വർഷങ്ങൾക്കു മുന്നേ നടന്നത് ഇപ്പോഴല്ല തുറന്നു പറയേണ്ടത്; കുറ്റം തെളിഞ്ഞാൽ ചെരുപ്പൂരി അടിക്കും: പൊന്നമ്മ ബാബു
അമ്മ സംഘടനയിൽ നടത്തിയ പൊളിച്ചടുക്കൽ ഏറെ വിവാദങ്ങളിലേക്ക് നയിച്ചു. അമ്മയിലെ അംഗങ്ങൾ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒളിച്ചോടുന്നു എന്നാണ് പലരും പറഞ്ഞു പരത്തിയത്. മാത്രമല്ല ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പലരും തങ്ങൾ രാജി വെച്ചിട്ടില്ലെന്ന രീതിയിൽ ശബ്ദം ഉയർത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമക്കും അമ്മ സംഘടനക്കും ക്ഷീണം ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് നടി പൊന്നമ്മ ബാബു കൗമുദി മൂവീസിലൂടെ സംസാരിക്കുന്നു.
"അമ്മയിലെ കൂട്ടരാജി നടത്തിയതോടെ താരങ്ങളെല്ലാം രണ്ട് തട്ടിലായെന്ന് മാധ്യമങ്ങൾ പറയുന്നതാണ്. ഞങ്ങളെല്ലാവരും ഇപ്പോഴും ഒരു കുടുംബമായിട്ടാണ് ഇടപഴകുന്നത്. കൂട്ടരാജിക്ക് കാരണം അത്രയും സമ്മർദ്ദം ലാലേട്ടന് നേരിടേണ്ടി വന്നതു കൊണ്ടാണ്. അത് ചെറിയ കാര്യമല്ല. അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്തോടൊന്നും മോഹമില്ല. എന്നാൽ എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങേണ്ടി വന്നതാണ്. അമ്മ എന്ന സംഘടനയെ കുറിച്ച് പൊതു സമൂഹത്തിന് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ട്. അതെല്ലാം തെറ്റാണ്.

സ്ത്രീകൾക്ക് സംസാരിക്കാൻ അമ്മ എപ്പോഴും ഒരു ഇടം നൽകാറുണ്ട്. ആർക്കും അവിടെ വന്ന് സംസാരിക്കാം. ഒരിക്കൽ പാർവതി തിരവോത്ത് അമ്മയിൽ ഉള്ള സമയത്ത് ബാത്റൂം സൗകര്യത്തെ കുറിച്ച് ചില കാര്യങ്ങൾ ഉന്നയിച്ചിരുന്നു. നായികമാർക്ക് അല്ലാതെ മറ്റു ആർട്ടിസ്റ്റുകൾക്ക് കാരവാനിൽ ബാത്റൂം ഉപയോഗിക്കാൻ സാധിക്കണമെന്ന ആവശ്യമായിരുന്നു അത്. പാർവതി സംസാരിച്ചപ്പോൾ എനിക്കൊരുപാട് അഭിമാനം തോന്നി. ഞാൻ പോലും അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല." പൊന്നമ്മ ബാബു പറയുന്നു.
അമ്മ സംഘടന ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. പലർക്കും പലതും അറിയില്ല. അമ്മയെ നയിക്കാൻ മോഹൻലാലിന് താത്പര്യമില്ലായിരുന്നു. എന്നാൽ ഭൂരിഭാഗത്തിന്റെ തീരുമാനത്തെ മാനിച്ചാണ് അദ്ദേഹം ആ പദവിയിലെത്തിയത്. പക്ഷേ ഒരു പ്രശ്നം വരുമ്പോഴേക്കും എല്ലാവരുടേയും കൂട്ട വിചാരണയിൽ അകപ്പെടുന്നത് ഒന്നുമറിയാത്ത മോഹൻലാലും മമ്മൂട്ടിയുമാണെന്ന് പൊന്നമ്മ ബാബു പറയുന്നു.
"ഞങ്ങൾ എല്ലാവരും അതിജീവിതക്കൊപ്പം തന്നെയാണ്. ഈ ആരോപണ വിധേയരായവർ തെറ്റുകാരെന്ന് തെളിവു സഹിതം തെളിയിക്കണം. അന്ന് ഞങ്ങൾ തന്നെ അവരെ ചെരുപ്പൂരി അടിക്കും. എന്നാൽ കുറ്റാരോപിതരെ മനപ്പൂർവം തകർക്കാൻ വേണ്ടി ഇല്ലാത്ത ആരോപണങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അതിനും ശിക്ഷ കൊടുക്കണം. മോശക്കാരാക്കി ചിത്രീകരിച്ചിട്ട് അവസാനം അവർ തെറ്റുകാരല്ലെന്ന് തെളിഞ്ഞാൽ അപ്പോഴേക്കും അവരുടെ കരിയർ വരെ നശിച്ചിട്ടുണ്ടാവും.

പത്തും ഇരുപതും വർഷം മുന്നേ നടന്ന കാര്യങ്ങൾ ഇപ്പോഴല്ല മുന്നോട്ട് വന്ന് പറയേണ്ടത്. അതെല്ലാം അപ്പോൾ മറുപടി കൊടുക്കണം. ഒരു പെണ്ണ് നോ എന്ന് പറയുന്നിടത്ത് അവിടെ എല്ലാം അവസാനിക്കും. മറ്റൊരു മേഖലയിലും അച്ഛനും അമ്മയേയും കൂടെ കൊണ്ട് വന്ന് ജോലി ചെയ്യാൻ സാധിക്കില്ല. എന്നാൽ സിനിമയിൽ അത് സാധിക്കും. അത്രയും സുരക്ഷിതത്വം സിനിമാ മേഖലയിലൂടെ ലഭിക്കുന്നുണ്ട്. അതിനാൽ ഇനി സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾ അച്ഛനും അമ്മക്കുമൊപ്പം മാത്രം അഭിനയിക്കാൻ എത്തുക.
സിനിമയിൽ എത്തുന്നതിനു മുന്നേ നല്ല വിദ്യാഭ്യാസം നേടുക. സിനിമയിൽ നിന്ന് മോശം അനുഭവം നേരിട്ടാൽ ഇവിടം ഉപേക്ഷിച്ചിട്ട് മറ്റൊരു ജോലി കണ്ടെത്തുക. ആരോപണ വിധേയരായവർ ഇപ്പോൾ മക്കളും കൊച്ചു മക്കളുമായി ജീവിക്കുന്നവരാണ്. വർഷങ്ങൾക്കു മുന്നേ നടന്നു എന്നു പറയുന്ന സംഭവങ്ങളാണ് ഇപ്പോൾ വന്ന് തുറന്ന് പറയുന്നത്. ഇതെല്ലാം ശരിയാണെങ്കിൽ അനുയോജ്യമായ ശിക്ഷ ലഭിക്കട്ടെ." പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications