ഏഴ് വർഷത്തെ പ്രണയം; വിവാഹശേഷം അയാളുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു; നേരിട്ട പീഡനങ്ങളെ കുറിച്ച് നടി ജയലളിത
മലയാള സിനിമയിൽ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്ന നടിയാണ് ജയലളിത. ആന്ധ്രാപ്രദേശ് സ്വദേശിനിയായ നടി 1987 ൽ പുറത്തിറങ്ങിയ ഉപ്പ് എന്ന മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് തൂവാനത്തുമ്പികൾ, വൈശാലി അടക്കമുള്ള സിനിമകളിൽ അഭിനയിച്ച്, എൺപതുകളിൽ മലയാളത്തിൽ നിറഞ്ഞു നിന്ന താരം 90കളിലാണ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. അതോടെ മലയാള സിനിമ വിടുകയായിരുന്നു ജയലളിത.
അഭിനേത്രി എന്നതിന് പുറമെ മികച്ച നർത്തകി കൂടിയായ താരം ധാരാളം സ്റ്റേജ് പരിപാടികളിലൂടെയും ശ്രദ്ധനേടിയിട്ടുണ്ട്. ഇടക്കാലത്ത് മിനിസ്‌ക്രീനിലും തിളങ്ങി. എന്നാൽ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം. കഴിഞ്ഞ പത്ത് വർഷത്തിനിടെ വിരലിൽ എണ്ണാവുന്ന സിനിമകളിലാണ് ജയലളിത അഭിനയിച്ചത്. അതേസമയം സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ജയലളിതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ ജയലളിത ഇതേക്കുറിച്ച് മനസ് തുറക്കുകയുണ്ടായി. ഇപ്പോഴിതാ ആ വാക്കുകൾ വൈറലായി മാറുകയാണ്.
വിവാഹശേഷം ഒരുപാട് പ്രതിസന്ധികൾ ഉണ്ടായെന്നും ഭർത്താവിൽ നിന്ന് കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്നും ജയലളിത പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും ഒരിക്കൽ പോലും മരിക്കുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചിട്ടില്ലെന്നും ധൈര്യമായി നേരിടണം എന്ന് മാത്രമാണ് ചിന്തിച്ചിട്ടുള്ളതെന്നും നടി വ്യക്തമാക്കി.
'ഞാനൊരു ക്ലാസിക്കൽ ഡാൻസറാണ്. രാജ്യത്തുടനീളം 1000ൽ അധികം വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്. ആകസ്മികമായാണ് ഞാൻ സിനിമയിൽ പ്രവേശിക്കുന്നത്. കുടുംബം മുഴുവൻ എന്നെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ആ സമയത്ത് വന്ന അവസരങ്ങളൊന്നും കളയാതെ അഭിനയിച്ചു. മറ്റൊന്നും നോക്കിയിരുന്നില്ല', ജയലളിത പറയുന്നു.
'അതിനിടയിലാണ് വിനോദ് എന്ന സംവിധായകനുമായി ഞാൻ പ്രണയത്തിലാകുന്നത്. ഞങ്ങൾ ഏഴു വർഷത്തോളം അഭിനയിച്ചു. ഇതിനിടെ അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമയിൽ എന്നോടൊപ്പം ഒരു അഡൾട്ട് സീനിലും അഭിനയിച്ചു. ഞാൻ അദ്ദേഹത്തിൽ നിന്നും അകലാൻ ആഗ്രഹിച്ചു. എന്നാൽ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ താൻ മരിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഒടുവിൽ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു',

'വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ അയാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലായി, അയാൾ എന്നെ വിവാഹം കഴിച്ചത് സ്വത്തിന് വേണ്ടി മാത്രമായിരുന്നു. അദ്ദേഹം പീഡിപ്പിക്കാൻ തുടങ്ങി. ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. മുറിയിൽ പൂട്ടിയിട്ടു. ഒടുവിൽ അയാൾക്കെതിരെ കേസ് കൊടുത്ത് ജയിലിലാക്കി. അവസാനം അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അയാൾ ജയിലിൽ നിന്നും പുറത്തെത്തിയത്,' ജയലളിത ഓർമിച്ചു.
2022ൽ പുറത്തിറങ്ങിയ ഒരി ദേവുഡ എന്ന തെലുങ്ക് ചിത്രത്തിലാണ് ജയലളിത അവസാനമായി അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച സിനിമയായിരുന്നു ഇത്. തെലുങ്കിൽ ഇന്ദ്രദു ചന്ദ്രഡു, മാമ അല്ലുഡു, ലോറി ഡ്രൈവർ, അപ്പുല അപ്പറാവു, ജംബ ലക്കിടി പമ്പ, മെക്കാനിക് അല്ലുഡു, മുത്ത മേസ്ത്രി, ഹങ്കമാ, ഭാരത് അനേ നേനു തുടങ്ങിയ ഒരുപിടി സിനിമകളിൽ ജയലളിത അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











