വിശ്വസിച്ചതിന് നന്ദിയെന്ന് പേളി; അസൂയ മൂത്ത ആളുകൾ തകർക്കാൻ നോക്കും, നിങ്ങളെ ഞങ്ങൾക്ക് അറിയാമെന്ന് ആരാധകർ!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി പേളി മാണി. അഭിനേത്രി, അവതാരക, വ്‌ളോഗര്‍, മോഡൽ എന്നിങ്ങനെ കൈവച്ച എല്ലാത്തിലും പേളി തിളങ്ങിയിട്ടുണ്ട്. ടെലിവിഷൻ അവതാരക എന്ന നിലയിലാണ് പേളി കരിയർ ആരംഭിക്കുന്നത്. തുടർന്നാണ് സിനിമയിലെത്തുന്നത്. ഡി 4 ഡാൻസ്, നായികാ നായകൻ തുടങ്ങിയ ഹിറ്റ് റിയാലിറ്റി ഷോകളിൽ അവതാരകയായിരുന്നു പേളി. അതോടെയാണ് താരം ശ്രദ്ധനേടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായും പേളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി.
ആദ്യ സീസണിൽ ഫസ്റ്റ് റണ്ണറപ്പായ പേളിക്ക് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ബിഗ് ബോസ് പേളിയുടെ ജീവിതത്തിലെ തന്നെ വഴിത്തിരിവായി. ബിഗ് ബോസ് ഹൗസിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും പ്രണയത്തിലാകുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ഹൗസിലെ നൂറ് ദിവസങ്ങൾ കഴിയുമ്പോൾ പേളി-ശ്രീനിഷ് പ്രണയവും ഇല്ലാതെയാകുമെന്നാണ് പലരും കരുതി. എന്നാൽ ഷോ കഴിഞ്ഞ് പുറത്തെത്തി അധികം വൈകാതെ തന്നെ ഇവർ വിവാഹിതരായി.

ഇപ്പോൾ മകൾ നിലയ്‌ക്കൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ് പേളിയും ശ്രീനിഷും. വിശേഷങ്ങളെല്ലാം ഇവർ സോഷ്യൽമീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തം വിശേഷങ്ങൾക്ക് പുറമെ താരങ്ങളുമായുള്ള അഭിമുഖങ്ങളും പേളി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ നിന്നും ടെലിവിഷനിൽ നിന്നെല്ലാം മാറി പൂർണമായും യൂട്യൂബ് കണ്ടന്റ് മേക്കിങ്ങിലേക്ക് തിരിഞ്ഞിരിക്കുകയാണ് പേളിയിപ്പോൾ. ശ്രീനിഷും ഒപ്പമുണ്ട്.
ഏകദേശം 2.6 മില്യൺ സബ്സ്ക്രൈബർസാണ് പേളിക്ക് യൂട്യൂബിൽ മാത്രമുള്ളത്. പേളി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം പലപ്പോഴും ട്രെൻഡിങ്ങിൽ വരാറുണ്ട്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട യൂട്യൂബർമാരിലൊരാളാണ് പേളി ഇന്ന്. അതിനിടെ കഴിഞ്ഞദിവസം താരത്തെ സംബന്ധിക്കുന്ന ഒരു വാർത്താ പുറത്തുവന്നിരുന്നു. പേളിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തുന്നു എന്നായിരുന്നു വാർത്ത. വരുമാനത്തിന് അനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നുണ്ടോ എന്നറിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
അതിനു പിന്നാലെ പേളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 'എല്ലാം നന്നായിരിക്കുന്നു... എപ്പോഴും എന്നിൽ വിശ്വസിച്ചതിന് നന്ദി.. എല്ലാവർക്കും സമാധാനം സ്നേഹം ഒപ്പം സംഗീതവും ആശംസിക്കുന്നു..' എന്നാണ് പേളി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്. നിരവധിപേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഞങ്ങൾക്ക് അല്ലെങ്കിലും നിങ്ങളെ വിശ്വാസമാണ്. എല്ലാം ശരിയാകും എന്നൊക്കെയാണ് കമന്റുകൾ.

'അസൂയ മൂത്ത കുറച്ചാളുകൾ തകർക്കാൻ നോക്കും തളരരുത്. സ്ട്രോങ്ങ് ആയി തന്നെ നിൽക്കണം. ഞങ്ങൾക്ക് അറിയാം പേളിയെ, സന്തോഷമായിരിക്കൂ. ദൈവത്തിന്റെ അനുഗ്രഹമുള്ള മാലാഖയാണ് പേളി. ദൈവം കൂടെയുണ്ട്', എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. പേളിയടക്കം കേരളത്തിലെ പതിമൂന്ന് പ്രമുഖ യൂട്യൂബർമാരുടെ വീട്ടിലും ഓഫീസിലുമായാണ് ആദായ നികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്. നികുതി അടക്കാത്തവരെ കൊണ്ട് പിഴ അടപ്പിച്ചു എന്ന റിപ്പോർട്ടുകളുണ്ട്.
ബിഗ് ബോസിന് ശേഷമാണ് പേളി യൂട്യൂബിൽ സജീവമാകുന്നത്. കോവിഡ് സമയത്താണ് താരത്തിന്റെ വീഡിയോകൾ ശ്രദ്ധിക്കപ്പെടുന്നത്. നിലയെ ഗർഭിണി ആയിരിക്കുമ്പോൾ മുതൽ ഓരോ വിശേഷങ്ങളും പേളി ചാനലിൽ പങ്കുവച്ചിരുന്നു. ഇപ്പോഴും നിലയുടെ എല്ലാ വിശേഷങ്ങളും പേളി പങ്കുവയ്ക്കാറുണ്ട്. അതേസമയം പേളി വീണ്ടും ഗർഭിണിയാണോ എന്ന സംശയത്തിലാണ് ആരാധകർ. പേളിയുടെ പുതിയ വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ ഈ സംശയമുന്നയിച്ച് ആരാധകർ എത്തുന്നുണ്ട്. എന്നാൽ പേളി ഇതിനോട് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications