'ഇപ്പോഴേ അവൻ എന്നോട് കണക്ടഡായതായി തോന്നുന്നു'; റേച്ചലിന്റെ കുഞ്ഞിനെ താലോലിച്ച് പേളി; ചിത്രം വൈറൽ
തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ പേളി മാണി. മൂത്തമകൾ നിലയെ ഗർഭിണി ആയത് മുതലാണ് പേളി സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെ സജീവ സാന്നിധ്യമാകുന്നത്. തങ്ങളുടെ എല്ലാ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവച്ചെത്താറുണ്ട്. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുമ്പോഴും പേളി ആ പതിവിൽ മാറ്റം വരുത്തിയിട്ടില്ല. ഇടയ്ക്കിടയ്ക്ക് ഓരോ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.
അതിനിടയിലാണ് കഴിഞ്ഞ ദിവസം പേളിയുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയത്. പേളിയുടെ സഹോദരി റേച്ചൽ മാണിക്കും ഭർത്താവ് റൂബനും വീണ്ടും ഒരു കുഞ്ഞ് കൂടി പിറന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു റേച്ചലും റൂബനും. മൂത്തമകൻ റെയ്ന് ഒരു വയസ് തികഞ്ഞപ്പോഴാണ് തങ്ങൾക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാൻ പോവുകയാണെന്ന സന്തോഷം റേച്ചലും റൂബനും പങ്കുവെച്ചത്.

തുടർന്ന് ബേബി ഷവർ അടക്കമുള്ള വിശേഷങ്ങൾ റേച്ചലും പേളിയുമെല്ലാം പങ്കുവയ്ക്കുകയുണ്ടായി. ഇതെല്ലാം വൈറലായിരുന്നു. ഒടുവിൽ രണ്ടു ദിവസം മുൻപാണ് ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്. കയ് റൂബന്‍ ബിജോയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. റേച്ചലാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. ആശുപത്രിയിൽ നിന്നും കുഞ്ഞിനൊപ്പമുള്ള ചിത്രവും റേച്ചൽ പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ പേളിയും ശ്രീനിഷുമെല്ലാം സ്നേഹം പങ്കുവച്ച് എത്തി. കുടുംബത്തിലേക്ക് കയ്നെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു പേളിയുടെ കമന്റ്.
ഇപ്പോഴിതാ കയ്‌നൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് പേളി. 'എന്റെ കുഞ്ഞ് 'കയ്' ബേബിക്കൊപ്പം... ഈ ചിത്രത്തിൽ അവന് രണ്ട് ദിവസമേ പ്രായമുള്ളൂ... എന്റെ കൈകളിൽ ഒരു കുഞ്ഞ് അത്ഭുതത്തെയാണ് ഞാൻ പിടിച്ചിരിക്കുന്നത്... എങ്ങനെയോ അവൻ എന്നോട് ഇതിനകം കണക്ടഡായത് പോലെ എനിക്ക് തോന്നുന്നു... അവൻ ചെറിയ നോട്ടങ്ങളും ഉറക്കത്തിൽ മനോഹരമായ അവന്റെ ചെറു പുഞ്ചിരികളും എനിക്ക് തന്നു... ഈ കൊച്ചു മാലാഖ ഞങ്ങളെ ഇത്രയും കാലം കാത്തിരുത്തുകയായിരുന്നു. ആകാംക്ഷയോടെ ഞങ്ങൾ കാത്തിരുന്നു'
'നിങ്ങളെല്ലാം അവനെ അനുഗ്രഹിക്കണം. റേച്ചലിനും റോബനും ദൈവം സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ഞാനും വളരെ സന്തോഷവതിയാണ്, എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു', എന്ന് കുറിച്ചുകൊണ്ടാണ് പേളി കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 'നിലു ബേബിയും രണ്ടു സഹോദരന്മാരും വരാനിരിക്കുന്ന ആളും കൂടിയാകുമ്പോൾ അവർ അടിപൊളി ടീമാകും' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിലുവിന്റെ ബ്രോ ടീമാണ് എന്ന് പറഞ്ഞ് നിരവധി കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

പേളിയും ഇപ്പോൾ നാല് മാസം ഗർഭിണിയാണ്. ഒരു മാസം മുമ്പാണ് താൻ വീണ്ടും ഗർഭിണിയാണെന്ന വിവരം പേളി സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. താൻ പ്രാർത്ഥിച്ച് ആഗ്രഹിച്ച് കിട്ടിയ കുഞ്ഞാണ് എന്നാണ് രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷം പങ്കിട്ട് പേളി പറഞ്ഞത്. നിലയ്ക്ക് ഇപ്പോൾ രണ്ടുവയസാണ്. വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് പേളിയും ശ്രീനിഷും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ വെച്ച് പ്രണയത്തിലായ ഇരുവരും 2019 മെയ് 5 നാണ് വിവാഹിതരായത്. ആദ്യം ക്രിസ്ത്യന്‍ മതാചാര പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവുമായിരുന്നു ഇവരുടെ വിവാഹം. 2021 മാര്‍ച്ച് 20 നാണ് നില എത്തിയത്.


Click it and Unblock the Notifications