റാം ജി റാവു സ്പീക്കിങിനെ സൂപ്പർ ഹിറ്റാക്കിയ മൂങ്ങ; ആ അന്ധവിശ്വാസം പൊളിഞ്ഞതിനെ കുറിച്ച് മുകേഷ്
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ മുകേഷ്. നായകനായും സഹനടനായുമെല്ലാം ഒരു കാലത്ത് തിളങ്ങി നിന്ന അദ്ദേഹം ഇന്നും അഭിനയത്തിൽ സജീവമാണ്. അഭിനയത്തിലെന്നത് പോലെ കഥകൾ പറയുന്ന കാര്യത്തിലും മുകേഷ് ബഹുകേമനാണ്. ഇപ്പോഴിതാ മലയാള സിനിമയിൽ ഒരുകാലത്ത് നിലനിന്നിരുന്ന ഒരു അന്ധവിശ്വാസത്തെ കുറിച്ചുള്ള മുകേഷിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
റാം ജി റാവു സ്പീക്കിങ് എന്ന സിനിമയിലെ ഷൂട്ടിനിടെ ഫ്രേയിമിലേക്ക് പറന്നു കയറിയ മൂങ്ങ മലയാള സിനിമയുടെ ഭാഗ്യ പക്ഷിയായതും പിന്നീട് ആ അന്ധവിശ്വാസം മാറിയതിനെ കുറിച്ചുമാണ് മുകേഷ് സംസാരിക്കുന്നത്. പുതിയ ചിത്രമായ ഫിലിപ്സിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുകേഷ്.

'റാം ജീ റാവു സ്പീക്കിങ് എന്ന സിനിമയുടെ ഷൂട്ടിംഗ് ഉദയ സ്റ്റുഡിയോയിൽ നടക്കുന്നതിനിടെ ഷോട്ടിനകത്ത് ഒരു മൂങ്ങ വന്നുകയറി. സിദ്ദിഖിനും ലാലിനും കട്ട് പറഞ്ഞ് മൂങ്ങയെ ഓടിച്ചിട്ട് ചെയ്യണമെന്നൊക്കെ ഉണ്ട്. പക്ഷെ മൂങ്ങ ഒരു ശല്യവും ഇല്ലാതെ ആ ഫ്രേമിൽ ഒരിടത്ത് ഇരുന്നു. ആ ഷോട്ട് അങ്ങനെ പൂർത്തിയാക്കി. അയ്യോ മൂങ്ങ വന്നിരുന്നല്ലോ എന്ന രീതിയിൽ അവിടെ ചർച്ചയായി. പ്രകൃതിയല്ലേ, ഒരു മൂങ്ങ വന്ന് ഫ്രേമിൽ ഇരുന്നെങ്കിൽ ഇപ്പോഴെന്താണ്. ഡയലോഗ് എല്ലാം ക്ലിയർ അല്ലേ, ഇനി ഇപ്പോൾ വീണ്ടും എടുക്കണ്ട എന്ന രീതിയിൽ അത് വിട്ടു,'
'പടം റിലീസ് ചെയ്തു. ഓണത്തിന് മുൻപ് രണ്ടാഴ്ച കളിച്ചിട്ട് വലിയ പടങ്ങൾ വരുമ്പോൾ മാറിക്കൊടുക്കാം എന്ന കരാറിലാണ് റാം ജീ റാവു സ്പീക്കിങ് തിയേറ്ററുകളിലേക്ക് വന്നത്. എന്നാൽ പടം ഹിറ്റായി. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. പല തിയേറ്ററുകളിലും കരാറൊക്കെ മാറ്റി ഓണത്തിന് ഇറങ്ങിയ പടങ്ങൾക്ക് പകരം വീണ്ടും റിലീസ് ചെയ്ത്, ഇരുനൂറ് ദിവസം വരെയൊക്കെ ഓടി. ആദ്യ ഷോട്ടിൽ മൂങ്ങ വന്നിരുന്നത് ഭാഗമായി അതാണ് സിനിമ ഹിറ്റായത് എന്ന ചിന്തയായി എല്ലാവർക്കും,'
'പിന്നീട് മൂങ്ങയ്ക്ക് വേണ്ടിയുള്ള ഒട്ടമായിരുന്നു എല്ലാ സിനിമയിലും.വെറുതെ ആദ്യ ഷോട്ടിൽ മൂങ്ങയെ പറത്തി വിടുക ഒരു ആചാരമായി മാറി. മൂങ്ങ വരാൻ വൈകിയത് കൊണ്ട് ഒരു സിനിമയുടെ ഷൂട്ടിംഗ് മാറ്റിവയ്ക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ മലയാള സിനിമയിൽ മൂങ്ങ ഒന്ന് കളിച്ചു,' മുകേഷ് പറഞ്ഞു. പിന്നീട് ഈ അന്ധവിശ്വാസം മാറിയത് എങ്ങനെയാണെന്നും മുകേഷ് വെളിപ്പെടുത്തി.

'ഇൻ ഹരിഹർ നഗറിന്റെ ആദ്യ ദിവസം ഒരു സംഭവുണ്ടായി. ആലുവയ്ക്ക് അടുത്തായിരുന്നു അതിന്റെ ഷൂട്ടിംഗ്. ഞങ്ങൾ എല്ലാവരും കൂടി ഒരു അംബാസഡർ കാറിൽ പോകുന്നതിനിടെ ഒരു വളവ് വളഞ്ഞതും ഒരു സാധനം മുന്നിൽ വന്നിടിച്ചു. ഒരു മൂങ്ങ ആയിരുന്നു. മൂങ്ങയെ ദിവ്യമായ ഒന്നായി കാണുന്ന സമയത്ത് മൂങ്ങയെ വണ്ടി ഇടിച്ച് കൊന്നിരിക്കുകയാണ്. എല്ലാവർക്കും ഒരു മൂകത വന്നു. ഡ്രൈവറിന്റെ അടുത്തൊക്കെ ഓരോരുത്തർ ചൂടാകാൻ തുടങ്ങി,'
'മൂങ്ങയെ ഒരു ഭാഗ്യപക്ഷിയായി കാണുന്ന സമയത്ത് അതിനെ ഇങ്ങനെ വണ്ടിയിടിച്ചു കൊന്നാൽ ഈ സിനിമയുടെ ഗതി എന്താകും എന്നൊക്കെ ഞാൻ ചോദിച്ചു, പതിയെ എല്ലാവരെയും ഇളക്കി. എല്ലാവർക്കും വിഷമവും ഉണ്ടായിരുന്നു. എന്നാൽ ഇൻ ഹരിഹർ നഗർ സൂപ്പർ ഹിറ്റായപ്പോഴാണ്, കഥയും സിനിമയും അഭിനയവുമാണ് മൂങ്ങയല്ല സിനിമയെ ജയിപ്പിക്കുന്നതെന്ന് മനസിലായി. അതോടെ മൂങ്ങ മലയാള സിനിമയിൽ നിന്നും ഔട്ടായി,' മുകേഷ് ഓർമിച്ചു.


Click it and Unblock the Notifications