'കേശു അമ്മാവന്‍ എന്നും ദേവു അമ്മായി എന്നും കളിയാക്കിയിട്ടുണ്ട്, മക്കളേ മാപ്പ്'; വൈറലായൊരു കുറിപ്പ്
പുതുതലമുറ നടത്തുന്ന അക്രമങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഈ സാഹചര്യത്തില്‍ താരങ്ങളായ അല്‍സാബിത്തിനേയും ദേവനന്ദയേയും കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇരുവരേയും തന്ത വൈബെന്നും തള്ള വൈബെന്നും വിളിച്ച് കളിയാക്കിയതിന് മാപ്പ് ചോദിക്കുകയാണ് കുറിപ്പ്. മോളിവുഡ് കണക്ട് എന്ന പേജില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇപ്പോള്‍ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
വൈറലാകുന്ന കുറിപ്പ്:
ആദ്യമായി ഈ രണ്ടു പേരോടും ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. ഇവരെ രണ്ടുപേരെയും ട്രോളി കൊണ്ട് ഈ പേജില്‍ തന്നെ ഞങ്ങള്‍ ഒരുപാട് പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്ത വൈബ് എന്നും തള്ള വൈബ് എന്നും പറഞ്ഞു കളിയാക്കിയിട്ടുണ്ട്. പ്രായത്തില്‍ പെന്‍ഷന്‍ പറ്റിയവര്‍ എന്നു പറഞ്ഞു ട്രോളിയിട്ടുണ്ട്. കേശു അമ്മാവന്‍ എന്നും ദേവു അമ്മായി എന്നും വിളിച്ചു ഞങ്ങള്‍ പരിഹസിച്ചിട്ടുണ്ട്. പക്ഷേ മക്കളെ, എല്ലാത്തിനും മാപ്പ്.

ശരിക്കും ഇവരെ ഇവരുടെ മാതാപിതാക്കള്‍ വളര്‍ത്തിയത് പോലെ വേണം എല്ലാ മാതാപിതാക്കളും അവരുടെ മക്കളെ വളര്‍ത്താന്‍. ചെറുപ്പം മുതല്‍ തന്നെ എങ്ങനെ സംസാരിക്കണം, എങ്ങനെ മറ്റുള്ളവരോട് പെരുമാറണം, എത്തരത്തില്‍ മറ്റുള്ളവരെ ബഹുമാനിക്കണം എന്നൊക്കെ ഇവര്‍ക്ക് നന്നായി അറിയാം. ഇതൊന്നും അറിയാതെ തോന്നിയത് പോലെ വളരാന്‍ അവസരം ലഭിക്കുന്നത് കൊണ്ടാണ് ഇന്നത്തെ തലമുറ നശിച്ചു പോകുന്നത്.
മൂത്തവരോടും സമൂഹത്തിനോടും ഒരു ബഹുമാനവും ഇന്നത്തെ തലമുറ വച്ചുപുലര്‍ത്തുന്നില്ല. അതിനുള്ള പ്രധാനകാരണം മാതാപിതാക്കള്‍ ഇന്നത്തെ കുട്ടികളെ കയര്‍ ഊരി വിട്ടതുപോലെ വളര്‍ത്തുന്നത് കൊണ്ടാണ്. വെഞ്ഞാറമൂട് സംഭവത്തില്‍ തന്നെ ഇത്രയും വലിയ ക്രൂരതകള്‍ ചെയ്തിട്ടും അവന്റെ ഉമ്മ കട്ടിലില്‍ നിന്നും വീണു പരിക്കുപറ്റിയതാണ് എന്നാണ് പോലീസുകാരോട് പറഞ്ഞത്. ഇതില്‍ നിന്നുതന്നെ മനസ്സിലായില്ലേ ആ വീട്ടുകാര്‍ എത്ര കൊഞ്ചിച്ചും ലാളിച്ചും അവനെ വഷളാക്കിയിട്ടുണ്ട് എന്ന്!
ചെറിയ പ്രായത്തില്‍ തന്നെ വീട്ടിലെ പ്രശ്‌നങ്ങളും ബാധ്യതകളും ബുദ്ധിമുട്ടുകളും എല്ലാം കുട്ടികളെ അറിയിച്ചു വളര്‍ത്തണം. ചെറിയ പ്രായത്തില്‍ തന്നെ വീട്ടിലെ കടവും തീര്‍ത്തു ഇന്ന് തന്റെ കുടുംബത്തിലെ മുതിര്‍ന്നവരെ മുഴുവന്‍ പൊന്നുപോലെ നോക്കുന്ന വ്യക്തിയാണ് കേശു അഥവാ അല്‍സാബിത്ത്. കൊച്ചു പയ്യന്‍ ആണ് അവന്‍. അവന്റെ വിവേകവും കാര്യപ്രാപ്തിയും പോലും ഇന്നത്തെ 25 വയസ്സുകാര്‍ക്ക് പോലുമില്ല. അതിനുള്ള പ്രധാനകാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പച്ച മലയാളത്തില്‍ പറഞ്ഞാല്‍ വളര്‍ത്തുദോഷം തന്നെ.
ചെറിയ പ്രായത്തില്‍ തന്നെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ എല്ലാം കേശു മനസ്സിലാക്കി. സീരിയലില്‍ അഭിനയിച്ചു കിട്ടുന്ന പണം എല്ലാം അവന്‍ കുടുംബത്തിനുവേണ്ടി ചെലവഴിച്ചു. ഇപ്പോള്‍ അവര്‍ക്ക് ബാധ്യതകള്‍ ഒന്നുമില്ല, വേണമെങ്കില്‍ മറ്റുള്ള ചെറുപ്പക്കാരെ പോലെ അവനും അടിച്ചുപൊളിച്ചു ജീവിക്കാം. ഈ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ ചെയ്യുന്നതുപോലെയുള്ള എല്ലാ തോന്നിവാസങ്ങളും വേണമെങ്കില്‍ കേശുവിനും ചെയ്യാനുള്ള അവസരം ഇന്നുണ്ട്, ആരും ചോദിക്കാന്‍ വരില്ല, കാരണം അവന്‍ സ്വന്തം ഉണ്ടാക്കിയ പണമാണ്. പക്ഷേ അങ്ങനെയാണോ കേശു ജീവിക്കുന്നത്?

