മമ്മൂട്ടിയും മോഹന്‍ലാലും നിരാശപ്പെടുത്തി; 26-ാം വയസില്‍ സിനിമ നിര്‍ത്താന്‍ പറഞ്ഞു; അമ്മയ്ക്ക് തലയില്ല
മലയാള സിനിമയിലെ അധികാര ശ്രേണിയാണ് അതിക്രമങ്ങള്‍ക്ക് കാരണമെന്ന് നടി പത്മപ്രിയ. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്മപ്രിയയുടെ പ്രതികരണം. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും പത്മപ്രിയ പറയുന്നു. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പ്രതികരണങ്ങളില്‍ നിരാശയുണ്ടെന്നും പത്മപ്രിയ പറയുന്നുണ്ട്.
വളരെ കുറച്ച് പേര്‍ മാത്രമാണ് ഇപ്പോഴും ഇതേക്കുറിച്ച് വന്ന് ഗൗരവ്വമായി സംസാരിക്കുന്നത്. ഇന്‍ഡസ്ട്രിയിലെ അസോസിയേഷനുകള്‍ ഇപ്പോഴും ഡിനയലില്‍ ആണെന്ന് തോന്നുന്നു. വരുന്ന ആരോപണങ്ങള്‍ സത്യമാണോ നുണയാണോ എന്ന് ആലോചിച്ച് ഇരിക്കാതെ നമുക്ക് എങ്ങനെ മുന്നോട്ട് പോകാം, ഇതൊരു സിസ്റ്റമാറ്റിക് ഇഷ്യു ആണെന്ന് ആരും സംസാരിക്കുന്നില്ല. അതേസമയം ചിലര്‍ എനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്നും പത്മപ്രിയ പറയുന്നു.

ഇന്‍ഡസ്ട്രിയില്‍ ഇതൊരു ലൈംഗിക അതിക്രമം എന്ന നിലയില്‍ മാത്രമാണ് നോക്കിക്കാണുന്നത്. അത് മാത്രമായിരിക്കരുത് നമ്മുടെ ചര്‍ച്ചാ വിഷയം എന്നാണ് എന്റെ അഭിപ്രായം. അതിന് അപ്പുറത്തേക്ക് കടന്ന് ചിന്തിക്കണം. ഇവിടെ പവര്‍ ഹൈറാര്‍ക്കി ഉള്ളതിനാലാണ് ഈ അതിക്രമം നടക്കുന്നത്. അതില്ലാത്താക്കി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നൊരു ഇന്‍ഡസ്്ട്രിയാക്കി മാറ്റിയെടുക്കാനാകണം. അത്തരത്തിലുള്ള ചിന്തയാണ് വരേണ്ടത്. അതുണ്ടാകാത്തതിന് പിന്നിലെ കാരണം എന്താണെന്ന് അവരോട് തന്നെയാണ് ചോദിക്കേണ്ടതും എന്നും താരം പറയുന്നു.
ആ കാഴ്ചപ്പാട് മാറുന്നത് വരെ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രശ്‌നം ഉണ്ടെന്ന് ആദ്യം അംഗീകരിക്കണം. എന്നാലേ അത് പരിഹരിക്കാനുള്ള റോഡ് മാപ്പ് തയ്യാറാക്കാന്‍ പറ്റുകയുള്ളൂ എന്നും പത്മപ്രിയ വ്യക്തമാക്കി. പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചതിനെക്കുറിച്ചും പത്മപ്രിയ സംസാരിക്കുന്നുണ്ട്. ഇരുവരുടേയും പ്രതികരണങ്ങളില്‍ നിരാശ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
നിരാശ തോന്നുന്നുണ്ട്. അവര്‍ തിരുത്തുമെന്ന് കരുതുന്നു. അവര്‍ക്ക് അങ്ങനെയാണ് തോന്നുന്നതെങ്കില്‍ അവര്‍ കൂടുതല്‍ എഫേര്‍ട്ട് എടുക്കണം. കേരള സമൂഹം അവര്‍ക്ക് സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികപരമായും വലിയ സ്ഥാനം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോഴും അവര്‍ക്ക് അറിയില്ലെങ്കില്‍ ഇനിയെങ്കിലും മനസിലാക്കാന്‍ ശ്രമിക്കട്ടെ എന്നായിരുന്നു പത്മപ്രിയയുടെ പ്രതികരണം. അമ്മയിലെ കൂട്ടരാജി ഉത്തരവാദിത്തമില്ലായ്മയാണെന്നും അമ്മ തലയില്ലാത്ത സംഘടനയായെന്നും പത്മപ്രിയ പറയുന്നു.
കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. ഞെട്ടിപ്പോയി. രണ്ട് ദിവസം മുമ്പ് വരെ എക്‌സിക്യൂട്ടീവ് കമിറ്റിയിലെ ഒരു പ്രധാന അംഗവുമായി സംസാരിക്കുകയും ചെയ്തതാണ്. ധാര്‍മ്മിക ഉത്തരവാദിത്തം എന്നു പറഞ്ഞാണ് അവര്‍ രാജിവച്ചത്. പക്ഷെ എന്ത് ധാര്‍മ്മിക ഉത്തരവാദിത്തമാണ് അവര്‍ കാണിച്ചതെന്ന് അറിയില്ല. സ്ത്രീകള്‍ പ്രശ്‌നമുണ്ടെന്ന് പറയുമ്പോള്‍ അത് കേള്‍ക്കാന്‍ തയ്യാറാവുകയും തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചു എന്ന് പറഞ്ഞ ശേഷവുമാണ് രാജി വെച്ചിരുന്നത് എങ്കില്‍ അവരുടെ ധാര്‍മ്മികത അംഗീകരിപ്പെട്ടേനെ എന്നാണ് താരം പറയുന്നത്.
കൂട്ടരാജി ഉത്തരവാദിത്തമില്ലായ്മയാണ്. ഇപ്പോള്‍ അമ്മ തലയും നട്ടെല്ലുമില്ലാത്ത സംഘടനയാണ്. അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ എല്ലാവരോടും കാണിച്ച അനീതിയാണ്. ഞാന്‍ ഇപ്പോഴും സംഘടനയിലെ അംഗമാണ്. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി അംഗങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ അതിനുള്ള അന്തരീക്ഷം ഒരുക്കണം. വെറു വാക്കുകള്‍ പറഞ്ഞോ രാജി വച്ചോ പരിഹാരം കണ്ടെത്താനാകില്ലെന്നും പത്മപ്രിയ പറയുന്നു.

