50 ലക്ഷം രൂപയുടെ പ്ലാസ്റ്റിക് സർജറി ചെയ്തോ? ഡിപ്രഷനിലാണെന്ന് പറഞ്ഞപ്പോൾ വന്ന കമന്റുകൾ!, അനശ്വര പറയുന്നു
ബാലതാരമായി സിനിമയിലെത്തി വളരെ ചെറിയ കാലം കൊണ്ട് തന്നെ നായിക നടിയായി മാറിയ താരമാണ് അനശ്വര രാജൻ. മലയാളത്തിലെ യുവ നടിമാരിലെ ശ്രദ്ധേയ താരമാണ് അനശ്വര ഇന്ന്. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇതിനകം ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്.
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ആയിരുന്നു അനശ്വരയുടെ സിനിമ അരങ്ങേറ്റം. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ, വാങ്ക്, സൂപ്പർ ശരണ്യ, മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വര നായിക നടിയായി മാറുകയായിരുന്നു. ഇതിനിടെ തമിഴിലേക്കും ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് അനശ്വര. ബാംഗ്ലൂർ ഡെയ്‌സിന്റെ ഹിന്ദി പതിപ്പിലൂടെയാണ് അനശ്വരയുടെ ബോളിവുഡ് അരങ്ങേറ്റം.

അതേസമയം, മലയാളത്തിൽ പ്രണയ വിലാസം എന്ന ചിത്രമാണ് അനശ്വരയുടേതായി റിലീസിന് ഒരുങ്ങുന്നത്. അർജുൻ അശോകൻ നായകനാവുന്ന ചിത്രം ഫെബ്രുവരി 24 നാണ് തിയേറ്ററുകളിൽ എത്തുക. അനാശ്വരയ്ക്ക് പുറമെ മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മമിത ബൈജുവും അനശ്വര രാജനും ഇപ്പോൾ.
അടുത്ത സുഹൃത്തുക്കളായ ഇരുവരും മിക്ക അഭിമുഖങ്ങളിലും ഒരുമിച്ചാണ് എത്തുന്നത്. തങ്ങൾക്കിടയിൽ സൗഹൃദത്തെ കുറിച്ചൊക്കെ ഇരുവരും പല അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരെ വന്നിട്ടുള്ള വാർത്തകളെ കുറിച്ചും ഗോസ്സിപ്പുകളെ കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത്. ഫില്മിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

തന്നെ കുറിച്ച് അധികം ഗോസിപ്പുകള്‍ ഒന്നും വന്നിട്ടില്ല എന്നാണ് മമിത പറയുന്നത്. എന്നാല്‍ സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം താൻ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും, മമിത അഭിനയം നിര്‍ത്തി എന്നൊക്കെ ചിലര്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് നടി പറഞ്ഞു.
എന്നാൽ അതിനൊരു കാരണവും ഉണ്ടായിരുന്നു. സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം ഞാന്‍ ഒരു തമിഴ് സിനിമ കമ്മിറ്റ് ചെയ്തിരുന്നു. എന്റെ ആറ് മാസത്തെ ഡേറ്റും നല്‍കി. സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തതിന് ശേഷം പിന്നീട് അതില്‍ നിന്നും പിന്മാറേണ്ട ഒരു സാഹചര്യം വന്നു. ആ കാലയളവില്‍ മറ്റ് സിനിമകളും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

അതുകൊണ്ടാണ് മലയാളത്തില്‍ ചെറിയ ഗ്യാപ് വന്നത്. ആ സിനിമ പുറത്തിറങ്ങിയതും ഇല്ല, ഇതിനിടെ പുതിയ സിനിമള്‍ ഒന്നും ചെയ്യാനും സാധിച്ചില്ല. അത് കാരണമാണ് താൻ സിനിമ തന്നെ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നതെന്ന് മമിത പറഞ്ഞു.

എന്നാൽ തന്നെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വന്നിട്ടുണ്ടെന്ന് അനശ്വര പറഞ്ഞു. താൻ അന്‍പത് ലക്ഷം രൂപ മുടക്കി പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തു എന്ന് വരെ വന്നുവെന്ന് ചിരിച്ചുകൊണ്ട് താരം പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ തന്നെ പല തരത്തില്‍ ബാധിച്ചിട്ടുണ്ടെന്നും, ഈ വിമര്‍ശിക്കുന്നവര്‍ ഒന്നും മറ്റുള്ളവരുടെ മാനസിക അവസ്ഥയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാറില്ലെന്നും അനശ്വര പറയുന്നു.

മാനസിക ആരോഗ്യത്തെ കുറിച്ചുള്ള വലിയ ധാരണകളൊന്നും സോഷ്യല്‍ മീഡിയ ജീവികള്‍ക്ക് ഇല്ല. കാണുന്നതിനോട് എല്ലാം അവർ പ്രതികരിക്കുന്നു എന്നതിനപ്പുറം അത് എന്താണ് കാര്യമെന്നൊന്നും മനസ്സിലാക്കുന്നില്ല.
അടുത്തിടെ ഞാന്‍ ഡിപ്രഷനിലായി എന്ന് പറഞ്ഞപ്പോള്‍ അതിന് എന്റെ കുടുംബത്തെ പഴിച്ചവരുണ്ട്. നിനക്കൊക്കെ എന്തിന് ഡിപ്രഷന്‍ എന്നായിരുന്നു ചിലരുടെ ചോദ്യം. അതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം ചോദ്യങ്ങൾക്കൊക്കെ കാരണമെന്നും അനശ്വര പറഞ്ഞു.


Click it and Unblock the Notifications