താരങ്ങൾ ഒന്നുമല്ല സംവിധായകരാണ് പാരവെച്ചത്; അതുകൊണ്ടല്ലേ മമ്മൂക്കയും മോഹൻലാലും ഇപ്പോൾ ചേർത്തുപിടിച്ചത്: വിനയൻ
മലയാളത്തിന് നിരവധി പരീക്ഷണ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. 1999 പുറത്തിറങ്ങിയ ആകാശ ഗംഗയും 2005 ൽ പുറത്തിറങ്ങിയ അത്ഭുത ദ്വീപുമൊക്കെ വിനയൻ മലയാള സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകളാണ്. ഇപ്പോഴിതാ പത്തൊമ്പതാം നൂറ്റാണ്ട് എന്ന പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് വിനയൻ.
മലയാള സിനിമയിലെ തന്റെ സഹപ്രവർത്തകരിൽ നിന്ന് തന്നെ നിരവധി പ്രതിസന്ധികൾ വിനയന് നേരിടേണ്ടി വന്നിട്ടുണ്ട്. പല വിവാദങ്ങളിലും പെട്ടിട്ടുള്ള വിനയന് മലയാള സിനിമയിൽ നിന്ന് വിലക്കുകളും നേരിട്ടു. അതിനെയെല്ലാം മറികടന്നാണ് വിനയൻ പത്തൊമ്പതാം നൂറ്റാണ്ടുമായി എത്തിയത്. ചിത്രൻ വമ്പൻ വിജയമായതോടെ വിനയന് അഭിനന്ദന പ്രവാഹമാണ്.

ചിത്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ധാരാളം അഭിമുഖങ്ങളാണ് വിനയൻ നൽകുന്നത്. സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കുവച്ച് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ താൻ സിനിമാ മേഖലയിൽ നിന്ന് നേരിട്ട എതിർപ്പുകളെ കുറിച്ച് മനസ് തുറന്നത്. താൻ ശരിയാണെന്ന് തനിക്ക് ഉറപ്പുണ്ടെങ്കിൽ ആയിരം പേർ തെറ്റാണെന്ന് പറഞ്ഞാൽ ഒറ്റയ്ക്ക് നിന്ന് ഞാൻ ആണ് ശരിയെന്ന് പറയണം എന്നാണ് വിനയൻ പറയുന്നത്.
തനിക്ക് എതിരെ പാരപണിതത് സംവിധാന രംഗത്ത് ഉള്ളവരാണെന്ന് വിനയൻ പറയുന്നു. 'താരങ്ങൾ ഒന്നുമല്ല ചില സംവിധാന സുഹൃത്തുക്കൾ മാത്രമായിരുന്നു ഈ പിന്നാമ്പുറങ്ങളിൽ പാരവെപ്പിന്റെ ആളുകൾ. അവരുടെ കൂടെ നിന്ന് പോയവരാണ് മലയാള സിനിമയിലെ പലരും. നമ്മൾ വർത്തമാനം പറയാനും മറ്റുള്ളവരെ ഇഞ്ചക്ക്റ്റ് ചെയ്ത് ധരിപ്പിക്കാനും കഴിവുള്ളവരാണെങ്കിൽ, പ്രത്യേകിച്ച് നടന്മാരോടും നടിമാരോടുമൊക്കെ ചെന്ന് പറയുകയാണ്, അയാൾ കംസനാണ്, കൃഷ്ണന്മാരെയൊക്കെ കൊന്നു തള്ളുകയാണെന്ന്, അവർ വീണു പോകും.'

'കാരണം ഇത് പറയുന്നത് അവർ ചേർത്തു നിർത്തുന്ന സംവിധായകരും എഴുത്തുകാരും ഒക്കെയാണല്ലോ. അതുകൊണ്ടാണ് ഈ പറയുന്ന മമ്മൂക്കയും ലാലുമൊക്കെ നിശബ്ദരായി നിന്ന് കൊടുത്തത് എന്നെനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് ഞാൻ സുപ്രീം കോടതി വരെ പോയതും. മമ്മൂക്ക ജനറൽ ബോഡിയിൽ എന്നെ മാറ്റി നിർത്തിയത് ശരിയയിലെന്ന് പറയുകയും ഇപ്പോൾ ചേർത്തുപിടിക്കുകയും ചെയ്തത്. അതൊക്കെ പലരാലും തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നതിന്റെ ഒരു സിഗ്നൽ അല്ലേ.'

'എന്തിനാണ് നമ്മൾ ഇത്ര വൈരാഗ്യം കാണിക്കുന്നത്. ഞാൻ എന്തെങ്കിലും ആർക്കെങ്കിലും മോശമായി ചെയ്തോ. ഒരു നിലപാട് എടുത്തതിന് ഒരാളെ വെച്ചേക്കില്ല എന്നൊക്കെ പറഞ്ഞാൽ അതൊക്കെ മോശമല്ലേ. നാളെ മരിച്ചു പോയാൽ നരകത്തിൽ വച്ച് കാണുമ്പോഴെങ്കിലും ഹായ് സുഖമാണോ എന്ന് ചോദിക്കണ്ടെട്ടെ. പലരും എന്റൊപ്പം നിന്ന് ഞാൻ വളർത്തിയെടുത്തവർ ഒക്കെയാണ്. എനിക്ക് ആരോടും വൈരാഗ്യമില്ല. അതൊക്കെ ഞാൻ വിട്ടു.' വിനയൻ പറഞ്ഞു.
പിരിഡ് ഡ്രാമയായിട്ടാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുക്കിയിരിക്കുന്നത്. വിനയന്‍ തന്നെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പേര് പോലെ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ ചരിത്ര സംഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. സിജു വില്‍സനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ എട്ടിന് തിയേറ്ററുകളിൽ എത്തിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.


Click it and Unblock the Notifications