'ഇത് അങ്ങനെ ഒരുത്തൻ! വേഗം ലൊക്കേഷനിൽ എത്താൻ നോക്കൂ, ആ സിനിമയൊന്ന് പൂർത്തിയാക്കൂ...'; പ്രണവിനോട് ആരാധകർ
മലയാള സിനിമയിലെ മറ്റു താരപുത്രന്മാരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് പ്രണവ് മോഹന്‍ലാല്‍. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ മകനാണെങ്കിലും സിനിമയ്ക്ക് അകത്തും പുറത്തും അത് നൽകുന്ന പ്രിവിലേജുകളിൽ നിന്നൊക്കെ മാറി നിൽക്കാനാണ് പ്രണവ് ശ്രമിക്കാറുള്ളത്. താര ജീവിതത്തോട് താൽപര്യമില്ലാത്ത നടൻ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും അതിനു പുറത്താണ് പ്രണവിന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും.
യാത്രകളാണ് താരപുത്രന് ഏറ്റവും പ്രിയപ്പെട്ട കാര്യം. മറ്റെല്ലാവരും സിനിമകള്‍ക്ക് വേണ്ടി യാത്ര ചെയ്യുമ്പോള്‍ പ്രണവ് തന്റെ യാത്രകള്‍ക്കുള്ള പണം സ്വരൂപിക്കാനായിട്ടാണ് സിനിമ ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കഴിഞ്ഞ വർഷം ആദ്യമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. അതിനുപിന്നാലെ ഒരു വർഷം നീണ്ടു നിൽക്കുന്ന യാത്ര പോയ പ്രണവ് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരിച്ചെത്തിയത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ആ യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രണവ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ പഴയ ഓർമ്മകൾ പങ്കുവെയ്ക്കുന്ന പതിവും നടനുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തന്റെ ചില യാത്ര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രണവ്. യാത്രകള്‍ക്കിടയില്‍ കണ്ട ചില കാഴ്ചകളും, തന്റെ ഒരു ചിത്രവുമാണ് പ്രണവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
ഹൃദയം സിനിമയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രണവ് തന്റെ യാത്രകള്‍ അവസാനിപ്പിച്ച് ഇതുവരെ ലൊക്കേഷനില്‍ എത്തിയില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. 'തിരിച്ചുവന്നിരുന്നെങ്കിൽ നമുക്ക് ആ പടം തുടങ്ങാമായിരുന്നു. നിങ്ങൾ നായകനാവുന്ന വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഷൂട്ട് തുടങ്ങിയതായി കേട്ടു, വല്ലതും അറിഞ്ഞിരുന്നോ', എന്നൊക്കെയാണ് കമന്റുകൾ.
'ഇത് അങ്ങനെ ഒരുത്തൻ, മകനേ നീയാണ് യഥാര്‍ത്ഥ ചാര്‍ലി. പുലിക്കാട്ടില്‍ ചാര്‍ലിയുടെ (നാട്ടുരജാവ് സിനിമയിലെ മോഹന്‍ലാല്‍) മകന്‍ ചാര്‍ലി' എന്ന് പറഞ്ഞും ചിലർ കമന്റ് ചെയ്‌തിട്ടുണ്ട്. സിനിമയില്‍ എവിടെയും സ്ഥിരമായി നില്‍ക്കാത്ത പാറി പറന്നു നടക്കുന്ന ചാര്‍ലി ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കാം, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ചാര്‍ലി പ്രണവ് മോഹന്‍ലാല്‍ തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു. 'മകനേ മടങ്ങി വരൂ, ദയവ് ചെയ്ത് ലൊക്കേഷനിലേക്ക് തിരിച്ചെത്തൂ, ആ സിനിമയുടെ ചിത്രീകരണം ഒന്ന് പൂര്‍ത്തിയാക്കൂ' എന്നൊക്കെയാണ് ചിലർ കുറിക്കുന്നത്.

ജൂലൈയിൽ ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായാണ് വിവരം. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന താരങ്ങൾ. വിനീത് ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിക്കുന്നത്. ഹൃദയത്തിന്റെ നിർമാതാവും ഇദ്ദേഹം ആയിരുന്നു.
വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. 2024 വിഷുവിനോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. അതേസമയം പ്രണവ് നായകനാകുന്ന നാലാമത്തെ സിനിമയാണ് ഇത്. ബാലതാരമായി അഭിനയിച്ച് സംസ്ഥാന പുരസ്‌കാരമടക്കം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും നായകനായി പ്രണവ് അരങ്ങേറ്റം കുറിക്കുന്നത് 2018 ല്‍ ആദി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം തുടങ്ങിയ സിനിമകളിലും നായകനായി. അതിനിടെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications