വിഡ്ഢി, കഴിവില്ലാത്തവന്‍ എന്ന് വിളിച്ചോളൂ; ഒരിക്കല്‍ ഞാന്‍ ഉയരങ്ങളിലെത്തും! വൈറലായി ടൊവിനോയുടെ വാക്കുകള്‍
മലയാളത്തിന്റെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം വന്‍ വിജയമായി മാറിയതിന്റെ സന്തോഷത്തിലാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ ടൊവിനോ കയ്യടി നേടുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറോ സിനിമകളില്‍ തന്നെ ഏറ്റവും മികച്ചതായാണ് മിന്നല്‍ മുരളിയെ പലരും വിലയിരുത്തുന്നത്. മിന്നല്‍ മുരളിയിലൂടെ ടൊവിനോ ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ്. ചിത്രം നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബല്‍ ടോപ് ടെന്നില്‍ പോലും ഇടം നേടുകയുണ്ടായി. മറ്റൊരു ഇന്ത്യന്‍ സിനിമയക്കും ലഭിക്കാത്ത നേട്ടമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ടൊവിനോ ഇന്ന് എത്തി നില്‍ക്കുന്ന വിജയത്തിന് പിന്നില്‍ വലിയ കഠിനാധ്വാനവും നീണ്ട നാളത്തെ കാത്തിരിപ്പുമുണ്ട്. സഹനടനായും വില്ലനായും നായകനുമെല്ലാം അഭിനയിച്ച് തെളിയിച്ചാണ് ടൊവിനോ ഇന്നത്തെ വിജയത്തിലേക്ക് എത്തിയത്. ജീവിതത്തിലും സിനിമയിലും ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ടൊവിനോയുടെ പഴയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

2011 ല്‍ ടെവിനോ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. അന്ന് ടൊവിനോ ഇന്നത്തെ പോലെ വലിയ താരമായിരുന്നില്ല. സിനിമ സ്വപ്‌നം കണ്ട് തുടങ്ങിയ ചെറുപ്പക്കാരനായിരുന്നു. അന്ന് തനിക്കെതിരെയുയര്‍ന്ന വിമര്‍ശനങ്ങളോടുള്ള ടൊവിനോയുടെ മറുപടിയായിരുന്നു ആ പോസ്റ്റ്. ഇന്ന് ആ വരികള്‍ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ്. പോസ്റ്റ് ടൊവിനോ ഡിലീറ്റ് ചെയ്തുവെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുകയായിരുന്നു. താരത്തിന്റെ ഇന്നത്തെ വിജയത്തില്‍ നിന്നു കൊണ്ട് ആ വരികള്‍ വായിക്കുമ്പോള്‍ അത് കട്ട ഹീറോയിസം ആണെന്നാണ് ആരാധകര്‍ പറയുന്നത്.

'നിങ്ങള്‍ ഇന്ന് എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും. കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും, പക്ഷെ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല. വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്'' എന്നായിരുന്നു ടൊവിനോ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ടൊവിനോ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ മിന്നല്‍ മുരളി എന്ന ചിത്രത്തിലെ നായകനാണ്.

2012 ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയായിരുന്നു ടൊവിനോയുടെ അരങ്ങേറ്റം. പിന്നീട് എബിസിഡി എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഓഗസ്റ്റ് ക്ലബ്, സെവന്‍ത്ത് ഡേ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തി. 2015 ല്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീനിലെ അപ്പു ടൊവിനോയെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റുകയായിരുന്നു. പിന്നെ ടൊവിനോയുടെ കുതിപ്പാണ് മലയാള സിനിമ കണ്ടത്. മലയാളത്തി് പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള ടൊവിനോയുടെ യാത്ര മിന്നല്‍ മുരളിയില്‍ എത്തി നില്‍ക്കുകയാണ്. മായാനദിയ്ക്ക് ശേഷം ആഷിഖ് അബുവുമായി കൈകോര്‍ക്കുന്ന നാരദന്‍ ആണ് അടുത്ത സിനിമ. തല്ലുമാല, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
Recommended Video

മിന്നല്‍ മുരളിയില്‍ ടൊവിനോ ജെയ്‌സണ്‍ ആകുമ്പോള്‍ ഗുരു സോമസുന്ദരം ആണ് വില്ലനായി എത്തുന്നത്. ഫെമിന ജോര്‍ജ്, അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, ഷെല്ലി കിഷോര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. സോഫിയ പോള്‍ ആണ് സിനിമയുടെ നിര്‍മ്മാണം. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിനൊരു രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സോഫിയ പോള്‍ അറിയിച്ചത്.


Click it and Unblock the Notifications