'ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞു'; വിഷമങ്ങള്‍ അമ്മയോട് പറയാറില്ലെന്നും നിഖില വിമല്‍
മലയാള സിനിമയിലെ മിന്നും താരമാണ് നിഖില വിമല്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നിഖില. സിനിമയ്ക്ക് പുറമെ ഒടിടിയിലും കയ്യടി നേടിയിട്ടുണ്ട് നിഖില വിമല്‍. ഇപ്പോഴിതാ തന്റെ സന്തോഷത്തെക്കുറിച്ചും സിനിമ ഇല്ലാത്ത സമയത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നിഖില വിമല്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ് തുറക്കുന്നത്.
ഹാപ്പിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിഖില. കുഴപ്പമില്ല അങ്ങനെ പോകുന്നുവെന്നാണ് നിഖില പറയുന്നത്. പിന്നാലെ താരം ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയായിരുന്നു. മടുപ്പ് തോന്നാറുണ്ട്. പക്ഷെ സിനിമ ചെയ്യുമ്പോഴാണ് ഞാന്‍ കൂടുതല്‍ ഹാപ്പിയായിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ടെന്നാണ് നിഖില പറയുന്നത്.

ഞാന്‍ വേറൊന്നിനെക്കുറിച്ചും ആലോചിച്ച് സ്‌ട്രെസ്ഡ് ആകാത്തത് സിനിമ ചെയ്യുമ്പോഴാണെന്ന് തോന്നാറുണ്ട്. അല്ലാത്തപ്പോള്‍ സമയം നഷ്ടപ്പെടുത്തിക്കളയുവാണോ എന്ന് തോന്നാറുണ്ട്. ഒരുപാട് അനാവശ്യമായി കാടു കയറി ചിന്തിക്കാതിരിക്കുന്ന സമയമാണ് അതെന്നാണ് താരം പറയുന്നത്. ഒരു സിനിമ കഴിയുമ്പോള്‍,അടുത്ത സിനിമ ഉണ്ടെങ്കില്‍ അതിനിടെയുള്ള ബ്രേക്കുകള്‍ ഇഷ്ടമാണ്. പക്ഷെ കുറച്ച് അധികം ദിവസം ബ്രേക്കുകളുണ്ടെങ്കില്‍ എനിക്കത് സ്‌ട്രെസ് ആണ് എന്നാണ് നിഖില പറയുന്നത്.
അങ്ങനെയുള്ള സമയത്ത് ഇങ്ങനെയിരുന്ന് ആലോചിച്ച് ആലോചിച്ച് പോകും. സിനിമ എന്നത് പെര്‍മനന്റ് ജോലി അല്ല. അതിനാല്‍ ആരെ കണ്ടാലും ചോദിക്കുക എന്ത് ജോലി ചെയ്യുന്നു? നല്ല വരുമാനം ഉണ്ടോ? എന്നൊക്കെയാണ്. ഇന്നലെ ഒരു സ്റ്റുഡിയോയില്‍ പോയപ്പോള്‍ സ്റ്റുഡിയോ നല്ല ലാഭമാണോ എന്നാണ് ചോദിച്ചതെന്നും നിഖില പറയുന്നു.
നിര്‍മ്മാതാവായ അനിഷേട്ടന് ഇവന്റ് മാനേജുമെന്റുമുണ്ട്. സ്വയം ഞാനൊരു പാവം പന്തലുപണിക്കാരന്‍ എന്നാണ് അനിഷേട്ടന്‍ പറയുക. സിനിമ ഇല്ലാതായാല്‍ ഞാന്‍ പന്തലു പണിക്ക് വന്നോട്ടെ എന്ന് ഞാന്‍ അനീഷേട്ടനോട് ചോദിക്കാറുണ്ട്. വളരെ സീരിയസ് ആയി ചായക്കട തുടങ്ങിയാലോ എന്നൊക്കെ ചിന്തിക്കാറുണ്ട്. അങ്ങനെ പല പല ബിസിനസ് പ്ലാനുകള്‍ ചിന്തിക്കാറുണ്ട്. ഇത് ഇല്ലാണ്ടായാല്‍ എന്ത് ചെയ്യും എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. സിനിമ ഉള്ളപ്പോള്‍ ഞാന്‍ ശരിക്കും ഹാപ്പിയാണെന്നും താരം പറയുന്നു.
എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ അമ്മയോട് പറയാറില്ലെന്നും താരം പറയുന്നു. അമ്മ ഒഴികെ ബാക്കി എല്ലാവരോടും പറയും. അമ്മയെ പെട്ടെന്ന് ബാധിക്കും. പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചേച്ചിയോടും അടുത്ത സുഹൃത്തുക്കളോടുമാണ് പറയുക. ആ സമയത്ത് ഞാന്‍ അധികം വീട്ടില്‍ പോകില്ലെന്നും താരം പറയുന്നു. അതേസമയം വൈകാരികമായ രംഗങ്ങളുള്ള സിനിമകള്‍ കാണാന്‍ തനിക്ക് പ്രയാസമാണെന്നും നിഖില പറയുന്നുണ്ട്.
ഇമോഷണല്‍ സിനിമകള്‍ കാണാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ആനക്കുട്ടിയെ സമ്മാനമായി കിട്ടുകയും ഒടുവില്‍ കാട്ടില്‍ വിടുകയും ചെയ്യുന്ന സിനിമയായ സമ്മാനം കണ്ട് ചെറുപ്പത്തില്‍ ഭയങ്കരമായി കരഞ്ഞിട്ടുണ്ടെന്നാണ് താരം പറയുന്നത്. പിന്നാലെ ഇഎംഎസ് മരിച്ചപ്പോഴുണ്ടായ അനുഭവവും നിഖില പങ്കുവെക്കുന്നുണ്ട്.

''ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞിരുന്നു. ചെറുപ്പത്തില്‍ എനിക്ക് വിക്കുണ്ടായിരുന്നു. അതിനാല്‍ എന്നെ വീട്ടിലുള്ളവര്‍ ഇഎംഎസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാല്‍ എന്റെ വിചാരം ഇഎംഎസ് എന്റെ ശരിക്കുമുള്ള അച്ചച്ചന്‍ ആണെന്നാണ്. ഇംഎംഎസ് മരിച്ചപ്പോള്‍ എനിക്ക് അറിയാവുന്ന പേരാണല്ലോ എന്ന് കരുതി വീട്ടുകാര്‍ എന്നോട് മോളേ ഇഎംഎസ് മരിച്ചു പോയി എന്ന് പറഞ്ഞു. അയ്യോ ഇഎംഎസ് അച്ചച്ചന്‍ മരിച്ചു പോയെ എന്ന് നിലവിളിച്ച കരയുകയായിരുന്നു ഞാന്‍.'' എന്നാണ് നിഖില പറയുന്നത്.
സിനിമയിലാണെങ്കില്‍ പോലും മാത്യുവിനേയോ നസ്ലനെയോ ആരെങ്കിലും അടിക്കുന്നത് എനിക്ക് കണ്ടിരിക്കാന്‍ സാധിക്കില്ല. സിനിമയാണെന്ന് അറിയാമെങ്കിലും പാടാണ്. അത്തരം കാര്യങ്ങളിലൊക്കെ ഞാന്‍ ഭയങ്കര ഇമോഷണലാണ് എന്നാണ് നിഖില പറയുന്നത്. ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കുന്ന ഗെറ്റ് സെറ്റ് ബേബിയാണ് നിഖിലയുടെ പുതിയ സിനിമ.


Click it and Unblock the Notifications











