ദുബായ് റൈറ്റ്‌സ് തന്നില്ലെങ്കില്‍ ഡബ്ബ് ചെയ്യില്ലെന്ന് ദിലീപ്; പ്രാകിയാണ് കൊടുത്തതെന്ന് നിര്‍മ്മാതാവ്
ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ് എസ് സി പിള്ള. പാസഞ്ചര്‍ എന്ന ദിലീപ് നായകനായ ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ സംഭവങ്ങളാണ് എസ് സി പിള്ള മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്. ചിത്രത്തിന്റെ ദുബായ് റൈറ്റ്‌സിന് വേണ്ടി ദിലീപ് ആവശ്യപ്പെട്ടുവെന്നും അത് നല്‍കാതെ ഡബ്ബ് ചെയ്യില്ലെന്ന് പറഞ്ഞുവെന്നുമാണ് എസ് സി പിള്ള പറയുന്നത്.
ദിലീപ് നായകനായ പാസഞ്ചര്‍ ജനശ്രദ്ധ നേടിയ ചിത്രമാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകളുടെ തുടക്കം എന്ന നിലയിലാണ് സിനിമാ പ്രേമികള്‍ പാസഞ്ചറിനെ കാണുന്നത്. തീയേറ്ററില്‍ വലിയൊരു വിജയമായി മാറിയില്ലെങ്കിലും നിരൂപക ശ്രദ്ധ നേടാനും പില്‍ക്കാലത്ത് കള്‍ട്ടായി മാറാനും പാസഞ്ചറിന് സാധിച്ചു.

ചിത്രത്തിന്റെ ദുബായ് റൈറ്റ്‌സിന് വേണ്ടി ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് എസ് സി പിള്ളയുടെ ആരോപണം. ''ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ മറ്റോ വാങ്ങിക്കഴിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ദുബായില്‍ നിന്നും സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ വിജി എന്നെ വിളിക്കുന്നത്. 21 ലക്ഷം രൂപാ തരാം ചിത്രത്തിന്റെ ദുബായ് റൈറ്റ് എനിക്ക് വേണമെന്ന് പറഞ്ഞു. ഞാന്‍ കുറച്ച് കൂടുതല്‍ ചോദിച്ചു. അത് പറ്റില്ല 21 തരാമെന്ന് പറഞ്ഞപ്പോള്‍ ശരി എടുത്തോ എന്ന് ഞാന്‍ പറഞ്ഞു. ഇക്കാര്യം കണ്‍ട്രോളര്‍ ദിലീപിനോടും പറഞ്ഞിരുന്നു'' പിള്ള പറയുന്നു.
''ദുബായ് റൈറ്റ് എനിക്ക് വേണമെന്ന് ദിലീപ് പറഞ്ഞു. കണ്‍ട്രോളര്‍ ഷൊര്‍ണൂര്‍ ആണ് ദിലീപിനോട് പറഞ്ഞത്. അത് കൊടുത്താലേ ഡബ്ബ് ചെയ്യൂവെന്ന് പറഞ്ഞു. ഒടുക്കം ഞാനും കണ്‍ട്രോളറും തമ്മില്‍ തര്‍ക്കമായി. പടം നടക്കണമോ ഇത്രയൊക്ക വന്നതല്ലേ എന്ന് കണ്‍ട്രോളര്‍ ചോദിച്ചു. അങ്ങനെ വിജിയ്ക്ക് കൊടുത്തത് മാറ്റി. ഒടുവില്‍ അവന് ഞാനത് കൊടുത്തു. മനസുകൊണ്ട് പ്രാകിയിട്ടാണ് കൊടുത്തത്'' എന്നാണ് എസ് സി പിള്ള പറയുന്നത്.
വേറേയും ഒരുപാട് ആരോപണങ്ങള്‍ ഇതേ അഭിമുഖത്തില്‍ എസ് സി പിള്ള ദിലീപിനെതിരെ ഉന്നയിക്കുന്നുണ്ട്. ദിലീപിന്റെ കാരവനാണ് വാടക കൊടുക്കണം. അതിന് ഡീസല്‍ അടിക്കുകയും വേണമെന്നാണ് അദ്ദേഹം പറയുന്നത്. വില കൂടിയ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്. വെറും നാല് സീന്‍ അഭിനയിക്കാന്‍ പത്തോളം പാന്റ് വാങ്ങിയിട്ടുണ്ട്. അത് അയാള്‍ കൊണ്ടു പോവുകയും ചെയ്തുവെന്നും അദ്ദേഹം ആറോപിക്കുന്നത്.

താരങ്ങള്‍ വിലകൂടിയ സാധനങ്ങള്‍ മാത്രമേ അഭിനയിക്കാന്‍ ഉപയോഗിക്കുകയുള്ളൂ. എന്നാല്‍ അതൊന്നും തിരിച്ചു കിട്ടത്തുമില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു. ദിലീപ് തന്നോട് ചില്ലറക്കാശിന് വാശി പിടിച്ചെന്നും നിര്‍മ്മാതാവ് പറയുന്നു. 'പാസഞ്ചര്‍ സിനിമയ്ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ നടന്നപ്പോള്‍ ഷൊര്‍ണുരിലെ ദിലീപിന്റെ രണ്ടു വീട് കൊണ്ടുപോയി കാണിച്ചു. ഒരു വീട് നിറയെ കോസ്റ്യൂംസ് ആണ്. കോസ്റ്യൂംസ് ഹൗസ്. ഓരോ പടത്തിലെ വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വെക്കുന്നത് ഒക്കെ അവിടെയാണ്' എന്നും എസ് സി പിള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്.
അതേസമയം, ബാന്ദ്രയാണ് ദിലീപിന്റെ പുതിയ സിനിമ. ദിലീപിന്റെ തിരിച്ചുവരവായിരിക്കും ബാന്ദ്ര എന്നാണ് ആരാധകരുടെ പ്രതീക്ഷ. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. അരുണ്‍ ഗോപിയുടേതാണ് സംവിധാനം. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരുന്നു. ദിലീപ് ഇതുവരെ കാണാത്തെ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്. കേശു ഈ വീടിന്റെ നാഥന്‍ ആയിരുന്നു ദിലീപ് അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. എന്നാല്‍ ഈ ചിത്രം അമ്പേ പരാജയപ്പെടുകയായിരുന്നു.


Click it and Unblock the Notifications