മകളെ പഠിപ്പിച്ചത് വെറുതെ ആയില്ലെന്ന് അന്ന് മനസ്സിലായി; അഭിമാനം തോന്നിയ നിമിഷത്തെ കുറിച്ച് നടി ജലജ
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നായികമാരിൽ ഒരാളാണ് ജലജ. എഴുപതുകളുടെ അവസാനമാണ് ജലജ സിനിമയിലേക്ക് എത്തുന്നത്. അതുവരെ കണ്ട നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു നായികയായുള്ള ജലജയുടെ വരവ്. പിന്നീട് ജലജയുടെ കാലമായിരുന്നു, വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. എൺപതുകളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജലജ.
എന്നാൽ പിന്നീട് താരം സിനിമ വിട്ടു. വിവാഹത്തോടെയാണ് നടി സിനിമ ഉപേക്ഷിച്ചത്. എന്നാലിപ്പോൾ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് ജലജ. ഒറ്റ ആണ് ജലജയുടെ പുതിയ ചിത്രം. ജലജയുടെ മകൾ ദേവിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ ഇരുവരും നൽകിയിരുന്നു. അതിലൊരു അഭിമുഖത്തിൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പോയ അനുഭവം ജലജ പങ്കുവയ്ക്കുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

കഴിഞ്ഞ വർഷമാണ് ജലജ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത്. മകൾക്കൊപ്പമാണ് നടി കാൻ വേദിയിൽ എത്തിയത്. 1978-ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ജലജയുടെ ആദ്യ സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് ജലജ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത്. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒന്നായിരുന്നു അതെന്നാണ് ജലജ പറയുന്നത്.
ഐശ്വര്യ റായ് ഒക്കെ നടക്കുന്ന കണ്ടിട്ടുള്ള കാൻ റെഡ് കാർപെറ്റിൽ നടന്നത് വിശ്വസിക്കാൻ കഴിയാത്ത അനുഭവമായിരുന്നു എന്നും മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജലജ പറഞ്ഞു. മകളുടെ ഫ്രഞ്ച് ഭാഷയിലെ വൈദഗ്ധ്യം അവിടെ ഉപകാരപ്പെട്ടതിനെ കുറിച്ചും ജലജ വാചാലയായി.
'ഞാൻ 44 വർഷം മുൻപ് ചെയ്ത സിനിമയാണ് തമ്പ്. എന്റെ ആദ്യത്തെ സിനിമ. അത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു എന്നതൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അതിനിടെ ഖത്തറിൽ നിന്ന് ഒരു മാധ്യമപ്രവർത്തക എന്നെ വിളിച്ച് പോകുന്നുണ്ടോ എന്ന് ചോദിച്ചു. അവരോട് ഞാൻ സത്യമാണോ എന്ന് ചോദിച്ചു. അതിനു ശേഷമാണ് എനിക്ക് വിളികൾ ഒക്കെ വരുന്നത്. പ്രതീക്ഷിച്ചിട്ടില്ല എന്നത് പോട്ടെ, സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് ആണ്',
'രണ്ടു പേർക്ക് പോകാമായിരുന്നു. ഫ്രാൻസിലാണ് ഇത് നടക്കുന്നത്. അമ്മു (മകൾ ദേവി) ഫ്രഞ്ച് പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അമ്മുവിനെ കൊണ്ടുപോയത്. എനിക്ക് ഇംഗ്ലീഷ് അറിയാം എന്നല്ലാതെ അവിടെ ആരെങ്കിലും ഫ്രഞ്ചിൽ സംസാരിച്ചാൽ ഞാൻ പെട്ട് പോകും. ഇവൾ ആണെങ്കിൽ മണി മണി പോലെ സംസാരിക്കും. അവിടെ പോയപ്പോൾ അതിന്റെ ഫലം ഞാൻ കണ്ടു. ഫ്രാൻസിലാണോ ജനിച്ചു വളർന്നത് എന്നൊക്കെ ആളുകൾ ചോദിച്ചു. ഞാൻ അപ്പോൾ ഭയങ്കര ഇമ്പ്രസ്ഡ് ആയി',

'പഠിക്കാൻ വിട്ടിട്ട് കൊച്ച് പഠിച്ചിട്ട് അതിന്റെ ഗുണം ഉണ്ടായല്ലോ. അത് മാത്രമല്ല. അങ്ങനെ സംസാരിച്ചിട്ട് മറ്റുള്ളവർ അതിനു നൽകിയ ഫീഡ്ബാക്ക്. അവളുടെ കഷ്ടപ്പാടിന്റെ ഫലം കാണുന്നു എന്നത് അഭിമാനമുള്ള കാര്യമാണ്. പിന്നെ അവിടെ പോയ അനുഭവം, അത് പറഞ്ഞാലും പറഞ്ഞാലും തീരാത്ത, അല്ലെങ്കിൽ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ് അത്. നേരത്തെ ഐശ്വര്യ റായ് ഒക്കെ അവിടെ നടക്കുന്നത് കണ്ടിട്ടുണ്ട്. അവിടെ നമ്മൾ നടക്കുന്നു എന്നത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല', ജലജ പറഞ്ഞു.
അതേസമയം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റ. ആസിഫ് അലിയാണ് നായകൻ. കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











