എല്ലാ സമ്പാദ്യവും ഇറക്കി, അക്കൗണ്ട് മൈനസ് ആയി; ജീവിതത്തിലെ അവസാന ശ്രമം; സീരീസിനെക്കുറിച്ച് നിള നമ്പ്യാര്‍
തന്റെ വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളോട് പ്രതികരിച്ച് നിള നമ്പ്യാര്‍. നടന്‍ അലന്‍സിയറിനെ നായകനാക്കി നിള നമ്പ്യാര്‍ വെബ് സീരീസ് ഒരുക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അതേസമയം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഈ വാര്‍ത്തയെ വ്യാഖ്യാനിച്ചത് അലന്‍സിയര്‍ നിളയുടെ അഡള്‍ട്ട് വെബ് സീരീസില്‍ അഭിനയിക്കുന്നു എന്ന തരത്തിലായിരുന്നു. ഇതിനെതിരെയാണ് നിള രംഗത്തെത്തിയിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നിള നമ്പ്യാരുടെ പ്രതികരണം. തന്റെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ മാറ്റിവച്ചാണ് സീരീസ് ഒരുക്കുന്നത് എന്നാണ് നിള നമ്പ്യാര്‍ പറയുന്നത്. നിള ഒരുക്കുന്ന ലോല കോട്ടേജ് എന്ന വെബ് സീരീസിലാണ് അലന്‍സിയര്‍ അഭിനയിക്കുന്നത്. നിള നമ്പ്യാരുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഒത്തിരി ന്യൂസ് വരുന്നുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് നിങ്ങളോട് ബോധ്യപ്പെടുത്തണം എന്ന് തോന്നിയതു കൊണ്ട് മാത്രമാണ് ഇപ്പോള്‍ ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. 'നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡള്‍റ്റ് വെബ് സീരീസില്‍ അലന്‍സിയര്‍ അഭിനയിക്കുന്നു' എന്നാണ് വാര്‍ത്ത. അതില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ചെറിയൊരു സൂചന ലഭിച്ചിട്ടുണ്ടാകും. അലന്‍സിയറെ പോലൊരു കലാകാരന്‍ എന്റെ സീരീസില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അതിന്റെ തിരക്കഥ എങ്ങനെയായിരിക്കും എന്ന് നിങ്ങള്‍ക്ക് തന്നെ ചിന്തിക്കാം. മാധ്യമങ്ങളോട് ഒരുപാട് നന്ദിയുണ്ട്. വാര്‍ത്തകളില്‍ പകുതി സത്യമാണ്. എന്നാല്‍ പകുതി അവര്‍ പോലും അറിയാതെ എഴുതി ചേര്‍ത്ത കള്ളങ്ങളുമുണ്ട്.
എന്റെ സ്വന്തം യൂട്യൂബ് ചാനലിലാണ് സീരീസ് വരിക എന്നാണ് പറയുന്നത്. പക്ഷെ അലന്‍സിയറെ പോലൊരു ആളെയൊക്കെ കൊണ്ടു വന്ന് എന്റെ യൂട്യൂബ് ചാനലില്‍ എന്തിന് റിലീസ് ചെയ്യണം? എന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സീരീസ് വരുന്നത്. ഏതാണ് ഈ ഒടിടി പ്ലാറ്റ്‌ഫോം എന്ന് എന്റെ സോഷ്യല്‍ മീഡിയ പേജുകൡലൂടെ അറിയിക്കും. ഇതുവരെ എന്നെ പിന്തുണച്ച എല്ലാ മീഡിയക്കാരേയും ലോഞ്ച് സമയത്ത് അറിയിക്കും. അലന്‍സിയറെ പോലുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കാന്‍ വരട്ടെ എന്നാണ് എന്റെ ആഗ്രഹം.
