അമ്മാവന്റെ ചിത്രത്തിലൂടെ സിനിമയിലെത്തി; അഭിനയ മോഹത്തിനു കാരണം നടി രേവതി: നിരഞ്ജന അനൂപ്
അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹവുമായി സിനിമയിലെത്തിയ താരമാണ് നിരഞ്ജന അനൂപ്. മലയാളത്തിന്റെ എക്കാലത്തെയും കഥാപാത്രമായ മങ്കലശ്ശേരി നീലകണ്ഠന്റെ കൊച്ചുമകളാണ് നിരഞ്ജന. യഥാർത്ഥ ജീവിതത്തിൽ മുല്ലശ്ശേരി രാജു എന്നാണ് അദ്ദേഹത്തിന്റെ പേര്. സിനിമയിൽ ചെറുപ്പത്തിൽ തന്നെ നിരഞ്ജന എത്തിയിരുന്നു. വളരെ പ്രത്യേകതകളുള്ള ഒരു അഭിനേത്രിയാണ് നിരഞ്ജന. മാത്രമല്ല സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കാനും താരത്തിന് അറിയാം.
സംവിധായകനും അമ്മാവനുമായ രഞ്ജിത്തിലൂടെ അദ്ദേഹത്തിന്റെ തന്നെ ചിത്രമായ ലോഹത്തിലാണ് നിരഞ്ജന അനൂപ് സിനിമയിൽ അരങ്ങേറുന്നത്. നായികയായും, ക്യാരക്ടർ വേഷങ്ങളിലും അഭിനയിക്കാൻ താരത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. ആത്യന്തികമായി അഭിനയിക്കുക എന്നതാണ് നിരഞ്ജനയുടെ ലക്ഷ്യം. ഈയിടെ ഒ.ടി.ടി.യിൽ റിലീസായ നാഗേന്ദ്രൻസ് ഹണിമൂണിലെ സാവിത്രി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് നിരഞ്ജനയെ തേടിയെത്തിയത്.

സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തുന്ന സീരീസ് സംവിധാനം ചെയ്തത് നിധിൻ രൺജി പണിക്കരാണ്. ഇതിൽ സുപ്രധാന വേഷത്തിലാണ് നിരഞ്ജന എത്തുന്നത്. ഒരു ജീവിതം അഞ്ച് ഭാര്യമാർ എന്ന ടാഗ് ലൈൻ പോലെ, നായകന്റെ അഞ്ച് ഭാര്യമാരിലൊരാളായാണ് നിരഞ്ജനയുടെ കഥാപാത്രമായ സാവിത്രി. സാവിത്രി തനിക്കേറെ പ്രിയപ്പെട്ടതാവാനുള്ള കാരണം അഭിമുഖത്തിനിടെ പറയുകയാണ് നിരഞ്ജന അനൂപ്.
'നിധിൻ ചേട്ടനെ ചെറുപ്പത്തിലെ അറിയാം. പക്ഷേ മുമ്പ് ഒന്നിച്ച് വർക്ക് ചെയ്തിട്ടില്ലായിരുന്നു. ഒരുദിവസം എന്നെ വിളിച്ച് ഈ വെബ്‌സീരീസിനെപറ്റി പറഞ്ഞു. സുരാജേട്ടനാണ് നാഗേന്ദ്രനെ അവതരിപ്പിക്കുന്നതെന്നും ഓരോ എപ്പിസോഡും ഓരോ സ്ത്രീകളുടെ കഥയാണെന്നുമൊക്കെ വൺ ലൈൻ പറഞ്ഞു തന്നു. കേട്ടപ്പോൾ നല്ല രസം തോന്നി. എല്ലാ സ്ത്രീകൾക്കും അവരുടേതായ സ്‌പേസുണ്ട്. ഗ്രേസിന്റെ ലില്ലിക്കുട്ടിയെയും കനികുസൃതിയുടെ തങ്കത്തിന്റെ കഥാപാത്രവും നേരത്തെ തീരുമാനിച്ചിരുന്നു. മൊത്തത്തിൽ രസകരമായതുകൊണ്ട് നോ പറയാൻ തോന്നിയില്ല.'
'എങ്കിലും ചന്ദ്രികേ'എന്ന സിനിമക്കു ശേഷം സുരാജേട്ടനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നത് നാഗേന്ദ്രൻസ് ഹണിമൂണിലൂടെയാണ്.. വളരെ ഇഷ്ടമുള്ള നടനാണ്. അദ്ദേഹം ഉണ്ടെങ്കിൽ സെറ്റ് മുഴുവൻ പോസിറ്റീവ് എനർജിയാവും. എല്ലാവരെയും ഹാപ്പിയാക്കുന്ന വ്യക്തിയാണ്. അഭിനയിക്കുമ്പോൾ നമ്മുടേതായ സ്‌പേസ് തരും. ഇതിനു ശേഷം വീണ്ടും സുരാജേട്ടനൊപ്പം പടക്കളം എന്ന സിനിമ ചെയ്യാൻ പോവുന്നു."
"അമ്മാവൻ രഞ്ജിത്ത് ഇതുവരെയും വെബസീരീസ് കണ്ടിട്ടില്ലെന്നുെ നടി രേവതി നാഗേന്ദ്രൻസ് ഹണിമൂൺ കണ്ടു അഭിപ്രായങ്ങൾ പറഞ്ഞെന്നും നിരഞ്ജന പറഞ്ഞു. തനിക്ക് അത്രക്കും ആരാധനയുള്ള നടിയാണെന്നും നിരഞ്ജന സിനിമയിൽ വരാൻ കാരണം അമ്മായിയായ രേവതിയാണെന്നും" നിരഞ്ജന കൂട്ടിച്ചേർത്തു.

"നൃത്തം ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോഴും പഠിക്കുന്നുണ്ട്. ഭരതനാട്യവും ഭരതനൃത്തവുമാണ് ഇപ്പോൾ പഠിക്കുന്നത്. എം.ടി.വാസുദേവൻ നായരുടെ മകൾ അശ്വതിയും മരുമകൻ ശ്രീകാന്തുമാണ് ഗുരുക്കന്മാർ. ആദ്യമേ അവരുടെ അടുത്ത് നിന്നാണ് പഠിക്കുന്നത്. പിന്നീട് കുച്ചിപ്പുഡി ചെയ്തുതുടങ്ങി. അതിൽ നിന്നുമാറി ഒരു വർഷമായിട്ട് തിരിച്ച് ഭരതനാട്യവും ഭരതനൃത്ത്യവും പുനരാരംഭിച്ചു. പിന്നെ അമ്മ നടത്തുന്ന പുനർജനി ഡാൻസ് സ്‌കൂളിൽ ക്ലാസെടുക്കുന്നുമുണ്ട്. നൃത്തം എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്."
പുത്തൻ പണം, ഗൂഢാലോചന, കെയർ ഓഫ് സൈറ ബാനു, ഇര, ബിടെക് തുടങ്ങി മികച്ച ഒരുപിടി ചിത്രങ്ങൾ നിരഞ്ജന ചെയ്തിട്ടുണ്ട്. നിരഞ്ജനയുടെ അഭിനയം കാണുമ്പോൾ തൊട്ടടുത്ത വീട്ടിലെ കുട്ടി എന്ന രീതിയിലെ ആർക്കും തോന്നുകയുള്ളൂ. ടർബോയിലാണ് താരം അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