സ്വന്തം കുടുംബത്തെ പൊന്നുപോലെ നോക്കുന്നു എന്നു മാത്രമല്ല മറ്റുള്ളവരെയും വലിയ ബഹുമാനത്തോടെ മാത്രമാണ് കേശു കാണുന്നത്. മാധ്യമപ്രവര്‍ത്തകരോട്, 'നിങ്ങളെല്ലാവരും ചായ കുടിച്ചോ?' എന്നൊക്കെ ചോദിക്കുന്നത് അവന്റെ മര്യാദ കൊണ്ടാണ്, അല്ലാതെ തന്ത വൈബ് ആയതുകൊണ്ടല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
അതുപോലെ തന്നെ ദേവനന്ദ, അടുത്തിടെ ഒരു പരിപാടിക്ക് വിളക്ക് കൊളുത്തുവാന്‍ വേണ്ടി എഴുന്നേറ്റ സമയത്ത് കാലിലെ ചെരുപ്പ് ഊരി വയ്ക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. അതില്‍ നിന്നും മാത്രം മനസ്സിലാക്കിയെടുക്കാം ഈ കുട്ടിയെ എങ്ങനെയാണ് അവരുടെ വീട്ടുകാര്‍ വളര്‍ത്തുന്നത് എന്ന്. ഒരുപക്ഷേ എല്ലാ കുട്ടികളെയും ഇതുപോലെയാണ് മാതാപിതാക്കള്‍ വളര്‍ത്തുന്നത് എങ്കില്‍, എത്ര വയലന്‍സ് നിറഞ്ഞ സിനിമകള്‍ അവര്‍ ഭാവിയില്‍ കണ്ടാലും അതൊന്നും തന്നെ അവരെ സ്വാധീനിക്കുകയില്ല.
ലഹരി പോലെയുള്ള സാധനങ്ങള്‍ ഉപയോഗിക്കുവാനുള്ള എത്ര അവസരം വന്നാലും, അവര്‍ സധൈര്യം അതിനോട് നോ പറയും. കയ്യില്‍ എത്ര പണം വന്നാലും, അത് നല്ല രീതിയില്‍ ചെലവഴിക്കാനും, നല്ല രീതിയില്‍ സേവ് ചെയ്യുവാനും അവര്‍ പഠിക്കും. പക്ഷേ അതിനെല്ലാം, നല്ല പാരന്റിങ് ആവശ്യമാണ്.


Click it and Unblock the Notifications