മാറ്റം സംഭവിക്കുക തന്നെ ചെയ്യും. ആ പ്രതീക്ഷ ഇപ്പോഴും കൈ വിട്ടിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് മൂന്ന് ആഴ്ചകളായി, ഇതിനോടകം തന്നെ മാറ്റമുണ്ടായിട്ടുണ്ട്. ഇനിയും ഡിനൈല്‍ കൊണ്ടോ, നിശബ്ദരായി കണ്ടു കൊണ്ടിരുന്നിട്ടോ കാര്യമില്ലെന്ന് ആളുകള്‍ക്ക് മനസിലായിട്ടുണ്ട്. സമയമെടുക്കും, പക്ഷെ മാറ്റം സംഭവിച്ചിരിക്കും. അത് അംഗീകരിച്ച് മുന്നോട്ട് പോവണം. ഡബ്ല്യുസിസി മാറ്റത്തിനുള്ള ശ്രമം തുടരുക തന്നെ ചെയ്യും എന്നും താരം പറയുന്നു. .
ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട് എന്നും പത്മപ്രിയ തുറന്നടിക്കുന്നു. പരാതി പറയാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് അത് പറയാനുള്ള ധൈര്യം ഉണ്ടാകണം. കൂടാതെ തനിക്ക് മലയാള സിനിമയില്‍ നിന്നുണ്ടായ ഒരു അനുഭവവും പത്മപ്രിയ പങ്കുവെച്ചു. 'എനിക്ക് 25 - 26 വയസ്സുള്ളപ്പോള്‍ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് ചോദിച്ചു. ഇത്രയും വയസ്സായില്ലേ പ്രായമായില്ലേ ഇനി നിര്‍ത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാട്' എന്നാണ് പത്മപ്രിയ പറയുന്നത്.


Click it and Unblock the Notifications











