അപ്പു എനിക്ക് ഫാമിലി തന്നെ, പക്ഷെ അതൊരിക്കലും പ്രണയമല്ല; കമന്റുകളോട് കല്യാണി പ്രിയദര്‍ശന്‍
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദര്‍ശന്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തി കല്യാണിയ്ക്ക് അധികം വൈകാതെ സ്വന്തമായൊരു ഇടം കണ്ടെത്താനായി. ഇതിനോടം തന്നെ ഒരുപിടി ഹിറ്റുകള്‍ സമ്മാനിക്കാന്‍ കല്യാണിയ്ക്ക് സാധിച്ചിട്ടുണ്ട്. ഹൃദയം, തല്ലുമാല, ബ്രോ ഡാഡി, വരനെ ആവശ്യമുണ്ട്, മാനാട്, തുടങ്ങിയ വലിയ ഹിറ്റുകളിലെ നായികയായി കയ്യടി നേടാന്‍ കല്യാണിയ്ക്കായി.
ഹൃദയത്തില്‍ കല്യാണിയുടെ നായകനായി എത്തിയത് പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു. ഓഫ് സ്‌ക്രീനില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും സൗഹൃദം മക്കളിലേക്കും എത്തുകയായിരുന്നു. അതേസമയം കല്യാണിയും പ്രണവും തമ്മില്‍ പ്രണയത്തിലാണെന്നൊക്കെ ഒരിടയ്ക്ക് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ പിന്നീട് കെട്ടടങ്ങുകയും ചെയ്തു.

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറക്കുകയാണ് കല്യാണി. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കാനിരിക്കുകയാണ് ഇരുവരും. ഈ സാഹചര്യത്തിലാണ് തന്റെ കൂട്ടുകാരനെക്കുറിച്ച് കല്യാണി മനസ് തുറക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രണവിനെക്കുറിച്ച് സംസാരിക്കുന്നത്. ഹൃദയത്തിന്റെ അനുഭവങ്ങളാണ് താരം പങ്കുവെക്കുന്നത്.
ഹൃദയത്തിലെ കോട്ടഗുഡിയിലെ ലൊക്കേഷനിലേക്ക് കൊച്ചിയില്‍ നിന്നും എല്ലാവരും കൂടി ബസിലാണുപോകുന്നത്. താമസിക്കാന്‍ സ്വന്തം ടെന്റുമായാണ് അപ്പു വന്നതു തന്നെ. നേരം പുലരും മുമ്പേ ഉണരണം. പിന്നെ നാലഞ്ചു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റം ഞങ്ങള്‍ ഇരുന്നും കിടന്നുമൊക്കെ കയറി എത്തുമ്പോഴേക്കും അപ്പു അവിടെയെത്തി സെറ്റ് ആയിട്ടുണ്ടാകുമെന്നാണ് കല്യാണി പറയുന്നത്.
അപ്പുവിനെ പോലെ യാത്ര ചെയ്യാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഒട്ടും തയ്യാറെടുക്കാതെ അവനു യാത്ര പോകാന്‍ കഴിയുമെന്നാണ് കല്യാണി പറയുന്നത്. വഴിയില്‍ നിന്നു കിട്ടുന്ന സൗകര്യങ്ങള്‍ മതി അവന്. ഞാന്‍ അതിന് നേര്‍വിപരീതമാണ്. എല്ലാം ചിട്ടയായി പ്ലാന്‍ ചെയ്‌തേ വീട്ടില്‍ നിന്നിറങ്ങൂ. പോകേണ്ട സ്ഥലങ്ങളും ചെലവഴിക്കേണ്ട സമയവും താമസിക്കേണ്ട സ്ഥലവുമൊക്കെ ചാര്‍ട്ട് ചെയ്തിട്ടുണ്ടാകുമെന്നും താരം പറയുന്നു. അതേസമയം, ഈയ്യിടെ സിംഗപ്പൂര്‍ ട്രിപ്പിനിടെ അപ്രതീക്ഷിതമായി അപ്പുവിനെ കണ്ടു. അന്നെടുത്ത ചിത്രവും വൈറലായെന്നും കല്യാണി പറയുന്നു.
അതേസമയം ആ ചിത്രത്തിന്റെ കമന്റ് ബോക്‌സ് നിറയെ ഇരുവരേയും പ്രണയിതാക്കള്‍ ആക്കാനും കല്യാണം കഴിപ്പിക്കാനുമൊക്കെയായി തിരക്കുകൂട്ടുന്ന ആരാധകരുടെ ബഹളമായിരുന്നു. അതേക്കുറിച്ചും കല്യാണി സംസാരിക്കുന്നുണ്ട്. പ്രണവ് തനിക്ക് ഫാമിലിയാണെന്നാണ് കല്യാണി പറയുന്നത്.
''കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐവി ശശി അങ്കിളിന്റേയും ലാലങ്കിളിന്റേയും സുരേഷ് അങ്കിളിന്റേയും കുടുംബങ്ങളുമായിട്ടായിരുന്നുഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. ഏതെങ്കിലും സിനിമയുടെ സെറ്റിലായിരിക്കും അതെന്ന് മാത്രം. അപ്പുവും അനിയും കീര്‍ത്തിയും ചന്തുവുമാണ് എന്റെ ടീം'' കല്യാണി പറയുന്നു.

''എനിക്ക് അപ്പു ഫാമിലി തന്നെയാണ്. പക്ഷെ അതൊരിക്കലും പ്രണയമല്ല. സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. വീട്ടിലെ ആല്‍ബങ്ങളില്‍ ചന്തുവിനൊപ്പമുള്ളതിനെക്കാള്‍ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്നേ'' എന്നും കല്യാണി പറയുന്നു.
തന്റെ കല്യാണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കല്യാണി പങ്കുവെക്കുന്നുണ്ട്. കല്യാണത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. അത്തരം കാര്യങ്ങളിലൊന്നും അച്ഛനും അമ്മയും എന്നെ നിര്‍ബന്ധിക്കാറുമില്ലെന്നാണ് കല്യാണി പറയുന്നത്. പിന്നെ വിവാഹ സങ്കല്‍പ്പം എന്താണെന്നു വേണമെങ്കില്‍ പറയാം. വരനെ ആവശ്യമുണ്ടിലെ ബിബീഷിന്റെ വ്യക്തിത്വവും ഹൃദയത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും ബ്രോ ഡാഡിയിലെ ഈശോയുടെ ആത്മവിശ്വാസവും തല്ലുമാലയിലെ വസീമിന്റെ സ്വാഗും ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ. എങ്കില്‍ കെട്ടാന്‍ ദേ റെഡി എന്നാണ് കല്യാണിയുടെ പക്ഷം.


Click it and Unblock the Notifications











