നാൽപത് പിന്നിട്ടപ്പോഴാണ് ഞാൻ എന്നെ മനസിലാക്കാൻ ശ്രമിക്കുന്നത്; ആസ്വദിക്കാനുള്ള സമയം തീർന്നിട്ടില്ല: പൂർണിമ
നടി, അവതാരക, ഫാഷൻ ഡിസൈനർ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് പൂർണിമ ഇന്ദ്രജിത്തിന്. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി നടി എന്ന വിശേഷണത്തിൽ നിന്നും അകന്നു നിന്നിരുന്ന പൂർണിമ ഇപ്പോഴിതാ ആ പേരിൽ ഇന്ത്യയൊട്ടാകെ ചർച്ചയാവുകയാണ്. പാൻ ഇന്ത്യൻ സീരീസിന്റെ ഭാഗമായി തിളങ്ങി നിൽക്കുകയാണ് മലയാളികളുടെ പ്രിയ നായിക.
നടൻ ഇന്ദ്രജിത്ത് സുകുമാരനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് പൂര്‍ണിമ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തതോടെ പൂര്‍ണമായും കുടുംബിനിയായി മാറി. മക്കള്‍ വളര്‍ന്നത്തോടെ ടെലിവിഷൻ അവതാരകയായി പൂർണിമ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. അതിനിടെ പ്രാണ എന്ന വസ്ത്രവ്യാപാര ബ്രാൻഡിലൂടെ ഫാഷൻ ഡിസൈനറുമായ മാറി. അതിനു ശേഷമാണ് ഇപ്പോൾ താരം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുന്നത്.

2019ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം വൈറസിലൂടെ ആയിരുന്നു പൂർണിമയുടെ തിരിച്ചുവരവ്. പിന്നെ കൊബാൾട്ട് ബ്ലൂ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ച താരം രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് കയ്യടി നേടിയിരുന്നു. അതിന് പിന്നെയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന കാലാപാനി എന്ന വെബ് സീരീസിലെ മികച്ച പ്രകടനത്തിലൂടെ രാജ്യാന്തര തലത്തിൽ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നത്.
അതിനിടെ ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെ കുറിച്ചും പുതിയ ഈ യാത്രയെ കുറിച്ചുമൊക്കെ മനസു തുറക്കുകയാണ് പൂർണിമ. ഇന്ന് ഒരു മിനിറ്റ് പോലും വെറുതെയിരിക്കാൻ തനിക്ക് കഴിയില്ലെന്നും നാൽപത് കഴിഞ്ഞപ്പോഴാണ് താൻ സ്വയം മനസിലാക്കാൻ തുടങ്ങിയതെന്നും പൂർണിമ ഇന്ദ്രജിത്ത് പറയുന്നു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൂർണിമ ഇന്ദ്രജിത്ത്.
നടി, ഡിസൈനർ, റിയാലിറ്റി ഷോ ജഡ്‌ജ്, അമ്മ, ഭാര്യ, മകൾ അങ്ങനെ ഒരുപാട് റോളുകളിലൂടെ ഏറെ ഇഷ്ടപ്പെട്ടുള്ള യാത്രയാണ് ഒരോ ദിവസവും. എല്ലാം പെർഫക്റ്റല്ല. പലതിലും പരാജയങ്ങൾ നേരിടും. പക്ഷേ വീണ്ടും ശ്രമിക്കും. ഒരു മിനിറ്റു പോലും വെറുതേയിരിക്കാൻ കഴിയില്ല. മൾട്ടിടാസ്കിങ്ങാണ് താനെന്ന് പൂർണിമ പറയുന്നു.
'ആഗ്രഹങ്ങളെ, എന്റെ സ്വത്വത്തെ കൂടുതൽ അടുത്തറിയാനും, മനസ്സിലാക്കാനും ശ്രമിക്കുന്നത് ഞാൻ 40 വയസ്സു പിന്നിട്ടതിനു ശേഷമാണ്. ഇന്ന് വയസ്സൊരു പരിമിതിയല്ല. എത്ര വയസ്സായാലും നമുക്ക് ആഗ്രഹങ്ങൾക്കായി പരിശ്രമിക്കാൻ പറ്റും. അനുഭവങ്ങൾ അറിവാകുന്ന ഈ പ്രായത്തിൽ സ്ത്രീകൾക്കുള്ളിലെ ശക്തി വിചാരിക്കുന്നതിലും വലുതാണ്. ചെറുപ്രായത്തിൽ പലതും സാഹചര്യങ്ങൾ കൊണ്ടു സാധിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇനിയും പറ്റുമെന്ന് വിശ്വസിക്കുക. ആസ്വദിക്കാനുള്ള സമയം തീർന്നിട്ടില്ല,' പൂർണിമ പറഞ്ഞു.

ഏറെനാളത്തെ തന്റെ സ്വപ്‌നത്തിലേക്കുള്ള അവസാനഘട്ടത്തിലാണ് താനെന്നും നടി പറഞ്ഞു. പ്രാണാ ഒരു ബ്രൈഡൽ അല്ലെങ്കിൽ ഫെസ്റ്റീവ് ബ്രാൻഡായിട്ടാണു ഇതുവരെ നിലനിന്നിരുന്നത്. എന്നാൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായൊരു റെഡി ടു വെയർ ഇ-കൊമേഴ്സ് ബ്രാൻഡ് ഉടൻ തുടങ്ങാനുള്ള പ്രവർത്തനങ്ങളിലാണ് താനെന്നും പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞു.
അതേ സമയം കൂടുതൽ സിനിമകളിലൂടെ മലയാള സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് പൂർണിമ. കിസ്മത്ത്, തൊട്ടപ്പൻ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ഷാനവാസ് എൻ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൂർണിമ അഭിനയിക്കുന്നത്. ചിത്രത്തിൽ ഒരു തമിഴ് കഥാപത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും പൂർണിമ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications