അമ്മ ആയെന്നുകരുതി സമ ലോക്ക് ആകരുതെന്ന് എനിക്കുണ്ട്; മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്ക് കഴിയാറില്ല!
യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ കടന്നുവന്ന് മുൻനിര താരമായി മാറിയ ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ട പേരുകളിൽ ഒന്നാണ് ആസിഫ് അലിയുടേത്. മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ആസിഫ് അലി. ഏറെനാൾ സിനിമാ സ്വപ്നവുമായി നടന്ന ശേഷമാണ് ആസിഫിന് ഒരു അവസരം ലഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയെടുത്ത ആസിഫ് പിന്നീട് ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
ഇന്ന് മലയാള സിനിമയിൽ ആസിഫ് അലിക്ക് സ്വന്തമായൊരു ഇടമുണ്ട്. തുടരെ തുടരെ ഹിറ്റുകൾ നൽകുന്നിലെങ്കിലും ആസിഫ് അലി സിനിമകൾക്ക് ആരാധകരുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ ചെത്തി മിനുക്കി മുന്നേറുകയാണ് ആസിഫും. കരിയറിന്റെ തിരക്കുകളിൽ ആയിരിക്കെ തന്നെ കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്ന നടനാണ് ആസിഫ് അലി. തിരക്കുകൾക്കിടയിൽ ഭാര്യ സമയ്ക്കും രണ്ടു മക്കൾക്കുമൊപ്പം പരമാവധി സമയം ചെലവഴിക്കാൻ നടൻ ശ്രമിക്കാറുണ്ട്.

മക്കൾ ഇല്ലെങ്കിലും ഭാര്യ സമ ആസിഫിനൊപ്പം എപ്പോഴും ഉണ്ടാകാറുണ്ട്. ഷൂട്ടിങ്ങിനായുള്ള യാത്രകളിലും മറ്റു പരിപാടികളുമൊക്കെ ആസിഫിനൊപ്പം സമയെ കാണാം. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ്. പുതിയ ചിത്രമായ ഒറ്റയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി. അഭിമുഖത്തിൽ പാരന്റിങിനെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് യാത്രകളിൽ ഭാര്യ സമയെ ഒപ്പം കൂട്ടുന്നതിനെ കുറിച്ച് ആസിഫ് വാചാലനായത്.
'പാരന്റിങ്ങിലേക്ക് കടന്നപ്പോൾ ഐഡിയ ഒന്നും ഉണ്ടായിരുന്നില്ല. നമ്മൾ ഇപ്പോൾ അത് ഫേസ് ചെയ്ത് തുടങ്ങിയിട്ടേ ഉളളൂ. സമ ആണെങ്കിലും ഞാൻ ആണെങ്കിലും സുഹൃത്തുക്കളെ പോലെയാണ്. കുട്ടികളായെന്ന് കരുതി സമ അമ്മ എന്നൊരു സ്റ്റേജിൽ വീട്ടിൽ ലോക്കായി നിൽക്കരുത് എന്ന് എനിക്കുണ്ട്. അതുകൊണ്ട് ഞാൻ സമയ്ക്ക് സ്‌പേസ് കൊടുക്കാറുണ്ട്',
'പെൺകുട്ടികളെ വളരെ സ്ട്രിക്റ്റ് ആയിട്ട് വളർത്തണം എന്നൊരു കൾച്ചർ നമ്മുടെ നാട്ടിൽ പൊതുവെ ഉണ്ട്. നോർത്ത് മലബാർ ഭാഗങ്ങളിലൊക്കെ പ്രത്യേകിച്ചും. അങ്ങനെ ആയത് കൊണ്ട് തന്നെ കോളേജിൽ പഠിക്കുന്ന കാലം വരെ സമ കടന്നുവന്ന രീതികളിൽ നിന്നും മാറി കുറച്ചുകൂടെ സ്വാതന്ത്ര്യം അവൾക്ക് നൽകണം, അവൾ യാത്ര ചെയ്യണം, അവൾ എക്‌സ്‌പ്ലോർ ചെയ്യണം എന്നൊക്കെ എനിക്കുണ്ട്',
'അതിലൂടെ അവൾക്കുണ്ടാകുന്ന മാറ്റങ്ങൾ അവളിലൂടെ എന്റെ കുട്ടികൾക്കും കാണിച്ചു കൊടുക്കാൻ സാധിക്കണം. അതുകൊണ്ട് തന്നെ ഞാനും സമയും ഒന്നിച്ചു യാത്രകൾ പോകാൻ ശ്രമിക്കാറുണ്ട്. അവൾക്ക് കോളേജ് ലൈഫിൽ പോലും കിട്ടാത്ത ഫണ്ണും കാര്യങ്ങളും അവൾക്ക് കാണിച്ചുകൊടുക്കണം എന്നാണ് ആഗ്രഹം',

'കുട്ടികളുടെ കാര്യമെടുത്താൽ അവർക്ക് ഗ്രാൻഡ് പാരന്റ്സിന്റെ സ്‌പേസും വേണം. നമ്മളെക്കാൾ മുന്നേ ഈ സാഹചര്യത്തിലൂടെ കടന്നുപോയ ആളുകളാണ് അവർ. അപ്പോൾ അവർ പഠിപ്പിച്ചു കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനുള്ള സ്‌പേസും നമ്മൾ തന്നെ ഒരുക്കി കൊടുക്കണം. മക്കൾക്ക് വേണ്ടി സമയം കൊടുക്കാൻ എനിക്ക് കഴിയുന്നില്ല എന്നതാണ് എനിക്ക് ഇപ്പോൾ പറ്റാത്ത ഒരു കാര്യം',
'ആദു (മകൻ) എന്നോട് പലപ്പോഴും ആവശ്യപ്പെടുന്ന കാര്യം, അവനെ സ്‌കൂളിൽ നിന്നും പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനുമാണ്. അതിന് എനിക്ക് പലപ്പോഴും കഴിയാറില്ല. അതൊക്കെയാണ് വലിയ വലിയ മിസിങ്. അതാണ് ടാക്കിൾ ചെയ്യാൻ ശ്രമിക്കുന്നത്', ആസിഫ് അലി പറഞ്ഞു.
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒറ്റ. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ അർജ്ജുൻ അശോകൻ, സത്യരാജ്, ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രോഹിണി, ലെന, മംമ്ത മോഹൻദാസ്, ജലജ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒക്ടോബർ 27നാണ് ചിത്രത്തിന്റെ റിലീസ്.


Click it and Unblock the Notifications