അച്ഛന്റെ ചിത മറിച്ചിട്ട ശേഷം ഷൂട്ടിംഗിലേക്ക് പോയി; അമ്മ മരിച്ച അന്നും വിളി വന്നു; വേദനയോടെ കലാഭവന്‍ മണി
മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത പേരുകളിലൊന്നാണ് കലാഭവന്‍ മണിയെന്നത്. മരിച്ചിട്ട് കാലമിത്രയായിട്ടും മലയാളി കലാഭവന്‍ മണിയെ മറന്നിട്ടില്ല. ഇന്നും കേരളത്തിലെ ഉത്സവപ്പറമ്പുകളിലും കല്യാണ വീടുകളിലും ഓട്ടോറിക്ഷകളിലും ബസുകളിലുമെല്ലാം കലാഭവന്‍ മണി പാടിക്കൊണ്ടേയിരിക്കുകയാണ്. മലയാളി ജീവിതത്തില്‍ ഒരിക്കലും മായ്ച്ചുകളയാന്‍ പറ്റാത്തൊരു ഏടായി മണി ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
മിമിക്രി വേദികളിലൂടെയാണ് കലാഭവന്‍ മണി കരിയര്‍ ആരംഭിക്കുന്നത്. തന്റെ അവസാന കാലം വരെ സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു കലാഭവന്‍ മണി. സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടുന്നതു പോലെ തന്നെ സ്‌റ്റേജ് ഷോകളിലും മണി ആവേശം വിതറിയിരുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ സ്‌റ്റേജ് ഷോകള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്.

തന്റെ അമ്മ മരിച്ചു കിടക്കുമ്പോഴും മണിയെ തേടി പരിപാടി ബുക്ക് ചെയ്തവരുടെ കോള്‍ വന്നതിനെക്കുറിച്ച് ഒരിക്കല്‍ സുഹൃത്തു കൂടിയായ നാദിര്‍ഷ ഓര്‍മ്മിക്കുന്നുണ്ട്. കൈരളി ടിവിയിലെ അഭിമുഖ പരിപാടിയില്‍ വച്ചാണ് കലാഭവന്‍ മണിയോട് ആ അനുഭവത്തെക്കുറിച്ച് നാദിര്‍ഷ ചോദിക്കുന്നത്.
''സെലിബ്രിറ്റികളൊക്കെ നേരിടുന്ന പ്രശ്നം ആണത്. അമ്മ മരിച്ചാലും കുഴപ്പമില്ല പരിപാടിയ്ക്ക് എത്തിക്കോളണം എന്ന് തീരുമാനിക്കുന്ന അവസ്ഥയാണ്. അവരേയും പറഞ്ഞിട്ടു കാര്യമില്ല. ടിക്കറ്റ് അടിച്ച് വിറ്റ ശേഷം പരിപാടിയ്ക്ക് വരാതാകുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. എന്നാലും അമ്മ മരിച്ചു എന്ന് പറയുമ്പോള്‍ മനസിലാക്കേണ്ടതാണ്. ഇപ്പോഴും പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്, ഞായറാഴ്ച സിനിമയ്ക്ക് അവധിയാണെന്ന്. ഞായറാഴ്ച ഷൂട്ടിംഗ് ഇല്ലെന്ന് കരുതുന്നവരുണ്ട്.'' കലാഭവന്‍ മണി പറയുന്നു.
''എന്റെ അച്ഛന്‍ മരിച്ചതിന്റെ അന്ന് രാത്രി അതുപോലെ നടന്നു. ഞാന്‍ അതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അച്ഛനെ ചിതയില്‍ കിടത്തിയിരിക്കുകയാണ്. വിറക് വച്ചതിന് മുമ്പ് അച്ഛന്റെ പുറം പൊട്ടിയിട്ടുണ്ട് ആ ഭാഗത്ത് കുറച്ച് പഞ്ഞി വച്ചേക്കൂവെന്ന് ഞാന്‍ പറഞ്ഞു. അത്രയും നമ്മളെ നോക്കി വളര്‍ത്തിയ മനുഷ്യനാണ്. തീ കത്തുമ്പോഴും വേദനയുണ്ടാകരുത് എന്ന് കരുതി പറഞ്ഞതാണ്. പഞ്ഞി വച്ച് അതിന്റെ പുറത്താണ് അച്ഛനെ കിടത്തിയത്.''
''പക്ഷെ ആ പഞ്ഞി മെല്‍റ്റായിപ്പോയി. അതോടെ അച്ഛന്റെ മുന്‍ഭാഗം മാത്രം കത്തി വെന്തുകൊണ്ടിരിക്കുകയാണ്. ബോഡിയൊന്ന് മറച്ചിടണം. അതിന് ആരുമില്ല. സ്വന്തം അച്ഛന്റെ ബോഡി നമ്മള്‍ തന്നെ മറച്ചിടേണ്ട അവസ്ഥയായിരുന്നു. ആ സമയത്താണ് എന്നെ ഒരു സിനിമയലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുന്നത്. അതുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവമുണ്ട്. പുഴയുടെ സൈഡിലായി കുറേ ഈറ്റ നില്‍ക്കുന്നുണ്ട്. അച്ഛന്‍ മരിച്ചപ്പോള്‍ കുറേ റീത്തുകള്‍ കിട്ടി. ആ റീത്തെല്ലാം ഞാന്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു.'' അദ്ദേഹം പറയുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവിടെ കണ്ടമാനം പൂക്കളുണ്ടായി. എനിക്ക് സങ്കടവും വന്നു സന്തോഷവും വന്നു. അച്ഛന്‍ മരിച്ചാലും അമ്മ മരിച്ചാലും പരിപാടിയ്ക്ക് വിളിക്കുന്നവരുണ്ട്. നമ്മുടെ വിഷമം നമ്മള്‍ മനസിലാക്കുക. അതില്‍ പങ്കുചേരുന്നവരുണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.

മിമിക്രി വേദകളിലൂടെ ഉയര്‍ന്നു വന്ന താരമാണ് കലാഭവന്‍ മണി. കോമഡി വേഷങ്ങളായിരുന്നു തുടക്കത്തില്‍ ചെയ്തതെല്ലാം.പിന്നീട് നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടി. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ച് കയ്യടി നേടി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരവും നേടിയിട്ടുണ്ട്.
2016 മാര്‍ച്ച് ആറിന് കലാഭവന്‍ മണി മരണപ്പെടുന്നത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 45 വയസ് മാത്രമായിരുന്നു പ്രായം. ഇനിയും ആടി തീരാന്‍ ഒരുപാട് വേഷങ്ങളും പാടി തീരാന്‍ ഒരുപാട് പാട്ടുകളും ബാക്കി വച്ചാണ് മലയാളത്തിന്റെ മണിമുത്ത് യാത്രയായത്.


Click it and Unblock the Notifications