എനിക്ക് എന്റെ കുടുംബവുമായി അങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നു, തെറ്റിദ്ധാരണയായിരുന്നു; മനസുതുറന്ന് ആസിഫ് അലി
മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ആസിഫ് അലി. യാതൊരു സിനിമാ പശ്ചാത്തലമില്ലാതെ സിനിമയിലെത്തി നായക നിരയിലേക്ക് ഉയർന്ന് വന്ന നടന്മാരിൽ ഒരാളാണ് ആസിഫ്. ഇതിനകം നിരവധി ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ ആസിഫിന് കഴിഞ്ഞു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ ചെത്തി മിനുക്കി മുന്നേറുകയാണ് ആസിഫ് അലി. മികച്ച സിനിമകളും നടനെ തേടി എത്തുന്നുണ്ട്. നടനെന്ന നിലയിലും ആസിഫ് ഒരുപാട് മുന്നോട്ട് പോയെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്ന നടനാണ് ആസിഫ് അലി. തിരക്കുകൾക്കിടയിൽ ഭാര്യ സമയ്ക്കും രണ്ടു മക്കൾക്കുമൊപ്പം പരമാവധി സമയം ചെലവഴിക്കാൻ നടൻ ശ്രമിക്കാറുണ്ട്. അഭിമുഖങ്ങളിലൊക്കെ ഇവരെ കുറിച്ചും വാപ്പാനെയും ഉമ്മയെയും കുറിച്ചൊക്കെ നടൻ വാചാലരാവാറുമുണ്ട്. ഇപ്പോഴിതാ തനിക്ക് തന്റെ വാപ്പയെയും ഉമ്മയെയും കുറിച്ചുണ്ടായിരുന്ന ഒരു തെറ്റിധാരണയെ കുറിച്ച് പറയുകയാണ് ആസിഫ് അലി.

തന്റെ പുതിയ ചിത്രമായ ഒറ്റയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ്. കുടുംബ ചിത്രമാണ് ഒറ്റ. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ആസിഫ് തന്റെ സ്വന്തം അനുഭവവും പങ്കുവച്ചത്.
'ഫാമിലി ബോണ്ടിങ്ങിനെ കുറിച്ച് പറയുന്ന സിനിമയാണ് ഒറ്റ. കുടുംബത്തിൽ പല തെറ്റിദ്ധാരണകളും നമുക്ക് ഉണ്ടാകാറുണ്ട്. പലപ്പോഴും പലരും ഇതൊന്നും എക്സ്പ്രസ് ചെയ്യാറില്ല. അച്ഛന് മകനോടുള്ള സ്നേഹമാണെങ്കിലും മകന് അച്ഛനോടുള്ള സ്നേഹമാണെങ്കിലും അവർക്ക് തമ്മിൽ പ്രകടിപ്പിക്കാൻ ചില സമയത്ത് ഒരു മടി വരാറുണ്ട്. ആ ഒരു മടി കാരണം കുട്ടികളുടെ മനസിലുണ്ടാകുന്ന ഒരുപാട് ചിന്തകളും തെറ്റിദ്ധാരണകളും ഉണ്ട്. അത് എല്ലാം ജെനറേഷനിലുമുള്ള യുവാക്കൾ നേരിടുന്ന ഒന്നാണ്, ഞാൻ പോലും അത് അനുഭവിച്ചിട്ടുണ്ട്',
'എനിക്കും എന്റെ കുടുംബവുമായി ഇതുപോലൊരു വലിയ പ്രശ്നമുണ്ടായിരുന്നു. ഞാൻ പഠിച്ചത് മുഴുവൻ ബോർഡിങ് സ്‌കൂളിലാണ്. ഏഴാം ക്ലാസ് മുതൽ ഞാൻ ബോർഡിങ് സ്‌കൂളിൽ ആയിരുന്നു. പിന്നീട് ഞാൻ ഹോസ്റ്റലിൽ ആയിരുന്നു. ഞാൻ എപ്പോഴും വീട്ടിൽ നിന്നും സെപ്പറേറ്റഡ് ആയി നിന്നയാളാണ്. അപ്പോഴൊക്കെ എന്റെ ചിന്ത എന്റെ അനിയൻ വീട്ടിൽ ഉള്ളത് കൊണ്ട്, മൂത്ത മോനോട് വീട്ടുകാർക്ക് സ്നേഹം ഇല്ല എന്നാണ്',
'ഇതുപോലെ കുട്ടികൾ ഷെയർ ചെയ്യാൻ മടിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതാണ് ഈ സിനിമയുടെ കഥ പറയുമ്പോൾ എനിക്ക് കണക്ട് ആയത്. ഒരു ഘട്ടം കഴിയുമ്പോൾ ഹീറോ ഇമേജിലുള്ള ഫാദർ മാറി ഫ്രണ്ട്സ് സർക്കിളിൽ വരും. അപ്പോഴാണ് വീട്ടിൽ നിന്നും ഡിറ്റാച്ചഡ് ആകുന്നത്. അപ്പോഴുണ്ടാകുന്ന ഓരോ ചിന്തകളൊക്കെയാണ് ഈ സിനിമയിൽ പറഞ്ഞു പോകുന്നത്', ആസിഫ് അലി പറഞ്ഞു.

താൻ ഒരിക്കലും സിനിമയിലെ സ്റ്റാർഡത്തിനെ കുറിച്ച് ചിന്തിക്കാറില്ലെന്നും ആസിഫ് അലി. നായകനായി തിളങ്ങി നിൽക്കുമ്പോൾ തന്നെ വില്ലൻ വേഷങ്ങളും അതിഥി വേഷങ്ങളുമൊക്കെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. 'സ്റ്റാർഡത്തെ കുറിച്ച് ഞാൻ ബോധേർഡ് അല്ല. ഞാൻ ഉയരെ ചെയ്യുന്ന സമയത്ത് ഒരുപാട് പേർ എന്നോട് ആ സിനിമ ചെയ്യരുതെന്ന് പറഞ്ഞിരുന്നു',
'കാരണം അതിന് മുന്നേ വന്ന സൺഡേ ഹോളിഡേ ഒരു ഫാമിലി ഹിറ്റായിരുന്നു. ഉടനെ പോയി ഒരു നെഗറ്റീവ് വേഷം ചെയ്യേണ്ടിയത് ഇല്ലെന്നാണ് പലരും പറഞ്ഞത്. പക്ഷെ ആ കഥാപാത്രം എനിക്ക് ഇഷ്ടമായി. കഥാപാത്രം ഇങ്ങനെ മാറി മാറി ചെയ്യുമ്പോൾ നമ്മൾ കൊടുക്കുന്ന ഒരു ഫ്രീഡമുണ്ട്', ആസിഫ് പറഞ്ഞു.
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ അർജ്ജുൻ അശോകൻ, സത്യരാജ്, ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രോഹിണി, ലെന, മംമ്ത മോഹൻദാസ്, ജലജ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications