അഞ്ചാം ക്ലാസിൽ തുടങ്ങിയ പ്രണയം, 22-ാം വയസ്സിൽ വിവാഹം; ഇന്നും ആ ലഹരി നിലനിൽക്കുന്നുണ്ടെന്ന് നിഷാന്ത് സാഗർ!
ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ് നിഷാന്ത് സാഗർ. ജോക്കര്‍, ഫാന്റം തുടങ്ങിയ സിനിമകളിലൂടെയാണ് നിഷാന്ത് പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നിശാന്ത് എത്തി. യൂത്തിനിടയിൽ വലിയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ച നടനായിരുന്നു നിഷാന്ത്. രൂപവും ശരീര പ്രകൃതിയുമെല്ലാം ഒരു നോർത്ത് ഇന്ത്യക്കാരന്റേത് ആയത് കൊണ്ട് തന്നെ അന്യഭാഷ നടനാണെന്ന് പോലും പലരും തെറ്റിദ്ധരിച്ചിരുന്നു.
2000ന്റെ ആദ്യ പകുതിയിൽ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായെങ്കിലും നായകൻ വേഷങ്ങൾ നിഷാന്തിനെ തേടി എത്തിയിരുന്നില്ല. എന്നാൽ വില്ലനായും സഹനടനായും നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിഷാന്തിന് സാധിച്ചു. എന്നാല്‍ പിന്നീട് നിഷാന്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷനായി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമാവുകയാണ് നടൻ.

ആർഡിഎക്സ് ആണ് നിഷാന്തിന്റെ പുതിയ ചിത്രം. വില്ലൻ വേഷത്തിലെത്തി കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ് നടനിപ്പോൾ. അതിനിടെ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് നിഷാന്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. അഞ്ചാം ക്ലാസില്‍ മുതലുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതെന്ന് നിഷാന്ത് പറയുന്നു.
'അഞ്ചാം ക്ലാസ് മുതൽ പ്രണയം തുടങ്ങി. എട്ടാം ക്ലാസില്‍ വെച്ചാണ് പ്രെപ്പോസ് ചെയ്തത്. 'bee likes honey, man likes money, but i like you' എന്ന് റോഡില്‍ കിടന്ന ഒരു സിഗരറ്റിന്റെ കൂടെടുത്ത് അതിൽ എഴുതി കൊടുത്തു കൊണ്ടാണ് പ്രെപ്പോസ് ചെയ്തത്. പിന്നീട് അച്ഛന്‍ ട്രാസ്ഫര്‍ ആയപ്പോള്‍ സ്ഥലം മാറി പോകേണ്ടി വന്നു. എന്നാലും കോൺടാക്ട് ഉണ്ടായിരിന്നു. കത്തുകളിലൂടെയൊക്കെയായി ഞങ്ങള്‍ കൂടുതല്‍ അടുത്തു',
'പക്ഷെ പഠിക്കുന്ന കുട്ടിയ്ക്ക് ഒരുപാട് കത്തുകള്‍ വന്നപ്പോള്‍ അത് സ്‌കൂളില്‍ പിടിച്ചു. അങ്ങനെ പാരന്റ്‌സ് അറിഞ്ഞു. പിന്നീട് ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു വിവാഹം. ഈ പ്രായത്തില്‍ വിവാഹം കഴിക്കണോ എന്ന ഒരു ചെറിയ പ്രശ്‌നം ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാര്‍ക്ക് അതിൽ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല', നിഷാന്ത് പറയുന്നു.

അഞ്ചാം ക്ലാസ് മുതല്‍ ഒരാളെ തന്നെയല്ലേ കണ്ടുകൊണ്ടിരിക്കുന്നത്, ബോറടിക്കുന്നില്ലേ എന്ന് അവതാരക തമാശയോടെ ചോദിച്ചപ്പോൾ തനിക്ക് അതൊരു ലഹരിയാണെന്ന് ആയിരുന്നു നിഷാന്തിന്റെ പ്രതികരണം. 'ഞാന്‍ ഇടയ്ക്ക് വൃന്ദയെ നോക്കിയിരിക്കും, അവളെ കാണുമ്പോള്‍ എന്റെ മനസ്സ് ഒരു ടൈം ട്രാവല്‍ നടത്തും',
'അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കണ്ട ആളല്ലേ ഇത്, ആ മാറ്റത്തിന് ഞാന്‍ സാക്ഷിയല്ലേ എന്ന് കൗതുകത്തോടെ നോക്കും. എനിക്കത് ഒരു ലഹരിയാണ്. ഇന്നും ആ ലഹരിയുണ്ട്. ആ ലഹരി നിലനിര്‍ത്താന്‍ വേണ്ടി ഒന്നും ചെയ്യുന്നതല്ല, അത് സംഭവിച്ചു പോകുന്നതാണ്', നിഷാന്ത് പറഞ്ഞു.
രണ്ട് മക്കളാണ് നിഷാന്ത് സാഗറിന്. മൂത്ത മകള്‍ ഡിഗ്രി ഫൈനല്‍ ഇയർ വിദ്യാർത്ഥിയാണ്, മകന്‍ ആറാം ക്ലാസിലെത്തി. മക്കളുമായി നല്ല സൗഹൃദമാണ്. മോന്‍ ഇടയ്ക്ക് ഡാ അച്ഛാ എന്നൊക്കെയാണ് വിളിക്കാറുള്ളതെന്ന് നിഷാന്ത് പറയുന്നു. മുൻപൊരു അഭിമുഖത്തിൽ മോൾടെ കൂടെ പുറത്തു പോകുമ്പോൾ ആളുകൾ ഭാര്യയാണോ എന്ന് ചോദിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് നിഷാന്ത് പറഞ്ഞിരുന്നു. 2003 ലാണ് നിഷാന്തും ഭാര്യ വൃന്ദയും വിവാഹിതരാകുന്നത്.


Click it and Unblock the Notifications











