25 വർഷമായി മമ്മൂക്ക ഭക്ഷണം ആസ്വദിച്ചു കഴിച്ചിട്ട്; സിനിമാ താരമായിരിക്കാൻ അത്ര എളുപ്പമല്ല!
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നിത്യ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നിത്യക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരുണ്ട്. ബാലതാരമായി സിനിമയിൽ എത്തിയതാണ് താരം. എന്നാൽ 2008ൽ നായികയായി അരങ്ങേറ്റം നടത്തിയ ശേഷമാണ് കൂടുതൽ സജീവമാകുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി സിനിമയിലെ നിറസാന്നിധ്യമാണ് നിത്യ മേനോൻ. ഒറ്റ ഭാഷയിലേക്ക് മാത്രമായി ഒതുങ്ങാതെ എല്ലാ ഭാഷകളിലും ഒരേപോലെ നിറഞ്ഞു നിൽക്കുകയാണ് താരം.
അതിനിടെ സിനിമാ താരമായി ഇരിക്കുന്നത് കൊണ്ട് തന്നെ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് നിത്യ മേനോൻ. താരമായി ഇരിക്കുന്നത് കൊണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്വകാര്യത ലഭിക്കുന്നില്ല എന്നതാണെന്ന് നിത്യ പറയുന്നു. തന്റെ ആദ്യ മലയാളം വെബ് സീരീസ് ആയ മാസ്റ്റർപീസിന്റെ പ്രമോഷന്റെ ഭാഗമായി ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിത്യ മേനോൻ.

'തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി വേണ്ടത്ര സ്വകാര്യതയോ സ്വാതന്ത്ര്യമോ ലഭിക്കുന്നില്ല എന്നതാണ്. എനിക്ക് നടക്കാൻ പോണം, രാത്രിയിൽ എവിടെയെങ്കിലും പോണം എന്നൊക്കെ ഉണ്ടെങ്കിലും അതിനുള്ള ഫ്രീഡം ഇല്ലാത്ത പോലെ ഫീൽ ചെയ്യാറുണ്ട്. നല്ലത് എന്ന് പറയാവുന്ന സംഗതി ഷെഡ്യൂളുകൾ ആണ്.
സാധാരണ ജോലി പോലെ തിങ്കൾ മുതൽ വെള്ളി വരെ ജോലി, പിന്നീട് ശനി ഞായർ ഓഫ്, അങ്ങനെ അല്ലല്ലോ, നമ്മൾക്ക് വർക്ക് ചെയ്യുമ്പോൾ ഫുൾ വർക്ക് ചെയ്യാം. അതിന് ശനിയോ ഞായറോ എന്നൊന്നും ഇല്ല. വർക്ക് ഓഫ് ആണെങ്കിൽ ഒരു ഓഫ് കിട്ടും എന്നതാണ് ഗുണം', നിത്യ പറയുന്നു.
'അഭിനയിക്കുന്ന ആളുകളെ കുറിച്ച് സമൂഹത്തിനു ഒരു പൊതുവിചാരമുണ്ട്. സ്‌ക്രീനിൽ കാണുന്ന പോലെയാണ് നമ്മൾ എന്ന്, എന്നാൽ അത് അങ്ങനെ അല്ല. ഇതൊരു ബ്ലൂ കോളർ ജോബ് ആണ്. നമ്മൾ സ്വെറ്റ് ആകും, നമ്മൾ ബ്ലീഡ് ആകും. നമ്മൾ കരയും എല്ലാമുണ്ട്. ഇത് ശരിക്കും ഫിസിക്കലിയും മെന്റലിയും വേദന നൽകുന്ന ജോലിയാണ്',
'പക്ഷേ ആളുകളുടെ വിചാരം വളരെ ഹാപ്പി ആയിട്ടാണ് നമ്മൾ പല സീനുകളും ചെയ്യുന്നത് എന്നാണ്. അതാണ് ഏറ്റവും വലിയ തെറ്റ്. എന്റെ അച്ഛനും അമ്മയും ഷൂട്ടിങ് കാണാൻ വരാറില്ല. കാരണം അതത്ര ഫൺ ആയ സ്ഥലമല്ല. അത് ഒരുപാട് ത്യാഗങ്ങളുടെ സ്ഥലമാണ്', നിത്യ മേനോൻ വ്യക്തമാക്കി. നിത്യക്ക് ഒപ്പം, രഞ്ജി പണിക്കർ, മാലാ പാർവതി എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇവരും തങ്ങളുടെ അഭിപ്രായം പങ്കുവച്ചു.
സിനിമ ഷൂട്ടിംങ് എന്ന് പറയുന്നത് ഒരു കാത്തിരിപ്പ് എന്നാണ് മാലാ പാർവതി പറഞ്ഞത്. നിങ്ങൾ വിചാരിക്കുന്ന പോലെ അത്ര സുഖമുള്ള പരിപാടിയല്ലെന്നും നടി പറഞ്ഞു. മമ്മൂട്ടിയെ കുറിച്ചാണ് രഞ്ജി പണിക്കർ സംസാരിച്ചത്. 'രൗദ്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ മമ്മുക്കയും ഞാനും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പുള്ളി ഭക്ഷണം ആസ്വദിക്കാതെ കഴിക്കുന്നതാണ് അന്ന് കണ്ടത്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഞാൻ ഭക്ഷണം വർജ്ജിച്ച് വർജ്ജിച്ച് അതിന്റെ രുചി നഷ്ടമായി എന്നാണ് അദ്ദേഹം പറഞ്ഞത്',

'ആ മനുഷ്യൻ 25 വർഷമായി വേണ്ടത്ര ആസ്വദിച്ചല്ല ഭക്ഷണം കഴിക്കുന്നത്. ലോകത്തിന്റെ ഏതുകോണിൽ പോയാലും ഭക്ഷണവും കാര്യങ്ങളും വേണ്ടത്ര ആസ്വദിക്കാൻ പ്രാപ്തിയുള്ള മനുഷ്യൻ ആണ്. എന്നാൽ പുള്ളിക്കും അവിടെ നിയന്ത്രണങ്ങൾ വെക്കേണ്ടി വരുന്നു. കാരണം അത്രയും ബുദ്ധിമുട്ടാണ് എല്ലാവരും പറയുന്ന, അദ്ദേഹത്തിന്റെ ആ അപ്പിയറൻസ് അതുപോലെ തന്നെ നിലനിർത്തുക എന്നത്. ഏറ്റവും ലക്ഷ്വറിയിൽ കഴിയുന്ന ആളാണെന്ന് നിങ്ങൾ ചിന്തിക്കുന്ന ആൾ തന്നെയാണ് ഇത്രയും സ്ട്രഗിൾ ചെയ്യുന്നത്', രഞ്ജി പണിക്കർ പറഞ്ഞു.
അതേസമയം നാളെയാണ് മാസ്റ്റർപീസ് സ്ട്രീമിങ് ആരംഭിക്കുക. ഹോട്ട്സ്റ്റാറിലാണ് സീരീസ് എത്തുന്നത്. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന സീരീസിൽ, ഷറഫുദ്ധീൻ, നിത്യ മേനോൻ, രഞ്ജി പണിക്കർ, മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