ഈ വാര്‍ത്ത കണ്ടതും ഞാന്‍ ആദ്യം വിളിച്ചത് അലന്‍സിയറിനെയാണ്. വാര്‍ത്ത കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോള്‍ നീ കാണുന്നതിന് മുമ്പേ ഞാന്‍ കണ്ടിട്ടുണ്ട്. ആ കാര്യത്തില്‍ ഒരു ടെന്‍ഷനും വേണ്ട. മോള്‍ ഫോണ്‍ കട്ട് ചെയ്‌തോ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. അതിനുള്ള നിലവാരം ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് ബ്ലെസിയാണ്. അവരേയും വിളിച്ചിരുന്നു. ടെന്‍ഷന്‍ അടിക്കണ്ടാന്ന് പറഞ്ഞു.
വാര്‍ത്തകളേക്കാളും പ്രശ്‌നം കമന്റുകളായിരുന്നു. എന്താണ് അവര്‍ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായില്ല. എന്തായാലും പിന്തുണയല്ല. നെഗറ്റീവാണ് കൂടുതലും. അത് മനസിലാക്കിയപ്പോള്‍ എനിക്ക് പോസിറ്റീവ് എനര്‍ജി വന്നു. എന്തും കണ്ടിട്ട് വേണം ജഡ്ജ് ചെയ്യാന്‍. എന്താണ് ഇതിലെ കണ്ടന്റ്, എന്റെ വിഷ്വല്‍ എങ്ങനെയുണ്ട് എന്നൊക്കെ നിങ്ങള്‍ കണ്ടതിന് ശേഷം അഭിപ്രായം പറയുക. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്.

എന്റെ എല്ലാ സമ്പാദ്യങ്ങളും മാറ്റി വച്ചു കൊണ്ടുള്ള ജീവിതത്തിലെ അവസാനത്ത ശ്രമമാണ് ഈ ഒടിടി പ്ലാറ്റ്‌ഫോം. ജഡ്ജ് ചെയ്യരുത്. ആദ്യം കാണുക. എന്നിട്ട് നെഗറ്റീവുണ്ടെങ്കില്‍ പറയുക. എന്റെ എല്ലാ സാമ്പാദ്യവും മാറ്റി വച്ച് അക്കൗണ്ട് വരെ മൈനസ് ആയിട്ട് വരെ മുന്നോട്ട് പോവുകയാണ്. എന്റെ മക്കള്‍ കഴിക്കേണ്ട സമ്പാദ്യമാണ് ഇതിലേക്ക് ഇറക്കിയിരിക്കുന്നത്. അവസാന ശ്രമമാണ്. നിങ്ങള്‍ കണ്ടിട്ട് വിലയിരുത്തിയാല്‍ എനിക്കും ഒരു സമാധാനം കിട്ടും. കാണുന്നതിന് മുമ്പ് വിലയിരുത്തരുത്.
ഒത്തിരി സമ്പാദ്യം ഉണ്ടായിട്ടല്ല. എനിക്ക് ഒരു നിര്‍മ്മാതാവിനെ കിട്ടില്ല എന്നല്ല. ബോള്‍ഡ് മോഡലായ ഞാന്‍ നിര്‍മ്മാതാവിനെ തേടി പോയാല്‍ അവര്‍ എന്താകും എന്നോട് ചോദിക്കുക എന്ന് എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം. അതിനാല്‍ അങ്ങനൊരു നിര്‍മ്മാതാവിനെ തേടി പോയിട്ടില്ല എന്നതാണ് സത്യം. നാളെ എങ്ങനെ ശമ്പളം കൊടുക്കും, ഷൂട്ട് തീര്‍ക്കാന്‍ പറ്റുമോ എന്നൊക്കെ ടെന്‍ഷന്‍ അടിച്ച് ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പക്ഷെ വന്ന ആര്‍ട്ടിസ്റ്റുകളെല്ലാം പറഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് മതിയെന്നാണ്. അങ്ങനെ കൊണ്ടു വരുന്ന പ്ലാറ്റ്‌ഫോമാണ്. അതിനാല്‍ കാണുന്നതിന് മുമ്പ് ജഡ്ജ് ചെയ്യരുത്. അടുത്ത മാസം റിലീസാകും. എല്ലാവരും പിന്തുണയ്ക്കുമെന്ന് കരുതുന്നു.


Click it and Unblock the Notifications











