'അതെ ഞാൻ ഗർഭിണിയാണ്! മൂന്ന് മാസമായി; റെസ്റ്റിലായിരുന്നു, ഇപ്പോഴാണ് എല്ലാം നോർമലായത്': പേളി മാണി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇരുവരും ബിഗ് ബോസ് ഹൗസിൽ വച്ചാണ് കണ്ടുമുട്ടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാത്ഥികളായിരുന്നു ഇരുവരും. ഹൗസിനുള്ളിൽ വച്ച് ഇരുവരും പ്രണയത്തിലായി. തുടർന്ന് ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ നൂറ് ദിവസങ്ങൾക്ക് അപ്പുറം പോകില്ലെന്ന് പലരും വിധിയെഴുതിയ പ്രണയം ഇന്ന് മൂന്നാം വർഷത്തിലേക്ക് എത്തി നിൽക്കുകയാണ്.
ഓരോ ദിനം കഴിയും തോറും ഇവരുടെ പ്രണയം കൂടുന്നതാണ് പ്രേക്ഷകർക്ക് കാണുന്നത്. പലരും മാതൃകയാക്കുന്ന ദമ്പതികളാണ് പേളിയും ശ്രീനിഷും. മകൾ നിലയ്‌ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരങ്ങൾ. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന പേളിയും ശ്രീനിയും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർ കേൾക്കാൻ കാത്തിരുന്ന ഒരു സന്തോഷ വാർത്ത ഇരുവരും പങ്കുവച്ചിരിക്കുകയാണ്.

ആരാധകരുടെ ഏറെ നാളത്തെ സംശയങ്ങൾ ശരിവച്ചു കൊണ്ട് താൻ ഗർഭിണിയാണെന്ന് അറിയിച്ചിരിക്കുകയാണ് പേളി. യൂട്യൂബ് ചാനലിൽ പങ്കുവച്ച രസകരമായ വീഡിയോയിലൂടെയാണ് താൻ ഗർഭിണിയാണെന്ന വിവരം പേളി വെളിപ്പെടുത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ മൂന്നുമാസം ഗർഭിണിയാണെന്ന് പേളി പറഞ്ഞു. ശ്രീനിഷും നിലയും വീഡിയോയിൽ പേളിക്ക് ഒപ്പമുണ്ടായിരുന്നു.
'ഞങ്ങൾ രണ്ടുപേരും വളരെ ഹാപ്പിയാണ്. കുറെ നാളുകളായി ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ്. അതെ ഞാൻ ഗർഭിണിയാണ്. മൂന്ന് മാസമായി. അതുകൊണ്ടാണ് അധികം വീഡിയോകൾ ഒന്നും ഇടാതിരുന്നത്. ഇനി കുറച്ചുകൂടെ റെഗുലറായി വീഡിയോകൾ ഇടുന്നതാണ്. ആദ്യത്തെ കുറച്ചുനാൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ഫുൾ റെസ്റ്റായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്ക് വേണം. ഒരുപാട് നന്ദി', പേളി വീഡിയോയിൽ പറഞ്ഞു.
ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പേളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധനേടുന്നുണ്ട്. "ലെ നില: അമ്മേടെ വയറ്റിലു കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിൽ ദോശ. ഈ മനോഹരമായ വാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾ ബേബി നമ്പർ 2നെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം." എന്നാണ് കുറിച്ചിരിക്കുന്നത്.
അടുത്ത കാലത്തായി പേളി പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടിയാണ് പേളി ഗർഭിണിയാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. പേളിയുടെ വസ്ത്രധാരണ രീതിയും മറ്റും കണ്ട് പേളി ഗർഭിണി ആണെന്ന് പലരും ഉറപ്പിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആരാധകർ ചോദ്യവുമായി എത്തിയപ്പോൾ 'ഗർഭിണി ആണെങ്കിൽ താൻ നിങ്ങളെ അറിയിക്കും' എന്നായിരുന്നു പേളി നൽകിയ മറുപടി.

"വെൽ.. ഇപ്പോൾ ഞാൻ ഗർഭിണി ആണെങ്കിൽ ഉറപ്പായും ഞാൻ പങ്കിടും. അല്പം ക്ഷമ കാണിക്കൂ", എന്നാണ് പേളി കുറിച്ചത്. കണ്ണുകൾ അടച്ചുള്ള ഇമോജി പങ്കിട്ടുകൊണ്ടായിരുന്നു മറുപടി. അതിനു പിന്നാലെയാണ് ഇപ്പോൾ ഗർഭിണി ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പേളിയുടെ സഹോദരി റേച്ചല്‍ രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് പേളിയുടെ കാര്യവും ചർച്ചയായത്.
റേച്ചലിന് ഒരു മകനുണ്ട്. ഏകദേശം അടുത്തടുത്തായാണ് പേളിയും റേച്ചലും അമ്മമാരായത്. സോഷ്യല്‍ മീഡിയയിലൂടെ പേളിയുടെ സഹോദരി റേച്ചലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. റേച്ചലും ഭർത്താവ് റൂബനും പേളി പങ്കിടുന്ന വീഡിയോകളിലും ഇവരുണ്ടാവാറുണ്ട്. 2019 മെയിലാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. 2021 മാർച്ചിലായിരുന്നു നിലയുടെ ജനനം.


Click it and Unblock the Notifications











