എന്തുണ്ടായിട്ട്? എന്ത് നേടിയിട്ടാണ് നീ ബ്രേക്ക് എടുക്കുന്നത്? മമ്മൂട്ടിയുടെ ചോദ്യത്തെക്കുറിച്ച് നിഖില
മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് നിഖില വിമല്‍. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും തന്റെ നിലപാടുകളിലൂടേയും നിഖില കയ്യടി നേടാറുണ്ട്. അഭിപ്രായങ്ങള്‍ മറയില്ലാതെ തുറന്ന് പറയുന്നതാണ് നിഖിലയുടെ ശീലം. തുറന്നു പറച്ചിലുകള്‍ മൂലമുണ്ടാകുന്ന വിവാദങ്ങളെ നിഖില നേരിടുന്ന രീതിയും പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് നിഖില വിമല്‍.
കോമഡി കൈകാര്യം ചെയ്യുന്നതില്‍ മികവ് തെളിയിച്ചിട്ടുള്ള ചുരുക്കം നായിക നടിമാരില്‍ ഒരാള്‍ കൂടിയാണ് നിഖില. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് നിഖില പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് തുടക്കകാലത്ത് താന്‍ പരാജയങ്ങള്‍ നേരിട്ടതിനെക്കുറിച്ചെല്ലാം നിഖില സംസാരിക്കുന്നത്.

തുടക്കത്തില്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ സിനിമ ചെയ്യുന്നില്ലെന്ന് കരുതിയിരുന്നതാണെന്നാണ് നിഖില പറയുന്നത്. ആ സമയത്ത് തന്റെ സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത് അച്ഛനും അമ്മയും സഹോദരിയുമൊക്കെയായിരുന്നുവെന്നും നിഖില പറയുന്നുണ്ട്. തന്റെ കുടുംബത്തെക്കുറിച്ചും നിഖില സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
അമ്മ ഡാന്‍സ് ടീച്ചറും അച്ഛന്‍ എഴുത്തുകാരനുമാണ്, അതുകൊണ്ട് സിനിമയിലേക്ക് വരുന്നതിന് കുടുംബത്തില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നാണ് നിഖില ഫറയുന്നത്. മറ്റൊരു കലയായിട്ട് മാത്രമാണ് അച്ഛനും അമ്മയും സിനിമയെ കണ്ടിരുന്നതെന്നും താരം പറയുന്നത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നിഖിലയ്ക്ക് പതിമൂന്ന് വയസായിരുന്നു. ജയറാം നായകനായ ഭാഗ്യദേവതയില്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു നിഖിലയുടേത്. ബാലതാരമായി കരിയര്‍ ആരംഭിച്ച നിഖില നായികയാകുന്നത് ലവ് 24x7 എന്ന സിനിമയിലൂടൊയയിരുന്നു.
തുടക്കത്തിലുള്ള എന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് അച്ഛനും അമ്മയും അല്ലെങ്കില്‍ ചേച്ചിയോ കസിന്‍സോ ഒക്കെയാണ്. അങ്ങനെയുള്ള സിനിമകളെ കുറിച്ചോര്‍ത്ത് ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെങ്കിലും, പിന്നീട് സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ പഠിച്ചത് ആ തെറ്റുകളില്‍ നിന്നാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കുറ്റബോധം പോയി എന്നാണ് നിഖില പറയുന്നത്.
ഇപ്പോഴും തനിക്ക് മനേജര്‍ ഇല്ല. സിനിമകള്‍ തിരഞ്ഞെടുക്കുന്നതും, പേമെന്റിനെ കുറിച്ച് സംസാരിക്കുന്നതും, കോര്‍ഡിനേറ്റ് ചെയ്യുന്നതും എല്ലാം ഞാന്‍ തന്നെയാണെന്നും നിഖില പറയുന്നു. സിനിമയില്‍ ഒന്നും എനിക്ക് എളുപ്പത്തില്‍ കിട്ടിയതല്ല, കഷ്ടപ്പെട്ട് തന്നെയാണ് ഓരോ സിനിമയും ചെയ്തത്. അതില്‍ അഭിമാനമുണ്ടെന്നും നിഖില പറയുന്നുണ്ട്. ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിച്ചൊരു നടിയെന്നതില്‍ ഒറ്റയ്ക്ക് വഴി വെട്ടി വന്ന നിഖിലയ്ക്ക് അഭിമാനിക്കാം. ഒരിക്കല്‍ തനിക്ക് മമ്മൂട്ടി നല്‍കിയ ഉപദേശത്തെക്കുറിച്ചും നിഖില സംസാരിക്കുന്നുണ്ട്.

''ഒരു സിനിമ ഹിറ്റായതിന് ശേഷം ഒരിക്കല്‍ മമ്മൂക്കയെ കണ്ടിരുന്നു. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍, ബ്രേക്കിലാണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്തുണ്ടായിട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എന്ത് നേടി എന്ന് കരുതിയാണ് നീ ബ്രേക്ക് എടുക്കുന്നത്, ഇപ്പോള്‍ നീ ബ്രേക്ക് എടുത്താല്‍ പിന്നെ എന്നും ബ്രേക്ക് എടുത്ത് മാറി നില്‍ക്കുന്നതാവും നല്ലത് എന്നദ്ദേഹം പറഞ്ഞു. അതും എനിക്ക് വലിയ തിരിച്ചറിവായിരുന്നു'' എന്നാണ് നിഖില പറയുന്നത്.
നുണക്കുഴിയാണ് നിഖിലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരു ജാതി ജാതകം ആണ് പുതിയ സിനിമ. ഗെറ്റ് സെറ്റ് ബേബി എന്ന സിനിമയും കഥ ഇന്നുവരെ എന്ന സിനിമയും അണിയറയിലുണ്ട്. അതേസമയം തമിഴില്‍ നിഖിലയുടെ പുതിയ സിനിമ റിലീസിനെത്തുകയാണ്. വാഴൈ ആണ് നിഖിലയുടെ പുതിയ തമിഴ് ചിത്രം. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് വാഴൈ.


Click it and Unblock the Notifications