അമ്മയുടെ സാന്നിധ്യം അനുഭവിക്കാറുണ്ട്, ജുനൈസിനോട് പറഞ്ഞിട്ടുണ്ട്; പണിയ്‌ക്കെതിരായ വിമര്‍ശനം വേദനിപ്പിച്ചു
ജോജു ജോര്‍ജ് സംവിധായകനായി അരങ്ങേറിയ ചിത്രമാണ് പണി. ജോജു തന്നെയാണ് ചിത്രത്തിലെ നായകനും. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ചിത്രത്തില്‍ കയ്യടി നേടിയത് വില്ലന്മാരായി അഭിനയിച്ച സാഗര്‍ സൂര്യയും ജുനൈസുമായിരുന്നു. ബിഗ് ബോസിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. ഓഫ് സ്‌ക്രീനിലെ അടുത്ത കൂട്ടുകാര്‍ ഓണ്‍ സ്‌ക്രീനിലും തങ്ങളുടെ കൂട്ടുകെട്ട് വിജയിപ്പിച്ചിരിക്കുകയാണ്.
ടെലിവിഷന്‍ താരമായ സാഗറും സോഷ്യല്‍ മീഡിയ താരമായ ജുനൈസും സുഹൃത്തുക്കളാകുന്നത് ബിഗ് ബോസിലൂടെയാണ്. തന്റെ അമ്മയെ നഷ്ടമായതിനെക്കുറിച്ച് ഷോയില്‍ വച്ച് സാഗര്‍ സൂര്യ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ തനിക്ക് വഴി കാട്ടിയായി അമ്മയുടെ സാന്നിധ്യം ഉണ്ടെന്നു പറയുകയാണ് സാഗര്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സാഗര്‍ മനസ് തുറന്നത്.

''അമ്മയുടെ പ്രസന്‍സ് എനിക്ക് ഭയങ്കരമായി ഫീല്‍ ചെയ്യുന്നുണ്ട്. എന്താണോ എനിക്ക് ജീവിതത്തില്‍ വേണ്ടത് അത് അമ്മ എനിക്ക് കൊണ്ടു തരുന്നത് പോലെയാണ് തോന്നുന്നത്. പലതും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ആക്ടിംഗിന്റെ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍ കഴിവുള്ള ഒരുപാട് പിള്ളേരെ ഞാനവിടെ കണ്ടിട്ടുണ്ട്. പക്ഷെ ഇതൊക്കെ അനുഗ്രഹമാണ്. നല്ല അവസരം കൃത്യമായ സമയത്ത് ലഭിക്കണം. കഴിവ് മാത്രം പോര, ലക്കും കൂടെ വേണം. ഇപ്പോള്‍ തന്നെ ഈ സിനിമ വരുന്നു, നല്ല കഥാപാത്രം കിട്ടി, എല്ലാവരും ചര്‍ച്ച ചെയ്യുന്നു ഇതൊക്കെ ഒത്തു വരുമ്പോള്‍ അമ്മയുടെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്.'' എന്നാണ് സാഗര്‍ പറയുന്നത്.
തന്റെ കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടമായതാണ് ജുനൈസിന്. അതേക്കുറിച്ച് ജുനൈസ് ബിഗ് ബോസില്‍ വച്ച് സംസാരിച്ചിട്ടുണ്ട്. ആ വേദനയാകാം തങ്ങളെ സുഹൃത്തുക്കളാക്കി മാറ്റിയതെന്ന് നേരത്തെ സാഗറും ജുനൈസും പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ചും അഭിമുഖത്തില്‍ സാഗര്‍ സംസാരിക്കുന്നുണ്ട്.
''അവനെ എനിക്ക് വ്യക്തിപരമായി അറിയാം. കുറേനാളായി കൂടെയുള്ളതാണ്. ഞാന്‍ അവനോട് തമാശയായി പറയാറുണ്ട്, നമ്മള്‍ വലിയ നല്ല പുള്ളികളൊന്നുമല്ല. നമ്മുടെ അമ്മമാരുടെ പ്രാര്‍ത്ഥന കൊണ്ടും അനുഗ്രഹം കൊണ്ടുമാകാം നമുക്ക് ഇതുപോലെ നല്ല വേഷം കിട്ടിയതെന്ന്. ഞാന്‍ അത് അവനോട് എപ്പോഴും പറയും, നമുക്ക് ആ അനുഗ്രഹമുണ്ടെന്ന്.'' എന്നാണ് സാഗര്‍ പറയുന്നുണ്ട്.
കയ്യടികള്‍ പോലെ തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു പണി എന്ന ചിത്രത്തിന്. അതിന് കാരണമായത് ചിത്രത്തിലെ രണ്ട് രംഗങ്ങളായിരുന്നു. ഇതേക്കുറിച്ചും സാഗര്‍ സംസാരിക്കുന്നുണ്ട്. ''തിരക്കഥ വായിക്കുമ്പോള്‍ ഈ രണ്ട് സീനുകള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. സിനിമയാണ്, പലതും ചെയ്യേണ്ടി വരും. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഞാനൊരു നാട്ടിന്‍പുറത്തുകാരനാണ്. അതിനാല്‍ മടിയുണ്ടായിരുന്നു.'' എന്നാണ് ചിത്രത്തിലെ ഇന്റിമേറ്റ് രംഗത്തെപ്പറ്റി സാഗര്‍ പറയുന്നത്.

പക്ഷെ ഡോണ്‍ സെബാസ്റ്റിയന്‍ എന്ന കഥാപാത്രം ഇങ്ങനെയാണ് എന്ന് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിന് ആ സീന്‍ വേണമായിരുന്നു. മറ്റൊരു ഓപ്ഷനില്ല. വെറുതെ ഒരു സീന്‍ കൊണ്ടു വച്ചതല്ല. സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും താരം പറയുന്നു. പിന്നാലെ വലിയ വിമര്‍ശനമുണ്ടാക്കിയ രംഗത്തെക്കുറിച്ചും സാഗര്‍ സംസാരിക്കുന്നുണ്ട്.
''അത് ഈ സിനിമയിലെ പ്രധാനപ്പെട്ടൊരു സീനാണ്. ആ സീനില്‍ നിന്നുമാണ് മുന്നോട്ട് പോകാനുള്ള ഡ്രൈവ് ഉണ്ടാകുന്നത്. ആ സീന്‍ വര്‍ക്ക് ആയില്ലെങ്കില്‍ സിനിമ നില്‍ക്കില്ല. അത് കാണുമ്പോള്‍ ജനങ്ങള്‍ക്ക് തോന്നണം ഇവന്മാര്‍ രണ്ടു പേരേയും എങ്ങനെയേലും പിടിക്കണം എന്ന്. കുറച്ച് സമയമെടുത്ത് എടുത്ത സീനായിരുന്നു. ആദ്യം വിമര്‍ശനങ്ങളുണ്ടായെങ്കിലും പിന്നീട് ഒടിടിയില്‍ വന്നപ്പോള്‍ ആ സീന്‍ ഓക്കെയാണെന്ന് അഭിപ്രായം വന്നു.'' എന്നാണ് സാഗര്‍ പറയുന്നത്.


Click it and Unblock the Notifications