നെ കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കുന്ന നിഖിലയെ ആരാധകര്‍ തഗ്ഗ് റാണിയെന്നാണ് വിളിക്കുന്നത്. നിഖിലയുടെ അഭിമുഖങ്ങളും പരിപാടികളുമൊക്കെ ആരാധകര്‍ക്ക് അതിനാല്‍ ഏറെ ഇഷ്ടമാണ്. എന്നാല്‍ ഈ സന്തോഷത്തിലും നിഖിലയുടെ മനസില്‍ ഒരു വിഷമം ബാക്കിയായുണ്ട്.

തന്റെ വിജയം കാണാന്‍ അച്ഛന്‍ കൂടെയില്ലല്ലോ എന്ന വിഷമം നിഖിലയുടെ മനസില്‍ എപ്പോഴുമുണ്ട്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''അച്ഛന്‍ മരിച്ചിട്ട് നാലു വര്‍ഷമാകുന്നു. അച്ഛനെ മിസ് ചെയ്യാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. സ്റ്റാറ്റിസ്റ്റിക്‌സ് ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ എംആര്‍ പവിത്രന്‍. കൊവിഡ് കാലത്തായിരുന്നു അച്ഛന്റെ മരണം. സാഹിത്യത്തിലും കലയിലും വലിയ താല്‍പര്യമായിരുന്നു അച്ഛന്. അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടമ്മയായി ഒതുങ്ങിപ്പോയേക്കാവുന്ന അമ്മയെ ഇത്ര ബോള്‍ഡ് ആക്കിയത് അദ്ദേഹമാണ്.'' നിഖില പറയുന്നു.
''അച്ഛന്റെ പ്രേരണയെ തുടര്‍ന്നാണ് അമ്മ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയതും. ഞങ്ങള്‍ മക്കളുടെ പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ത്തതും അച്ഛനാണ്. ഭാര്യയും മക്കളും കലാകാരികളാണെന്ന് പറയുന്നത് അദ്ദേഹത്തിന് വലിയ അഭിമാനമായിരുന്നു. ആളുകള്‍ തിരിച്ചറിയുന്ന ഒരിടത്തു ഞാന്‍ എത്തി നില്‍ക്കുമ്പോള്‍ അതു നേരില്‍ കാണാന്‍ അച്ഛന്‍ ഒപ്പമില്ല എന്നതു വലിയ സങ്കടമാണ്. ഇപ്പോള്‍ അമ്മയും ചേച്ചി അഖിലയുമാണ് എന്റെ ലോകം. ചേച്ചി യുഎസിലാണ്.'' എന്നും നിഖില പറയുന്നുണ്ട്.
അതേസമയം ഇന്ന് തെന്നിന്ത്യയാകെ വൈറലായി മാറിയ അഴകിയ ലൈലയാണ് നിഖില. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയിലൂടെയാണ് നിഖില അഴകിയ ലൈലയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ചിത്രത്തിലെ നിഖിലയുടെ കഥാപാത്രം. അതേക്കുറിച്ചും അഭിമുഖത്തില്‍ നിഖില സംസാരിക്കുന്നുണ്ട്.

''അഴകിയ ലൈല എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ഗാനം ഈ സിനിമയിലുള്ളതു കൊണ്ട് തിയറ്ററില്‍ അത് ഓളമുണ്ടാക്കുമെന്ന് തോന്നിയിരുന്നു. പക്ഷെ ട്രെന്‍ഡിങ് ആകുമെന്ന് ചിന്തിച്ചതേയില്ല. കേരളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം അത് വൈറലായി. പ്രൊമോഷന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ പോയപ്പോള്‍ ഒരാള്‍ പറഞ്ഞു, പണ്ട് അഴകിയ ലൈല എന്ന് കേള്‍ക്കുമ്പോള്‍ രംഭയെയാണ് ഓര്‍മ്മ വന്നിരുന്നത്. ഇപ്പോഴത് നിങ്ങളാണെന്ന്. ആദ്യമായാണ് പോസിറ്റീവ് ആയി ഞാന്‍ ട്രെന്‍ഡിങ് ആകുന്നത്. സാധാരണ എയറില്‍ ആകാറാണ് പതിവ്'' എന്നാണ് നിഖില പറയുന്നത്.
ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ വന്നിരിക്കുകയാണ് നിഖില വിമല്‍. ''ഒരിടവേളയ്ക്ക് ശേഷമാണ് തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ മാരി സെല്‍വരാജിന്റെ ആത്മകഥയായ വാഴൈ ആണ് ഏറ്റവും പുതിയ തമിഴ് ചിത്രം. അദ്ദേഹത്തിന്റെ ഡ്രീം പ്രൊജക്ട് ആണിത്. സ്വന്തം കഥ ലോകത്തോട് പറയാനാണത്രേ അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് വന്നത് പോലും. കേന്ദ്ര കഥാപാത്രമായ പൊന്‍വേല്‍ എന്ന കുട്ടിയുടെ അധ്യാപിക ആണ് എന്റെ കഥാപാത്രം. നല്ലൊരു പാട്ടും കിട്ടി'' എന്നാണ് നിഖില പറയുന്നത്.


Click it and Unblock the Notifications