മകളെ ഏറ്റവും കൂടുതൽ വഴക്ക് പറഞ്ഞിട്ടുള്ളത് അതിന്; ബഹ്‌റൈനിലെ ജീവിതം ജിങ്കലാല ആയിരുന്നു: ജലജ പറയുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് ജലജ. എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന ജലജ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ ജലജയ്ക്ക് സാധിച്ചു. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് ജലജ.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ജലജ സിനിമ വിടുന്നത്. വിവാഹത്തോടെ അഭിനയം വിട്ട ജലജ 2021 ൽ ഫഹദ് ഫാസിൽ നായകനായ മാലിക്കിലൂടെയാണ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഏകമകൾ ദേവിക്ക് ഒപ്പമായിരുന്നു ജലജയുടെ തിരിച്ചു വരവ്. ചിത്രത്തിൽ ജലജയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മകളാണ്. ഇപ്പോഴിതാ വീണ്ടും മകൾക്കൊപ്പം വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ് ജലജ.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റയിലാണ് ജലജയും മകളും വീണ്ടും ഒന്നിച്ചിരിക്കുന്നത്. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മാലിക്കിൽ അമ്മയുടെ കുട്ടിക്കാലമാണ് അവതരിപ്പിച്ചതെങ്കിൽ ഈ സിനിമയിൽ നായികയായാണ് ദേവി എത്തുന്നത്. അതിന്റെ സന്തോഷത്തിലാണ് അമ്മയും മകളും. ചിത്രത്തിന്റെ പ്രമോഷനിലെല്ലാം ഇരുവരും സജീവമായിരുന്നു. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ ഇവരുടെ പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്.
അമ്മയും മകളും തമ്മിലുള്ള ബോണ്ടിങ്ങിനെ കുറിച്ചും രണ്ടുപേരിലും കോമൺ ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചുമെല്ലാം ഇരുവരും അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഭക്ഷണത്തോടുള്ള ഇഷ്ടമാണ് രണ്ടുപേരിലും കോമണായി ഉള്ളതെന്നാണ് ജലജ പറയുന്നത്. മകളും അത് സമ്മതിക്കുന്നുണ്ട്. 'ഭക്ഷണമാണ് ഞങ്ങളുടെ വീക്നെസ്. ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനുമൊക്കെ വളരെ ഇഷ്ടമാണ്. കോവിഡ് സമയത്ത് കേക്ക് ഒക്കെ ഉണ്ടാക്കി കഴിച്ചിരുന്നു. അത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് മനസ്സിലാക്കിയതോടെ ഇപ്പോൾ നിർത്തി', ദേവി പറഞ്ഞു.
പരസ്‌പരം വഴക്കുണ്ടാകുന്നത് എന്തിനാണ് എന്നതായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം. ഒറ്റമോളായത് കൊണ്ട് അമ്മയുമായി നല്ല ബോണ്ടാണ്. പരസ്പരം വഴക്കിടുന്നതൊക്കെ വളരെ വിരളമാണെന്നാണ് ദേവി പറഞ്ഞത്. എന്നാൽ എവിടെയെങ്കിലും പോയിട്ട് രാത്രി വൈകി വരുകയാണെങ്കിൽ അതിന്റെ പേരിൽ വഴക്ക് പറയാറുണ്ടെന്ന് ജലജ പറഞ്ഞു. 'അമ്മ എല്ലാ കാര്യത്തിലും കൃത്യനിഷ്ഠ പാലിക്കുന്ന ആളാണ്. എവിടെയെങ്കിലും പോകുന്ന കാര്യത്തിൽ ആണെങ്കിൽ പോലും അങ്ങനെ തന്നെയാണ്. പക്ഷെ ഞാൻ എങ്ങനെയൊക്കെ ശ്രമിച്ചാലും വൈകും', ദേവി പറഞ്ഞു.

സിനിമയിലേക്ക് തിരിച്ചുവരണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ലെന്നും മകൾക്ക് ഒരു അവസരം ലഭിക്കണം എന്നുമായിരുന്നു തനിക്കെന്ന് ജലജ അഭിമുഖത്തിൽ പറയുന്നുണ്ട്. 'മഹേഷ് നാരായണൻ മാലിക്ക് ചെയ്യാൻ എന്നെ കൺവിൻസ് ചെയ്ത് എടുക്കുകയായിരുന്നു. എനിക്ക് കരിയറിൽ കിട്ടേണ്ടതായ നല്ല സിനിമകളെല്ലാം കിട്ടി. ആ സന്തോഷത്തിലാണ് ഞാൻ ജീവിച്ചിരുന്നത്. ബഹ്‌റൈനിൽ ആണെങ്കിലും സുഹൃത്തുക്കളും കുക്കിങ് ഗ്രൂപ്പുകളുമൊക്കെയായി ജിങ്കാലാലയായി നടക്കുകയായിരുന്നു ഞാൻ. അതുകൊണ്ട് സിനിമ എനിക്ക് മിസ് ചെയ്തിട്ടില്ല. നല്ല കുറെ സിനിമകൾ ചെയ്തു എന്ന വിശ്വാസത്തിലായിരുന്നു', ജലജ പറഞ്ഞു.
അതേസമയം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ഒറ്റ. അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമയായ ഒറ്റ പറയുന്നത്.


Click it and Unblock the Notifications











